ADVERTISEMENT

കണ്ണൂർ ∙ നാട്ടിൽ തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കെ, പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ (27) കൊല്ലപ്പെട്ടു. കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിൽ 3 സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരുക്കേറ്റത്.

സ്ഫോടനമുണ്ടായ വീടിനു സമീപം സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ. ചിത്രം: മനോരമ
സ്ഫോടനമുണ്ടായ വീടിനു സമീപം സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ. ചിത്രം: മനോരമ

ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അരുണിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ബോംബ് നിർമിച്ചത് ​എന്തിനെന്ന് വ്യക്തമായിട്ടില്ല.  വിനീഷിന്റെ വീടിനു സമീപം ലോട്ടറിത്തൊഴിലാളി തൊണ്ടുപാലൻ മനോഹരന് ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന വീടിന്റെ ടെറസിലാണു സ്ഫോടനം നടന്നത്.

സ്ഫോടനമുണ്ടായ വീടിനു സമീപത്തേക്ക് മാധ്യമപ്രവർത്തകരുടെ പ്രവേശനം 
തടഞ്ഞ് പൊലീസ് റിബൺ 
കെട്ടുന്നു.
സ്ഫോടനമുണ്ടായ വീടിനു സമീപത്തേക്ക് മാധ്യമപ്രവർത്തകരുടെ പ്രവേശനം തടഞ്ഞ് പൊലീസ് റിബൺ കെട്ടുന്നു.

ഈ വീടിന്റെ പരിസരത്തുനിന്നു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലുള്ള 2 ബോംബുകൾ പൊലീസ് കണ്ടെടുത്തി.  50 മീറ്റർ മാറിയുള്ള വിനീഷിന്റെ വീട്ടുപരിസരത്തുനിന്ന്, അറ്റുപോയ ഒരു കൈവിരൽ കണ്ടെത്തി. ഈ ഭാഗത്തു ചോരപ്പാടുകളുണ്ട്. പരുക്കേറ്റവരെ വിനീഷിന്റെ വീട്ടിലേക്ക് ആദ്യം കൊണ്ടുപോയിട്ടുണ്ടാകാമെന്നു പൊലീസ് പറഞ്ഞു. വീട് ദുരുപയോഗം ചെയ്തതിനു മനോഹരന്റെ ഭാര്യ രാധ പൊലീസിൽ പരാതി നൽകി. 


സ്ഫോടനമുണ്ടായ വീട് സന്ദർശിക്കാൻ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലെത്തിയ യുഡിഎഫ് നേതാക്കളെ 
പൊലീസ് തടഞ്ഞപ്പോൾ. ‌
സ്ഫോടനമുണ്ടായ വീട് സന്ദർശിക്കാൻ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലെത്തിയ യുഡിഎഫ് നേതാക്കളെ പൊലീസ് തടഞ്ഞപ്പോൾ. ‌

ശരീരം ചിതറി
സ്ഫോടനത്തിൽ ഷെറിന്റെ മുഖവും നെഞ്ചും ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൈപ്പത്തി തകർന്ന് അതീവ ഗുരുതരാവസ്ഥയിലുള്ള വിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടിപ്പർ ഡ്രൈവർ വിനോദ് പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്.  പരുക്ക് സാരമുള്ളതല്ല. 

സ്വപ്നമായിരുന്നു, തകർത്തുകളഞ്ഞല്ലോ! .. ലോട്ടറി തൊഴിലാളി തൊണ്ടുപാലൻ മനോഹരൻ സ്ഫോടനം നടന്ന തന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ പൊലീസ് കെട്ടിയ റിബണിനിപ്പുറം 
ദുഃഖിതനായി നിൽക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന മനോഹരന്റെ വീടിനു മുകളിൽ 
വച്ചാണ് അനുമതിയില്ലാതെ ബോംബ് നിർമാണം നടത്തിയത്. ചിത്രം: മനോരമ
സ്വപ്നമായിരുന്നു, തകർത്തുകളഞ്ഞല്ലോ! .. ലോട്ടറി തൊഴിലാളി തൊണ്ടുപാലൻ മനോഹരൻ സ്ഫോടനം നടന്ന തന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ പൊലീസ് കെട്ടിയ റിബണിനിപ്പുറം ദുഃഖിതനായി നിൽക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന മനോഹരന്റെ വീടിനു മുകളിൽ വച്ചാണ് അനുമതിയില്ലാതെ ബോംബ് നിർമാണം നടത്തിയത്. ചിത്രം: മനോരമ

കയ്യൊഴിഞ്ഞ് സിപിഎം
സംഭവവുമായി ബന്ധമില്ലെന്നും ഉൾപ്പെട്ടവർ പാർട്ടിക്കാരല്ലെന്നും സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല അറിയിച്ചു. സ്ഫോടന വിവരം മറച്ചു വയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബിജെപി നേതാവ് പി.സത്യപ്രകാശ് എന്നിവർ ആരോപിച്ചു. 

ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നിർമാണത്തിലിരിക്കുന്ന വീട് പരിശോധിച്ച് മടങ്ങുന്ന ഡിഐജി തോംസൺ ജോസ്. വീടിനുമുകളിൽ പരിശോധന നടത്തുന്ന ഫൊറൻസിക് ഉദ്യോഗസ്ഥരെയും കാണാം.
ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നിർമാണത്തിലിരിക്കുന്ന വീട് പരിശോധിച്ച് മടങ്ങുന്ന ഡിഐജി തോംസൺ ജോസ്. വീടിനുമുകളിൽ പരിശോധന നടത്തുന്ന ഫൊറൻസിക് ഉദ്യോഗസ്ഥരെയും കാണാം.

 ‌റിപ്പോർട്ട് അവഗണിച്ചു
പാനൂരിൽ നാടൻബോംബ് നിർമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൊലീസ് അവഗണിച്ചു. ഇന്നലെ, സംഭവത്തിൽ ഉൾപ്പെട്ടവരുടെയും പേരുകൾ സഹിതമാണ് 4 മാസം മുൻപ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഒരു മാസം മുൻപു വീണ്ടും നൽകി.

ബോംബ് സ്ഫോടനം ഉണ്ടായ വീടിനു സമീപത്ത്, പരുക്കേറ്റ വിനീഷിന്റെ വീട്ടുവളപ്പിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ 
പരിശോധന നടത്തുന്നു.
ബോംബ് സ്ഫോടനം ഉണ്ടായ വീടിനു സമീപത്ത്, പരുക്കേറ്റ വിനീഷിന്റെ വീട്ടുവളപ്പിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ പരിശോധന നടത്തുന്നു.

തീരുന്നില്ല, ചോരക്കളി
കണ്ണൂർ∙ എത്ര നിർവീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണു കണ്ണൂരിലെ നാടൻ ബോംബുകൾ. ചോറ്റുപാത്രങ്ങളിലും ഐസ്ക്രീം ബോളുകളിലും വരെ വെടിമരുന്നു കുത്തിനിറച്ചു പൊട്ടിച്ച കക്ഷിരാഷ്ട്രീയം ഇരകളാക്കിയവരിൽ, രക്തസാക്ഷികളെന്നു പറയാൻ പോലുമറിയാത്ത അതിഥിത്തൊഴിലാളികളുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടവരിലും കണ്ണു നഷ്ടപ്പെട്ടവരിലും പിഞ്ചു കുഞ്ഞുങ്ങളുണ്ട്. 

പാനൂർ മുളിയാത്തോട്ടിൽ ബോംബ് നിർമാണം നടന്ന വീടിന്റെ പരിസരത്തെ പറമ്പിൽ കരിങ്കൽ ഭിത്തിയിൽ സ്ഫോടക വസ്തു സൂക്ഷിച്ച ബക്കറ്റ്. പിന്നീട് ഇത് നിർവീര്യമാക്കി.
പാനൂർ മുളിയാത്തോട്ടിൽ ബോംബ് നിർമാണം നടന്ന വീടിന്റെ പരിസരത്തെ പറമ്പിൽ കരിങ്കൽ ഭിത്തിയിൽ സ്ഫോടക വസ്തു സൂക്ഷിച്ച ബക്കറ്റ്. പിന്നീട് ഇത് നിർവീര്യമാക്കി.

എത്രയൊക്കെ പറഞ്ഞൊഴിഞ്ഞാലും ജില്ലയുടെ ബോംബ് രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നു പ്രമുഖ രാഷ്ട്രീയകക്ഷികൾക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. എതിരാളികളെ നിർവീര്യമാക്കാൻ മാത്രമല്ല, നിശബ്ദരാക്കാനും ബോംബാണു പ്രധാന ആയുധം. വഴിയിലൂടെ നടന്നോ ബൈക്കിലോ പോകുന്നവരെ ബോംബെറിഞ്ഞു വീഴ്ത്തുക, ആ പുകമറയ്ക്കിടയിൽ വെട്ടിക്കൊലപ്പെടുത്തുകയോ ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുക. ഇതാണ്, ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ പ്രത്യേക ആക്‌ഷൻ. 

