നഷ്ടമായത് ആകെയുള്ള സമ്പാദ്യം; കിട്ടുമെന്ന പ്രതീക്ഷയിൽ ജാനകി
Mail This Article
കരിവെള്ളൂർ ∙ മത്സ്യം വാങ്ങാൻ വരുന്നവർ ഓണക്കുന്നിലെ ജാനകിയമ്മയോട് പറയും ‘സങ്കടപ്പെടേണ്ട നഷ്ടപ്പെട്ട സ്വർണ മാലയും പണവും തിരികെ ലഭിക്കും’ – ഇത് കേൾക്കുമ്പോൾ ജാനകിയമ്മയ്ക്കും ആശ്വാസമാണ്. മൂന്നാഴ്ച മുൻപാണ് മത്സ്യവ്യാപാരി ഓണക്കുന്നിലെ മൂത്തല ജാനകിയമ്മയുടെ 2 പവന്റെ സ്വർണ മാലയും 15,000 രൂപയും നഷ്ടപ്പെട്ടത്.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പഴ്സിൽ പണവും സ്വർണമാലയും ഉണ്ടായിരുന്നു. പിന്നീടാണു പഴ്സ് നഷ്ടപ്പെട്ടത്. തറവാട്ടിലെ കളിയാട്ടത്തിനും ചിട്ടിക്കും മത്സ്യം വാങ്ങാനും സൂക്ഷിച്ച തുകയാണ് നഷ്ടമായത്. സ്വർണമാല അമ്മ നൽകിയതാണ്. ബാങ്കിലെ ആവശ്യത്തിനായി ഫോട്ടോ എടുക്കുമ്പോൾ ഇടാനാണ് വീട്ടിൽവച്ച മാല പഴ്സിലേക്കു മാറ്റിയത്. പഴ്സിൽ റേഷൻ കാർഡിന്റെ പകർപ്പും മകളുടെ ഫോൺ നമ്പറും ഉണ്ട്.
എന്നാൽ, പഴ്സ് ലഭിച്ചയാൾ തിരികെ നൽകാത്തതാണു ജാനകിയെ വിഷമത്തിലാക്കുന്നത്. വർഷങ്ങളായി വീടുകളിലും അല്ലാതെയും മത്സ്യവിൽപന നടത്തുന്ന ജാനകിയെ നാട്ടുകാർക്ക് ഏറെ പ്രിയമാണ്. പഴ്സ് കിട്ടിയവരോട് പരിഭവമൊന്നും ഈ അമ്മയ്ക്കില്ല. അത് നേരിട്ടോ അല്ലാതെയോ തിരിച്ചേൽപിക്കണമെന്നാണ് ജാനകിയമ്മയുടെ അപേക്ഷ.