ADVERTISEMENT

കണ്ണൂർ∙ കത്തുന്ന വെയിലിൽ പൊള്ളിത്തളർന്ന് അവശ്യസർവീസ് ജീവനക്കാർ. കണ്ണൂരിലെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമ്പോഴും മിക്ക അവശ്യ സർവീസുകളിലും ജീവനക്കാ‍ർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടില്ല.പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡ് ജീവനക്കാർക്ക് വെയിൽനിന്നു രക്ഷനേടാൻ ഇരിപ്പിടങ്ങൾപോലും ഒരുക്കിയിട്ടില്ല.

ഉച്ചയാകുമ്പോഴേക്കും മണലിൽ നിന്നുള്ള ചൂടുകാരണം ശരീരത്തിൽ നിന്നു ചൂട് വമിക്കുന്ന അവസ്ഥയാണെന്നും വെള്ളത്തിനോ, ഇരിപ്പിടത്തിനോ യാതൊരു സൗകര്യവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലോ (ഡിടിപിസി) ടൂറിസം വകുപ്പോ ഒരുക്കിയിട്ടില്ലെന്നും ലൈഫ് ഗാർഡായ ചാൾസ് ഏഴിമല പറഞ്ഞു. ‘സ്വന്തം പണം മുടക്കി വെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ്. ബീച്ചിലെ മരത്തണലുകൾ മാത്രമാണ് ഇപ്പോൾ ആശ്രയം’, ചാൾസ് പറഞ്ഞു.

കത്തുന്ന വെയിലിൽ കണ്ണൂർ തുളിച്ചേരിയിൽ ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കെഎസ്ഇബി ജീവനക്കാരൻ. ചിത്രം: മനോരമ
കത്തുന്ന വെയിലിൽ കണ്ണൂർ തുളിച്ചേരിയിൽ ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കെഎസ്ഇബി ജീവനക്കാരൻ. ചിത്രം: മനോരമ

കെഎസ്ഇബി ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഉച്ചയ്ക്ക് 12നു ശേഷം ജോലിചെയ്യേണ്ടന്നു നിർദേശമുണ്ടെങ്കിലും നടപ്പാകാറില്ല. ചൂടിൽ വൈദ്യുതി ഉപയോഗം കൂടിയതിനാൽ വൈദ്യുതക്കമ്പി പൊട്ടുന്നതു പതിവായിട്ടുണ്ട്. പെട്ടന്നുതന്നെ ഇവ ശരിയാക്കാൻ ശ്രമിക്കുന്നതിനാൽ വെയിൽ കൊള്ളരുതെന്ന നിർദേശമൊന്നും പ്രാവർത്തികമാകാറില്ലെന്ന് കെഎസ്ഇബി കണ്ണൂർ ഡിവിഷനിലെ പി.വി.ഷാജിത്ത് പറഞ്ഞു. ‘ജോലി മുടക്കാനാകില്ലല്ലോ. ഇതിനിടയിൽ ധാരാളം വെള്ളം കുടിക്കുന്നതു മാത്രമാണു ശരീരത്തെ സംരക്ഷിക്കുന്നത്’, ഷാജിത്ത് പറഞ്ഞു.

ശുചീകരണ തൊഴിലാളികളുടെ കാര്യത്തിൽ രാവിലെ 7 മുതൽ 11 വരെയും വൈകിട്ടു മൂന്നിനു ശേഷവും ജോലിചെയ്താൽ മതിയെന്നു നിർദേശമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. വിശ്രമിക്കാനായി ക്വാട്ടേഴ്സുകളോ വിശ്രമസ്ഥലങ്ങളോ നഗരസഭ ഒരുക്കാത്ത സാഹചര്യത്തിൽ ദൂരെനിന്ന് എത്തുന്ന ജീവനക്കാർ നിയന്ത്രണമുള്ള സമയത്തും ജോലിചെയ്യുകയാണ്. അതിനുപുറമേയാണ്, ഉച്ചയ്ക്ക് 12ന് എത്തുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള വാഹനം. അതോടെ, ഇടവേളകളെല്ലാം പാഴ്​വാക്കാകും. ഇവർ ജോലികളിലേക്കു തിരിയും. 

കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: മനോരമ
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: മനോരമ

ഇടവിട്ടുള്ള സമയങ്ങളിൽ ഓഫിസിൽനിന്നും വെള്ളം എത്തിക്കുന്നതു വലിയൊരു ആശ്വാസമാണെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ കെ.വി.പ്രദീപൻ പറഞ്ഞു. ‘3 മണിക്കൂറാണ് അടുപ്പിച്ച് ജോലി ചെയ്യേണ്ടിവരിക. നേരിട്ട് വെയിലടിക്കാതിരിക്കാനുള്ള ഗ്ലൗസുകളും മാസ്ക്കുമെല്ലാം ആ സമയത്ത് ധരിക്കും’, പ്രദീപൻ പറഞ്ഞു.

ഹൈവേ സെക്യൂരിറ്റി ജീവനക്കാർക്ക് ഇടവിട്ട മണിക്കൂറുകളിൽ ഒആർഎസ് മിശ്രിതവും മോരും എത്തിക്കുന്നുണ്ടെന്നും 12–2.30 വരെ വിശ്രമസമയം നൽകിയിട്ടുണ്ടെന്നും സീനിയർ ഫസ്റ്റ് എയ്ഡ് മെഡിക്കൽ സ്റ്റാഫ് എം.ബി.ബിനേശ് പറഞ്ഞു. ‘പരമാവധി സ്ഥലങ്ങളിലും വിശ്രമമുറികൾ സജ്ജമാക്കിയിട്ടുണ്ട്. കോൺട്രാക്ട് തൊഴിലാളികൾക്കും ഇതേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്’, ബിനേശ് പറഞ്ഞു.

ശ്രദ്ധ വേണം
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നിലവിൽ ജില്ലയിൽ ഇത്തരം അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ചൂട് മൂലം ശരീരത്തിൽ ചുവന്ന പാടുകളും മറ്റും കാണപ്പെട്ടതിനെത്തുടർന്നു ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com