ഒന്നര വർഷം മുൻപ് കർണാടക വനത്തിൽ നിന്ന് കൂട്ടംതെറ്റിയെത്തി; ഇന്ന് ഊരുകൂട്ടത്തിലെ പ്രിയങ്കരനായി ഹനുമാൻ കുരങ്ങ്
Mail This Article
ചെറുപുഴ∙ ‘രാമാ’ എന്ന നീട്ടിയൊരു വിളിയിൽ ഈ കുരങ്ങച്ചൻ ചാടിയെത്തും. വീട്ടിലേക്കും അടുക്കളയിലേക്കും എന്തിന് തന്റെ പ്രിയപ്പെട്ട കാനംവയൽ പട്ടികവർഗ ഊരുകൂട്ടത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും മടിയിലേക്കും. കർണാടക വനത്തിൽ നിന്ന് ഒന്നര വർഷം മുൻപാണ് ഈ ഹനുമാൻ കുരങ്ങ് കൂട്ടം തെറ്റി കാനംവയൽ ഊരുകൂട്ടത്തിലെത്തിയത്. പിന്നീട്, തിരിച്ചുപോയെങ്കിലും കുട്ടിക്കുരങ്ങനെ ഒപ്പം കൂട്ടാൻ മറ്റു കുരങ്ങന്മാർ തയാറായില്ല. ഇതോടെ, കുട്ടി ഹനുമാൻ കുരങ്ങന് കോളനിയായി അഭയം. ആദ്യമൊക്കെ ഭയത്തോടെയാണ് കോളനി നിവാസികൾ ഹനുമാൻ കുരങ്ങിനെ കണ്ടിരുന്നത്. എന്നാൽ, ഏറെ താമസിയാതെ കുട്ടിക്കുരങ്ങൻ കോളനി നിവാസികളുടെ പ്രിയപ്പെട്ട രാമനമായി.
ഇപ്പോൾ, രാവിലെ ഉറക്കം വിട്ടൊഴിയാതെ കിടക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ തട്ടിയുണർത്തുന്നതു രാമനാണ്. കുട്ടികൾ ടിവി കാണാനിരിക്കുമ്പോൾ ജനലഴികളിൽ പിടിച്ചിരുന്നു രാമനും ടിവി കാണും. കാർട്ടൂണാണ് ഏറെ പ്രിയം. വീടിനുള്ളിലും അടുക്കളയിലും കയറി വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കാനും രാമനു സ്വാതന്ത്ര്യമുണ്ട്. ചിലപ്പോൾ അവൻ കുസൃതിക്കുട്ടനുമാകും. മുതിർന്നവരുടെ തോളത്തും മടിയിലും കയറിയിരിക്കും. എന്നാൽ, കോളനിയിൽ എത്തുന്ന അപരിചിതരോട് അടുപ്പം കാണിക്കാറില്ല. നേരം ഇരുട്ടുന്നതോടെ രാമൻ കർണാടക വനത്തിലെ കൂറ്റൻ മരത്തിനു മുകളിലേക്കു കയറിപ്പോകും. നേരം പുലരുമ്പോഴേക്കും കോളനിയിൽ തിരിച്ചെത്തുകയും ചെയ്യും.
പശ്ചിമഘട്ട വനനിരകളിൽ കാണപ്പെടുന്ന ഗ്രേലാൻഗർ വിഭാഗത്തിൽപെട്ട കുരങ്ങാണ് ഇത്. ഹനുമാൻ കുരങ്ങ് എന്നാണു ഇന്ത്യയിലെമ്പാടും ഈ വിഭാഗത്തെ അറിയപ്പെടുന്നത്. കേരളം, ഗോവ, കർണാടക എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനനിരകളിലാണ് ഹനുമാൻ കുരങ്ങുകൾ ഏറെയുള്ളത്. സാധാരണ ചാരനിറത്തിൽ കാണപ്പെടുന്ന ഇവയുടെ മുഖത്തിനു കറുപ്പുനിറമാണ്.