തിരഞ്ഞെടുപ്പു കാലം, ബോംബ് തൊഴിലാളികളുടെ ചാകരക്കാലമാണ്. എതിരാളികളെ മാത്രമല്ല, സാധാരണ വോട്ടർമാരെയും ഭയപ്പെടുത്താൻ എതിരാളികളുടെ സ്വാധീന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനങ്ങളുണ്ടാക്കും. അതൊരു മുന്നറിയിപ്പാണ്. അടങ്ങിയിരുന്നോളണം എന്ന ഭീഷണി. ഇതു പാലിച്ചില്ലെങ്കിൽ, വോട്ടെടുപ്പിനു മുൻപോ പിൻപോ ആയി ആ എതിരാളിക്കു നേരെയൊരു ബോംബേറുണ്ടാകുമെന്നുറപ്പ്.

ഭാഗ്യമുള്ളവർ രക്ഷപ്പെടുമെന്നു മാത്രം. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അറിവുള്ളവരല്ല, ഈ നാടൻ ബോംബുണ്ടാക്കുന്നത്. പലപ്പോഴും തീർത്തും അശ്രദ്ധമായാണു നിർമാണം താനും. രാത്രിയുടെ ഏതെങ്കിലും യാമത്തിൽ, പാർട്ടി ഗ്രാമത്തിലെ ഒറ്റപ്പെട്ട വീടുകളിലാണു നിർമാണം. പരിസരം കനത്ത നിരീക്ഷണത്തിലായിരിക്കും.  ബോംബുകൾ കൊണ്ടു പരസ്പരം സംസാരിച്ച രണ്ടു പാർട്ടി ഗ്രാമങ്ങളുണ്ട്, കണ്ണൂർ ജില്ലയിൽ.

പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന പാത്തിപ്പാലം പുഴയുടെ ഇരു കരകളിലുമുള്ള കൊങ്കച്ചിയും കൂരാറയും. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നും അതിനോടു ചേർന്നുള്ള കൊങ്കച്ചിയും ബിജെപിയുടെ പാർട്ടി ഗ്രാമങ്ങളാണ്. മറുകരയിൽ മൊകേരി പഞ്ചായത്തിലെ സിപിഎം പാർട്ടി ഗ്രാമമായ കൂരാറ. എതിരാളികൾ സ്വന്തം ഗ്രാമത്തിലേക്കു കടന്നുവരരുതെന്ന മുന്നറിയിപ്പ്, ബോംബ് പൊട്ടിച്ചാണു പരസ്പരം കൈമാറിയിരുന്നത്.

കൂരാറയിൽ ഒന്നു പൊട്ടിയാൽ, കൊങ്കച്ചിയിൽ രണ്ടെണ്ണം പൊട്ടും. തിരിച്ചും. ഇതായിരുന്നു സ്ഥിതി, വർഷങ്ങളോളം. 1999ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണൻ കൊല്ലപ്പെട്ടതിനു ശേഷമാണു സിപിഎമ്മും ബിജെപിയും ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമാണം വ്യാപകമാക്കിയത്. ഒരേസമയം 125 നാടൻ ബോംബുകൾ വരെ പിടികൂടിയിട്ടുണ്ട്, ഈ നാട്ടിൽ. പിടിച്ചെടുത്ത ബോംബുകൾ സൂക്ഷിക്കാൻ സ്റ്റേഷനിൽ ഇടമില്ലാതായതോടെ, സ്റ്റേഷന്റെ മുറ്റത്ത് ബോംബ് കുഴിയെടുത്തു, പാനൂർ പൊലീസ്.

3 വർഷം മുൻപു മാത്രമാണു കുഴി മൂടിയത്. ബോംബ് സ്ഫോടനക്കേസുകൾ പലതും തെളിവില്ലാതെ ‘കുഴിച്ചിടുക’യാണു പതിവ്. നിർമാണത്തിനിടെ പൊട്ടിത്തെറിച്ചാലും എതിരാളികൾ എറിഞ്ഞുവെന്നാകും മൊഴി. സാക്ഷികളുണ്ടാകില്ല. സംഭവ സ്ഥലത്തെ തെളിവു നശിപ്പിക്കലാണ് ആദ്യം നടക്കുക.  പൊലീസ് എത്തുമ്പോഴേക്കും പാർട്ടി പ്രവർത്തകർ എല്ലാം വൃത്തിയാക്കി വയ്ക്കും. മഞ്ഞൾ വെള്ളം ഉപയോഗിച്ചു സംഭവ സ്ഥലം കഴുകി വൃത്തിയാക്കിയ സംഭവങ്ങൾ പലതവണയുണ്ടായിട്ടുണ്ട്.

