ADVERTISEMENT

മാഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പത്രിക സമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, തൊട്ടടുത്തുള്ള മാഹി വോട്ടു ചെയ്തു തുടങ്ങി. ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ, 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും അംഗപരിമിതരുമായ 80 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. ബിഎൽഒയും സുരക്ഷാ ഉദ്യോഗസ്ഥനും അടക്കം 5 പേരടങ്ങുന്ന 4 സംഘങ്ങളാണു വോട്ട് ചെയ്യിക്കുന്നത്. 85 വയസ്സിനു മുകളിലുള്ള 161 പേരും അംഗപരിമിതിയുള്ള 108 പേരുമാണ് ഇത്തവണ മാഹി മണ്ഡലത്തിൽ നിന്ന് ഇത്തരത്തിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നത്. 

ബാലറ്റ് പേപ്പറിൽ 27 സ്ഥാനാർഥികളുണ്ട്. 9 പേരുകൾ അടങ്ങിയ 3 കോളത്തിൽ ആണ് ബാലറ്റ് പേപ്പർ. വോട്ടിങ് കംപാർട്മെന്റ്, ബാലറ്റ് ബോക്സ്, വോട്ട് രേഖപ്പെടുത്തിയാൽ ഉപയോഗിക്കേണ്ട കവർ എന്നിവയുമായാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക.  നടപടി ക്രമം പൂർണമായും ക്യാമറയിൽ പകർത്തും. 3 ദിവസം കൊണ്ട് വോട്ട് ശേഖരിക്കും. വോട്ടർ വീട്ടിലില്ലെങ്കിൽ വീണ്ടും പോകും. 4നു വൈകിട്ട് സമാപിക്കും. മാഹിയിൽ ഇന്ത്യ സഖ്യവും എൻഡിഎയുമാണ് ഏറ്റുമുട്ടന്നത്. 

അതേസമയം, ധൃതിപിടിച്ചുള്ള തിരഞ്ഞെടുപ്പ് നടപടി ക്രമത്തിനു എതിരെ രാഷ്ട്രീയ നേതൃത്വം പരാതി ഉയർത്തി കഴിഞ്ഞു.  പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടിങ്ങിനു പുതുച്ചേരിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ധൃതിപിടിച്ചുള്ള നീക്കം ദുരൂഹമാണെന്നു മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ പറഞ്ഞു. 19നു നടക്കുന്ന തിരഞ്ഞെടുപ്പിനു ഒരാഴ്ച മുന്നെ മാത്രമാണ് ഇതുവരെ ബാലറ്റ് പേപ്പർ വീടുകളിൽ എത്തിച്ചിരുന്നത്. ബിഎൽഒമാർ ബന്ധപ്പെട്ട വോട്ടർമാർക്ക് അറിയിപ്പ് നൽകിയതും ഒന്നിനു വൈകിട്ട്. ഈ സാഹചര്യത്തിൽ അധികൃതരുടെ നീക്കത്തിൽ ആശങ്ക ഉണ്ട്.

പലർക്കും സ്ഥാനാർഥികളെ കുറിച്ച് ധാരണ ലഭിക്കുന്നതിനു മുൻപ് ഇന്നലെ വീടുകളിൽ ബാലറ്റ് പെട്ടിയുമായി എത്തിയത് അമ്പരപ്പിച്ചുവെന്നും മോഹനൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ അനാവശ്യമായ ധൃതിയാണ് കാണിച്ചതെന്നു ബിജെപി മാഹി മേഖല പ്രസിഡന്റ് എ.ദിനേശൻ പറഞ്ഞു. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. വോട്ടർമാർക്ക് കൃത്യമായ ധാരണ ലഭിക്കുന്നതിനു മുൻപ് വീടുകളിൽ ഉദ്യോഗസ്ഥ സംഘം എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം തൃപ്തികരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com