ADVERTISEMENT

കണ്ണൂർ∙ പയ്യാമ്പലത്തു സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ സാമൂഹിക വിരുദ്ധർ രാസലായനി ഒഴിച്ചു വികൃതമാക്കി. കോടിയേരി ബാലകൃഷ്ണൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണു വികൃതമാക്കിയത്. ഇന്നലെ രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയ്ക്കായി എത്തിയവരാണു സംഭവം ആദ്യം കാണുന്നത്. തുടർന്നു സിപിഎം നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു.





പയ്യാമ്പലത്ത് ഇ.കെ. നായനാരുടെ സ്മൃതി കുടീരത്തിൽ സാമൂഹിക വിരുദ്ധർ രാസലായനി ഒഴിച്ചു വൃത്തികേടാക്കിയ നിലയിൽ. ചിത്രം: മനോരമ
പയ്യാമ്പലത്ത് ഇ.കെ. നായനാരുടെ സ്മൃതി കുടീരത്തിൽ സാമൂഹിക വിരുദ്ധർ രാസലായനി ഒഴിച്ചു വൃത്തികേടാക്കിയ നിലയിൽ. ചിത്രം: മനോരമ

സ്മൃതി കുടീരത്തിലുള്ള കോടിയേരി ബാലകൃഷ്ണന്റെ ചിത്രത്തിൽ രാസലായനി ഒഴിച്ചു കറ പിടിച്ച നിലയിലാണ്. വെള്ളം ഒഴിച്ച് ശുചീകരിക്കാൻ ശ്രമിച്ചെങ്കിലും സ്തൂപങ്ങളിലെ കറ നീക്കാനായില്ല. സിപിഎം ജില്ലാ സെക്രട്ടറി ടി.വി.രാജേഷിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.ടൗൺ എസിപി സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, കുടീരങ്ങൾക്കു സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്നു കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ല.


പയ്യാമ്പലത്തു സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ സാമൂഹിക വിരുദ്ധർ ദ്രാവകം ഒഴിച്ചു വികൃതമാക്കിയത് കാണാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപങ്ങൾ സന്ദർശിക്കാനെത്തിയ യുഡിഎഫ് നേതാക്കളും തമ്മിൽ കണ്ടുമുട്ടിയപ്പോൾ. മേയർ മുസ്‌ലിഹ് മഠത്തിൽ, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ.മോഹനൻ, ഡോ.വി.ശിവദാസൻ എംപി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, എൻ.ചന്ദ്രൻ എന്നിവർ സമീപം. ചിത്രം: മനോരമ
പയ്യാമ്പലത്തു സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ സാമൂഹിക വിരുദ്ധർ ദ്രാവകം ഒഴിച്ചു വികൃതമാക്കിയത് കാണാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപങ്ങൾ സന്ദർശിക്കാനെത്തിയ യുഡിഎഫ് നേതാക്കളും തമ്മിൽ കണ്ടുമുട്ടിയപ്പോൾ. മേയർ മുസ്‌ലിഹ് മഠത്തിൽ, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ.മോഹനൻ, ഡോ.വി.ശിവദാസൻ എംപി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, എൻ.ചന്ദ്രൻ എന്നിവർ സമീപം. ചിത്രം: മനോരമ

അക്രമത്തിന് പിന്നിൽ രാഷ്ട്രീയമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണു വിശ്വാസമെന്നും കമ്മിഷണർ അജിത്കുമാർ പറഞ്ഞു. സ്മൃതി കുടീരങ്ങൾ പൊലീസ് ബന്തവസിലാക്കി. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ സ്ഥലം പരിശോധിച്ചു. ഫൊറൻസിക്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി. ഫൊറൻസിക് സംഘം സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി ടി.വി.രാജേഷ്, വി.ശിവദാസൻ എംപി, കെ.പി.സഹദേവൻ, എൻ.ചന്ദ്രൻ, എം.പ്രകാശൻ, എം.വി.ജയരാജൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സിപിഐ നേതാക്കളായ സി.പി.സന്തോഷ് കുമാർ, സി.പി.ഷൈജൻ, വെള്ളോറ രാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തെ സിപിഐ ജില്ലാ കൗൺസിൽ അപലപിച്ചു.

പ്രകടനം നടത്തിസിപിഎം
പയ്യാമ്പലത്തെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പ്രകടനങ്ങൾ നടത്തി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുണ്ടായ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പ്രകോപനമുണ്ടാക്കാനുള്ള ബോധപൂർവ നീക്കമാണ്. ഇതിനെതിരെ ആത്മസംയമനം പാലിച്ചു പ്രതിഷേധിക്കണംമെന്നും പറഞ്ഞു.

സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢനീക്കമാണു നടത്തുന്നതെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. മൃതദേഹത്തെ ആക്രമിക്കുന്നതിനു തുല്യമാണ് സ്മൃതികുടീരത്തിനു നേരെയുള്ള ആക്രമണമെന്നും അവർ പറഞ്ഞു. സമാധാനം തകർത്ത് മുതലെടുപ്പ് നടത്താനുള്ള എതിരാളികളുടെ ഗൂഢനീക്കമാണ് സംഭവത്തിന് പിന്നിലെന്ന് എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എം.വി.ജയരാജൻ പറഞ്ഞു. 

സംഭവം വൈകാരികമെങ്കിലും സംയമനം പാലിക്കണമെന്ന് സ്ഥലം സന്ദർശിച്ച, കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി പറ‍ഞ്ഞു. സമാധാനാന്തരീക്ഷം തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ് പ്രസ്താവനയിൽ പറഞ്ഞു. ഒട്ടേറെ സ്മൃതി കുടീരങ്ങൾ സ്ഥിതി ചെയ്യുന്ന പയ്യാമ്പലത്ത്, സിപിഎം നേതാക്കളുടെ കുടീരങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കാൻ ശ്രമിച്ചത് ഗൂഢാലോചനയാണെന്നും പറഞ്ഞു

ഗൂഢാലോചന:മാർട്ടിൻ ജോർജ്
സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് തയാറാകണം. യുഡിഎഫ് നേതാക്കളായ മേയർ മുസ്‌ലിഹ് മഠത്തിൽ, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ.മോഹനൻ, എം.പി.മുഹമ്മദലി, മാധവൻ എന്നിവർ പയ്യാമ്പലത്ത് അതിക്രമം നടന്ന സ്മൃതി മണ്ഡപങ്ങൾ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com