തൊണ്ടി സാധനങ്ങളൊന്നും പൊലീസിനു കിട്ടില്ല. പടക്കമെറിഞ്ഞുവെന്ന കേസാണു പലപ്പോഴും ചുമത്തുക. സമീപ കാലത്തുണ്ടായ സ്ഫോടന കേസുകളിലൊന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. ബോംബുണ്ടാക്കാൻ നിർദേശിച്ചവരിലേക്കോ സ്ഫോടകവസ്തുക്കൾ നൽകിയവരിലേക്കോ അന്വേഷണം എത്താറുമില്ല.  

കുഞ്ഞുങ്ങൾ  പോലും...
1998 മുതൽ ഇന്നലെ വരെയുള്ള കണക്കെടുത്താൽ, നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 10 പേരാണു കണ്ണൂരിൽ കൊല്ലപ്പെട്ടത്. നിഷ്കളങ്കരുടെ ജീവനും ജീവിതവുമെടുത്ത്, ചോറ്റുപാത്രങ്ങളിലും സ്റ്റീൽ മൊന്തകളിലും മാത്രമല്ല, ഐസ്ക്രീം ബോളുകളിൽ വരെ ഒളിച്ചിരുന്നു പൊട്ടിത്തെറിച്ചിട്ടുണ്ട് നാടൻ ബോംബ്. ആക്രി പെറുക്കി ജീവിച്ചവർ മുതൽ, പ്ലാസ്റ്റിക് ബോൾ പന്താണെന്നു കരുതി തട്ടിക്കളിച്ച പിഞ്ചു കുഞ്ഞുങ്ങൾ വരെ ഇരകളായിട്ടുമുണ്ട്.

2021ൽ ഇരിട്ടിയിൽ നാടൻ ബോംബ് പന്താണെന്നു കരുതി തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സാരമായി പരുക്കേറ്റത് അന്ന് അഞ്ചും ഒന്നരയും വയസുള്ള 2 കുട്ടികൾക്കാണ്.  അക്കൊല്ലം നവംബറിൽ പാലയാട് നരിവയലിലെ സമീപം ഡയറ്റ് ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കിട്ടിയ ഐസ്ക്രീം ബോംബ് പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരുക്കേറ്റു.

വിവാഹപ്പാർട്ടികളെയും ബോംബ് വിട്ടില്ല. കക്ഷിരാഷ്ട്രീയമില്ലെന്നു പറയുന്നുണ്ടെങ്കിലും വിവാഹ പാർട്ടിക്കു നേരെ തോട്ടടയിലുണ്ടായ ബോംബേറിൽ യുവാവു കൊല്ലപ്പെട്ടതും കണ്ണൂരിൽ തന്നെയാണ്. ആക്രി സാധനങ്ങൾ സൂക്ഷിച്ച വീട്ടിൽ വച്ച് അവ തുറന്നു നോക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 2 അസം സ്വദേശികൾ കൊല്ലപ്പെട്ടതു മട്ടന്നൂരിലാണ്, 2022 ജൂലൈ 5ന്. പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 3 അസം സ്വദേശികൾക്കു പരുക്കേറ്റിരുന്നു.

തലശേരി കല്ലിക്കണ്ടിയിൽ, 1998ലെ പിറന്നാൾ ദിനത്തിൽ അമാവാസിയെന്ന നാടോടി ബാലന്റെ കൈയും കണ്ണും നഷ്ടപ്പെടുത്തിയതൊരു സ്റ്റീൽ പാത്രമാണ്. റോഡരികിൽ നിന്നു കിട്ടിയ സ്റ്റീൽ പാത്രം തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു. അമാവാസി ഇന്ന് പൂർണചന്ദ്രനെന്നു പേരുമാറി, സർക്കാർ ഉദ്യോഗസ്ഥനാണ്. 2000 സെപ്റ്റംബറിൽ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അഞ്ചര വയസുകാരി അസ്ന ഇന്ന് ഡോ. അസ്നയാണ്. അസ്നയും പൂർണചന്ദ്രനുമടക്കം കക്ഷിരാഷ്ട്രീയ ബോംബുകളുടെ ജീവിക്കുന്ന ഇരകൾ ഒരുപാടുപേരുണ്ട്. ഒന്നുമൊന്നും കക്ഷിരാഷ്ട്രീയ ബോംബുകളെ നിർവീര്യമാക്കുന്നില്ലെന്നു വ്യക്തമാക്കുകയാണു പാനൂർ.

