ADVERTISEMENT

കണ്ണൂർ∙ ഒരു കോടി രൂപ ചെലവിട്ട് സംരക്ഷണ പദ്ധതി നടപ്പാക്കിയ കോർപറേഷൻ അധികൃതരേ, കാണുന്നുണ്ടോ കക്കാട് പുഴയുടെ ദുരിതയാത്ര? 3 വർഷം മുൻപ് നടത്തിയ പുഴ സംരക്ഷണത്തിന് ശേഷം തുടർ നടപടി ഇല്ലാതായതോടെ കക്കാട് പുഴ മാലിന്യവാഹിനിയായി ഇന്ന്. മാലിന്യം ചാക്കുകളിലാക്കി തള്ളാനുള്ള ഇടമായിയെന്നതാണ് ദുരന്തം.  പുഴ കയ്യേറ്റവും കോർപറേഷൻ കണ്ട മട്ടില്ല. ഒരു കോടി രൂപ വെള്ളത്തിലായത് മിച്ചം. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്ന് പ്രത്യേക ഉദ്ദേശക ഫണ്ടായി ലഭിച്ച തുക ഉപയോഗിച്ചായിരുന്നു കക്കാട് പുഴ നവീകരണം കോർപറേഷൻ കൊട്ടിഘോഷിച്ച് നടത്തിയത്. 12,000 ക്യുബിക് മീറ്റർ ചളി പുഴയിൽ നിന്ന് നീക്കം ചെയ്തെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. 

പുഴയുടെ രോദനം 
കക്കാട് പുഴയിൽ മാലിന്യം തള്ളൽ രൂക്ഷമായതോടെ അപൂർവം പക്ഷികളുടെയും സസ്യജാലങ്ങളുടെയും നാശത്തിനു കൂടി ഇത് വഴി തെളിയിക്കുകയാണ്. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും പുഴയിലും പുഴയോരത്തും മാലിന്യം ചാക്കുകളിലാക്കി തള്ളുന്ന സാഹചര്യം. വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളലെന്ന് നാട്ടുകാർ പറയുന്നു. പുഴയിലെത്തുന്ന അപൂർവ പക്ഷികൾ പ്ലാസ്റ്റിക്കുകളിൽ കുടുങ്ങി ചത്തുപോകുന്ന സ്ഥിതിയുമുണ്ട്.

വിവിധ മത്സ്യങ്ങളും അപൂർവ ആമകളും ചത്തു പൊന്തുന്നുണ്ട്. അറവുമാടുകളുടെ അവശിഷ്ടങ്ങളടക്കം പുഴയിൽ തള്ളുന്നുണ്ട്. കടുത്ത ദുർഗന്ധവും പേറിയാണ് പുഴയൊഴുകുന്നത്. മാലിന്യ കേന്ദ്രമായതോടെ പുഴ പരിസരം തെരുവ് നായ്ക്കളുടെ കേന്ദ്രമാണ്. മാലിന്യം കൊത്തി വലിക്കുന്ന കാക്കകൾ സമീപത്തെ വീട്ടു കിണറുകളിൽ അറവ് അവശിഷ്ടം കൊത്തിയിടുന്നു.

പാഴായി, പണവും പ്രഖ്യാപനവും 
കക്കാട് പുഴ നവീകരണത്തിനു പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയുണ്ടാക്കും എന്നായിരുന്നു കോർപറേഷൻ പ്രഖ്യാപനം. പുഴ കയ്യേറ്റം തിരിച്ചു പിടിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പ്രകൃത സ്നേഹികളുടെ ഇടപെടൽ സഹായകമാകുമെന്നും കണക്ക് കൂട്ടി. ജൈവ വൈവിധ്യങ്ങൾ സംരക്ഷിച്ചുള്ള പുഴ നവീകരണ പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടത്. 150ഓളം വ്യത്യസ്ത പക്ഷികളുടെ സങ്കേതമായതിനാൽ പുഴയും പുഴയോരവും പക്ഷി സൗഹൃദ കേന്ദ്രമാക്കുമെന്നും പുഴക്കരയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. മുണ്ടേരിക്കടവ് –വളപട്ടണം പുഴ– നീലേശ്വരം വരെ ബോട്ട് സവാരിയും ആസൂത്രണം ചെയ്തു. കക്കാട് പുഴ ആഴം കൂട്ടി ബോട്ട് ചാൽ ഉണ്ടാക്കുമെന്നും  പുഴയും പരിസരവും ഉല്ലാസ കേന്ദ്രമാക്കുമെന്നും അറിയിച്ചിരുന്നു. നടപ്പാത, വെളിച്ചം, ഇരിപ്പിടം എന്നിവ നിരമ്മിക്കുമെന്നും പറഞ്ഞിരുന്നു. കോർപറേഷന്റെ ഈ പ്രഖ്യാപനങ്ങളെല്ലാം പാഴ്​വാക്കായെന്നു മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com