ഭൂമി പ്രയോജനപ്പെടുത്താൻ പദ്ധതികളുമായി കിയാൽ
Mail This Article
കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവള പരിസരത്തെ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനുള്ള പദ്ധതികളുമായി കിയാൽ. ഒന്നാം ഗേറ്റിനു സമീപം ബിപിസിഎലിന്റെ പെട്രോൾ ബങ്കാണ് ആദ്യം യാഥാർഥ്യമാവുക. കിയാലും ബിപിസിഎലും തമ്മിൽ ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഭൂമി റജിസ്ട്രേഷൻ നടപടികളും പൂർത്തിയായി. ഭൂമി പൂജ ഇന്നു രാവിലെ 9നും 10നും ഇടയിൽ നടക്കും.
2500 സ്ക്വയർ മീറ്റർ സ്ഥലം 30 വർഷത്തേക്ക് പാട്ടവ്യവസ്ഥയിലാണ് ബിപിസിഎലിനു കൈമാറിയത്. ഭാരത് പെട്രോളിയം നേരിട്ടാണ് പെട്രോൾ ബങ്ക് നടത്തുക. നിർമാണം വൈകാതെ തുടങ്ങുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതിനായി കിയാലും ബിപിസിഎലും തമ്മിൽ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ഫ്യൂവൽ ഫാം ടെർമിനലിനു സമീപം വിമാനത്താവളത്തിന്റെ ഉദ്ഘാടന കാലഘട്ടം മുതൽ പ്രവർത്തിക്കുന്നുണ്ട്.
വിമാനത്താവളം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ശതകോടികൾ മൂല്യമുള്ള ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുവെന്നു മലയാള മനോരമ പ്രസിദ്ധീകരിച്ച വികസനപ്പത്ത് ക്യാംപെയ്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്താവളം ലാഭകരമാക്കുന്നതിനായി നിയോഗിച്ച കൺസൽറ്റൻസി സ്ഥാപനമായ കെപിഎംജിയാണ് കിയാൽ അധികൃതരുമായി ചേർന്ന് ഭൂവിനിയോഗത്തിനുള്ള പദ്ധതികൾ തയാറാക്കുന്നത്. സ്റ്റാർ ഹോട്ടൽ, കൺവൻഷൻ സെന്റർ, ഡ്യൂട്ടി പെയ്ഡ് ഷോപ് തുടങ്ങിയ പദ്ധതികളും പരിഗണനയിലുണ്ട്. സ്റ്റാർ ഹോട്ടലിനുള്ള പദ്ധതിരേഖ തയാറായിക്കഴിഞ്ഞു. രണ്ടേക്കർ ഭൂമിയിൽ ത്രീ സ്റ്റാർ ഹോട്ടൽ നിർമിക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. താൽപര്യപത്രം വൈകാതെ ക്ഷണിക്കും.