ബോംബ് നിർമാണം, തരംപോലെ 
കണ്ണൂർ∙ കുറ്റിക്കാടുകളുടെ മറവിലും വീടിന്റെ പരിസരങ്ങളിലും വീട്ടിലും വരെ ജില്ലയിൽ ബോംബ് നിർമാണം നടക്കുന്നുണ്ട്. മംഗളൂരു, ബെംഗളൂരു, മൈസൂരു, ശിവകാശി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ജില്ലയിലേക്കു സ്ഫോടകവസ്തുക്കളെത്തുന്നുണ്ട്. ഓൺലൈൻ ആയും സ്ഫോടകവസ്തുക്കളെത്തുന്നു. ചില ക്വാറികളിൽ നിന്നും ഇവർ സ്ഫോടകവസ്തു ശേഖരിക്കുന്നുണ്ട്. ആഘാതവും ശബ്ദവുമൊക്കെ വർധിപ്പിക്കാൻ വേണ്ടി പല തരം ചേരുവകളുപയോഗിക്കുന്നതായും ബോംബ് സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.

ബോംബെറിഞ്ഞുവെന്ന പരാതിയിൽ പലപ്പോഴും പടക്കമെറിഞ്ഞുവെന്നതിനുള്ള ഐപിസി 286 വകുപ്പ് പ്രകാരമുള്ള കേസാണ് പൊലീസ് റജിസ്റ്റർ ചെയ്യുക. 1000 രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്നതാണിത്. സ്ഫോടക വസ്തു നിരോധന നിയമം മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരം സ്ഫോടന കേസുകളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10വർഷം വരെ തടവ് ലഭിക്കാവുന്ന കേസ് ചാർജ് ചെയ്യാറുണ്ടെങ്കിലും അവിടെ സാക്ഷികളുടെയും തെളിവിന്റെയും അഭാവം പ്രതികൾ രക്ഷപ്പെടാനിടയാക്കുന്നു.     

നിർമാണ രീതി
നിർമാണത്തിനിടെ ബോംബ് പൊട്ടിയാലും പരുക്ക് കൈകൾക്കു മാത്രമേ പറ്റാവൂ എന്ന ചിന്തയിലാണു ബോംബ് നിർമാണം. ബോംബ് വരിഞ്ഞു മുറുക്കുമ്പോഴാണ് സ്ഫോടന സാധ്യതയുള്ളത്. സ്റ്റീൽ ബോംബാണെങ്കിൽ സ്ഫോടക വസ്തു നിറച്ച സ്റ്റീൽ പാത്രത്തിന്റെ മൂടി മുറുക്കുമ്പോഴും പൊട്ടിത്തെറിക്കാം. ഈ പണി ചെയ്യുമ്പോൾ ഏതെങ്കിലും മരത്തിൽ നെഞ്ചു ചാരി ചേർത്തു നിന്ന് കൈകൾ മരത്തിന്റെ മറുവശത്തേക്കു മാറ്റിപ്പിടിച്ചാണു ബോംബ് മുറുക്കുന്നത്.

ബെഞ്ചിൽ കമിഴ്ന്നു കിടന്ന് അതിനടിയിലേക്കു കൈകൾ താഴ്ത്തിവച്ച് ബോംബ് മുറുക്കുന്ന ഏർപ്പാടുമുണ്ട്. വെടിമരുന്നും കുപ്പിച്ചില്ലും ആണിയും വെള്ളാരങ്കല്ലും മറ്റും നിറച്ച് ഘർഷണമുണ്ടാകുമ്പോൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന മാതൃകയിൽ നിർമിക്കാറുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച് കട്ടിയുള്ള ചണനൂലുകൊണ്ടു വരിഞ്ഞു കെട്ടിയും ചെറിയ സ്റ്റീൽ പാത്രങ്ങളിൽ നിറച്ച് അതിന്റെ മൂടി ഉറപ്പിച്ചും നാടൻ ബോംബുകൾ  ഉണ്ടാക്കുന്നു.

കേസ് 
കൊല്ലപ്പെട്ട ഷെറിൻ, പരുക്കേറ്റ വിനീഷ് എന്നിവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം, മനുഷ്യജീവനു ഹാനിയുണ്ടാക്കുന്ന തരത്തിൽ സ്ഫോടകവസ്തു നിർമിച്ചതിനു കേസെടുത്തിട്ടുണ്ട്. വിനീഷിനെതിരെ ക്രിമിനൽ കേസുകളടക്കം 6 കേസുകളും ഷെറിനെതിരെ ഒരു കേസുമുണ്ടെന്നും പൊലീസ് അറിയിച്ചു. 6 കേസുകളിൽ പ്രതിയാണെന്നതിനാൽ വിനീഷ് ഇന്റലിജൻസിന്റെ നോട്ടപ്പുള്ളിയായിരുന്നു.

സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയുണ്ട്. ഇവരാണു വിനീഷിനെ സംരക്ഷിച്ചിരുന്നത്. അതേസമയം, ഒരു വിഭാഗം അംഗീകരിക്കുന്നുമില്ല. ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതടക്കമുള്ള ക്വട്ടേഷൻ ഇടപാടുകളും സ്വർണക്കടത്തു പൊട്ടിക്കലും ഇവരടങ്ങുന്ന സംഘം നടത്തുന്നതായും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ‌

മരണത്തിനിടയാക്കിയ ബോംബുകൾ എന്തു ലക്ഷ്യം വച്ചാണു നിർമിച്ചതെന്നു വ്യക്തമായിട്ടില്ല. ഷെറിന്റെ മൃതദേഹം ഇന്നു കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിൽ സംസ്കരിക്കും.പരേതനായ എൻ.പി.പുരുഷുവിന്റെയും ശാരദയുടെയും മകനാണ്. സഹോദരൻ: ശരത്ത്. 

സ്ഫോടനം നടന്നത് ഒഴിഞ്ഞ സ്ഥലത്ത്
ജനവാസം കുറഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്ന വീട്. രാത്രിയിൽ സ്ഫോടനം നടന്നപ്പോൾ പ്രദേശത്തെ കുയിമ്പിൽ പള്ളിയറ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. അതുകൊണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചില്ല.

പൊലീസ് എത്തുന്നതിനു മുൻപു തന്നെ പരുക്കേറ്റവരെ കൂത്തുപറമ്പ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവ സമയത്ത് 5 പേർ സ്ഥലത്തുണ്ടായിരുന്നു എന്നാണു പൊലീസ് നൽകുന്ന സൂചന.

ബോംബ് സ്ക്വാ‍ഡ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡിഐജി തോംസൺ ജോസ്, സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ, പാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീടും പരിസരവും പരിശോധിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും: സുധാകരൻ
കണ്ണൂർ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിലുണ്ടായ സ്ഫോടനത്തിൽ രാഷ്ട്രീയലക്ഷ്യം ഉണ്ടാകുമെന്നാണു വിശ്വസിക്കുന്നതെന്ന് കെ.സുധാകരൻ. സംഭവം നിർഭാഗ്യകരമാണ്. ഗൗരവമായി വിഷയം അന്വേഷിക്കണം. ആരാണ് ഇതിനു പിന്നിൽ, ആരെയാണു ലക്ഷ്യമിട്ടത് എന്നെല്ലാം കണ്ടെത്തണം.

ഭരണകക്ഷികളുടെ ആളാണു കൊല്ലപ്പെട്ടത്. അതിനാൽ കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടന്നേക്കാം. പൊലീസ് ജാഗ്രതയോടെ അന്വേഷിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തീകരിക്കണം– കെ.സുധാകരൻ പറഞ്ഞു.

സംഭവത്തിൽ സമഗ്രാന്വേഷണം വേണം: മുസ്‌ലിം ലീഗ്
കണ്ണൂർ∙ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ലയും ആവശ്യപ്പെട്ടു. ബോംബുകൾ നിർമിച്ച സിപിഎം അക്രമത്തിനു കോപ്പുകൂട്ടുകയാണെന്നാണ് ഈ ബോംബ് സ്ഫോടനത്തിലൂടെ മനസ്സിലാക്കുന്നത്. വിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടത്തണം.  കേസ് തേഞ്ഞുമാഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ലൈഫായിരുന്നു ആ വീട്; എന്തെങ്കിലും പറ്റിയോ? പെരുവഴിയിൽ ചോദ്യവുമായി മനോഹരൻ
പാനൂർ ∙ പൊലീസ് വലിച്ചുകെട്ടിയ നീല റിബണിനപ്പുറം കടന്നാലേ വീടിന് എന്തുപറ്റിയെന്ന് അറിയാൻ പറ്റൂ. അനുമതി ചോദിച്ച് രാവിലെ പതിനൊന്നു മുതൽ പൊരിവെയിലിൽ ഈ വഴിയിൽ കാത്തുനിൽക്കുകയാണ് തൊണ്ടുപാലൻ മനോഹരൻ. ആറുപത്തിയൊന്നു വയസ്സുണ്ട് കാൽനടയായി ലോട്ടറി വിൽക്കുന്ന ഈ തൊഴിലാളിക്ക്.

ജീവിതസായാഹ്നത്തിലെങ്കിലും അടച്ചുറപ്പുള്ളൊരു വീട്ടിൽ കിടന്നുറങ്ങണമന്ന ആഗ്രഹമാണ് കഴിഞ്ഞ രാത്രിയിൽ വീടിന്റെ ടെറസിൽ നിന്നു പൊട്ടിയ ബോംബ് ഉലച്ചുകളഞ്ഞത്.ഭാര്യ രാധയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമിയിൽ കുന്നോത്തുപറമ്പ് പഞ്ചായത്ത് വഴി ലൈഫ് പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് വീട് നിർമാണം തുടങ്ങിയത്. മൂന്നു ഗഡുക്കളായി ഇതുവരെ 1,40,000 രൂപയേ കിട്ടിയുള്ളൂ. അതുകൊണ്ട് ചുമരുവരെ കെട്ടി നിർത്തി.

എൽഐസിയിൽ നിക്ഷേപമായുണ്ടായിരുന്ന തുക കാലാവധിയെത്തും മുൻപേ പിൻവലിച്ചാണ് കോൺക്രീറ്റ് ചെയ്തത്. വാതിലും ജനലും പിടിപ്പിക്കാനോ നിലം ശരിയാക്കാനോ കയ്യിൽ പണമില്ല. ഏക മകന്റെ ചികിത്സയ്ക്കും വേണം മാസം രണ്ടായിരം രൂപയിലധികം.അടുത്ത ഗഡു കിട്ടാത്തതിനാൽ പണി തീർത്ത് താമസം തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്നു രണ്ടു കിലോമീറ്ററോളം അകലെ ഭാര്യാസഹോദരന്റെ വീട്ടിലാണ് തൽക്കാലം താമസിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് ആറുവരെ മനോഹരൻ ഇവിടെയുണ്ടായിരുന്നു. കശുവണ്ടി പെറുക്കി ബക്കറ്റിൽ വച്ചു മടങ്ങുമ്പോൾ, വിനീഷിനെ കണ്ടിരുന്നു. 500 രൂപ നൽകി 13 ലോട്ടറി ടിക്കറ്റുകൾ വിനീഷ് എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പത്തുമണിയോടെ ലോട്ടറി വാങ്ങാൻ കൂത്തുപറമ്പിലെ ഏജൻസിയിൽ എത്തിയപ്പോഴായിരുന്നു സുഹൃത്തുക്കളിലൊരാൾ വിളിച്ച് വീട്ടിൽ എന്തോ സംഭവിച്ചുവെന്നു പറഞ്ഞത്. ഉടൻ ഇങ്ങോട്ടു പോന്നു. പതിനൊന്നു മണിയോടെ ഇവിടെയെത്തി. നിറയെ പൊലീസുകാരായിരുന്നു. അങ്ങോട്ടു കടത്തിവിട്ടില്ല. വീടിന് എന്തെങ്കിലും പറ്റിയോ എന്നറിയില്ല.

ഒരു കുപ്പി വെള്ളം മാത്രമാണ് കയ്യിലുള്ളത്. വൈകിട്ടുവരെ ഭക്ഷണം കഴിച്ചിട്ടില്ല. കഴിക്കാൻ തോന്നുന്നില്ല. വീട്ടിലും പരിസരത്തും പരിശോധനകൾ നടത്തി തിരിച്ചുവരുന്ന ഉദ്യോഗസ്ഥരിൽ പലരോടും വീടിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു മനോഹരൻ ചോദിക്കുന്നുണ്ടായിരുന്നു. ഭാര്യ രാധ പേടിച്ചിട്ട് ഇങ്ങോട്ടു വന്നിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നെല്ലാം ഇടയ്ക്കു മൊബൈലിൽ വിളിച്ചു ചോദിക്കുന്നുണ്ട്.

ആരെയും കടത്തിവിടാതെ പൊലീസ്; ‍ഡിസിസി പ്രസിഡന്റുമായി വാക്കേറ്റം  തെളിവുനശിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നുവെന്ന് കോൺഗ്രസും ബിജെപിയും
പാനൂർ ∙ ബോംബ് സ്ഫോടന വിവരം അറിഞ്ഞ് എത്തിയ രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും സംഭവം നടന്ന വീട്ടിലേക്കോ പരിസരത്തേക്കോ അടുപ്പിക്കാതെ ബന്തവസ് തീർത്ത് പൊലീസ്. വഴിയിൽ റിബൺ കെട്ടിയും കാവൽ നിന്നും തടസ്സം  സൃഷ്ടിച്ചു. രാവിലെ 10 മണിയോടെ എത്തിയ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സെക്രട്ടറി കെ.പി.സാജു, കെപിസിസി അംഗം വി.സുരേന്ദ്രൻ, മുസ്‍ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.എ.സലാം എന്നിവരെ പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

പൊലീസ് തടസ്സം ഭേദിച്ച് നേതാക്കളും പ്രവർ‌ത്തകരും വീടിനു സമീപത്തേക്ക് പോയി. സ്ഫോടനം നടന്ന വീട് കണ്ട ശേഷമാണ് യുഡിഎഫ് നേതാക്കൾ മടങ്ങിയത്. സ്ഥലത്തെത്തിയ ബിജെപി നേതാക്കളായ പി.സത്യപ്രകാശ്, ജി.ഷിജിലാൽ, സി.കെ.കുഞ്ഞക്കണ്ണൻ എന്നിവരെയും പൊലീസ് തടഞ്ഞിരുന്നു.

മാധ്യമ പ്രവർത്തകരെയും നേതാക്കളെയും സംഭവം നടന്ന വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിൽ ദുരൂഹതയുള്ളതായി ഡിസിസി സെക്രട്ടറി കെ.പി.സാജു പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെയാണ് വൈകിട്ട് തിരിച്ചു പോയത്. 

ഷാഫി പറമ്പിൽ സമാധാന സന്ദേശ യാത്ര നടത്തും
പാനൂർ ∙ ബോംബ് രാഷ്ട്രീയത്തിനെതിരെ വടകര ലോക‍്‍സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഇന്ന് പാനൂരിൽ സമാധാന സന്ദേശ യാത്ര നടത്തും. രാവിലെ 8.30ന് പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

സ്ഫോടനവുമായി ബന്ധമില്ല:

പാനൂരിലെ സ്ഫോടനവുമായി സിപിഎമ്മിനു ബന്ധമില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. നേരത്തേ തന്നെ ഈ സെറ്റിനെ പാർട്ടി തള്ളിപ്പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

 

 പരാജയം മുന്നിൽ കണ്ട് വ്യാപകമായ അക്രമങ്ങൾക്ക് സിപിഎം കോപ്പുകൂട്ടുന്നു എന്നതിന്റെ തെളിവാണ് പാനൂരിലെ സ്ഫോടനം. ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുകയാണ് പൊലീസ്.  കൂടുതൽ ആളുകൾ ബോംബ് നിർമാണത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ  ശക്തമായ തിരിച്ചടി സിപിഎമ്മിന് ഉണ്ടാകുമെന്നകണക്കുകൂട്ടലിലാണ് ജില്ലയിൽ വ്യാപകമായ അക്രമങ്ങൾക്ക് കളമൊരുക്കാൻ ബോംബ് നിർമാണമടക്കം ആരംഭിച്ചിട്ടുള്ളത്. 

 

പരാജയം ഉറപ്പായതോടെ അക്രമം അഴിച്ചുവിട്ട് ബൂത്ത് പിടിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണ്. മരിച്ച ഷെറിൻ മുൻപും ബോംബ് നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്. പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള വിനീഷ് ലോക്കൽ സെക്രട്ടറിയുടെ മകനാണ്. ബോംബ് നിർമാണം നടക്കുന്ന വിവരം പ്രദേശവാസികൾ അറിയിച്ചിട്ടും പൊലീസ് റെയ്ഡ് നടത്താൻ  ശ്രമിച്ചില്ല സിപിഎം ഏജന്റുമാരെപ്പോലെയാണ് പൊലീസ് പെരുമാറുന്നത്.

സിപിഎം ആയുധ ശേഖരം നടത്തുന്നെണ്ടെന്ന വിവരം പലതവണ പൊലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതാണ് ബോംബ് നിർമാണം മേഖലയിൽ‌ തകൃതിയായി നടക്കാൻ കാരണം. മേഖലയിൽ സംഘർഷമുണ്ടാക്കാൻ സിപിഎം തയാറെടുക്കുന്നു എന്ന സൂചനയാണ് ബോംബ് നിർ‌മാണം സൂചിപ്പിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. തെളിവു നശിപ്പിക്കാൻ പൊലീസ് എല്ലാ ഒത്താശയും ചെയ്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com