കല്യാശ്ശേരി ‘വീട്ടിൽ വോട്ടിലെ’ കള്ളക്കളി ഇങ്ങനെ: പ്രതിഷേധിച്ച് നേതാക്കൾ
Mail This Article
കണ്ണൂർ/തിരുവനന്തപുരം ∙ കല്യാശ്ശേരിയിൽ ‘വീട്ടുവോട്ടി’ൽ അനധികൃതമായി ഇടപെട്ട സിപിഎം ബൂത്ത് ഏജന്റ് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസ്. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെയാണ് പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തത്.
പോളിങ് ഉദ്യോഗസ്ഥരെയും വിഡിയോഗ്രഫറെയും തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽനിന്നു കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു. പരാതിയുള്ള വോട്ട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.
കള്ളവോട്ട് യുഡിഎഫ് 20 സീറ്റിലും ജയിക്കുന്ന സാഹചര്യം വന്നപ്പോൾ: സുധാകരൻ
കണ്ണൂർ∙ യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്ന സാഹചര്യം വന്നപ്പോഴാണു കല്യാശേരിയിൽ കള്ളവോട്ടുമായി സിപിഎം രംഗത്തെത്തിയതെന്നു കെ.സുധാകരൻ. ‘കള്ളവോട്ട് ചെയ്യാൻ സിപിഎം എന്തും ചെയ്യും. അവർ നല്ല പണിക്കാരാണ്. വീടുകളിലെത്തുന്ന സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണു സിപിഎം. നാണവും മാനവുമില്ലാത്ത വിഭാഗമാണു സിപിഎം. സംഭവത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതു സ്വാഗതാർഹമാണ്. കെ.കെ. ശൈലജയ്ക്ക് എതിരെ സൈബർ ഇടങ്ങളിൽ മോശം പരാമർശം ഉണ്ടായിട്ടുണ്ടങ്കിൽ തെറ്റാണ്. മോശം പരാമർശം ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ല, അതിനെ പറ്റി പഠിച്ചിട്ടില്ല.’ കെ.സുധാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം: സി.രഘുനാഥ്
കണ്ണൂർ∙ കല്യാശ്ശേരി പോലുള്ള പ്രദേശങ്ങളിൽ വോട്ടറെ സ്വാധീനിക്കാൻ സിപിഎം നേതൃത്വം പ്രവർത്തകരെ ഏൽപിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണെന്ന് കണ്ണൂർ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണം.
പോസ്റ്റൽ ബാലറ്റുമായി പോകുന്ന ബിഎൽഒമാരെ സ്വാധീനിച്ച് സിപിഎം നേതാക്കൾ വോട്ട് ചെയ്യുന്ന സാഹചര്യം തടയണം. സ്ഥാനാർഥി എന്ന നിലയിൽ പരാതി നൽകും. പാനൂരിൽ ബോംബ് നിർമിച്ചത് വോട്ടർമാരെ ഭീതിയിലാഴ്ത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. എല്ലാവർക്കും സമാധാനപരമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂട്ടുനിന്നവരെ ജയിലിൽ അടയ്ക്കണം: ഉണ്ണിത്താൻ
കാസർകോട്∙കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെ പ്രബുദ്ധരായ വോട്ടർമാർ ചെറുത്ത് തോൽപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. കല്യാശ്ശേരിയിൽ 92കാരിയുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഗണേശൻ ചെയ്തത് ഞെട്ടിക്കുന്ന സംഭവം ആണ്. സ്ഥിരം കലാപരിപാടിയായ കള്ളവോട്ട് സിപിഎം ആരംഭിച്ചിരിക്കുന്നു.
ജന പ്രാതിനിധ്യ നിയമം അനുസരിച്ച് കള്ളവോട്ടിന് കൂട്ട് നിന്ന എല്ലാവർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം. തിരഞ്ഞെടുപ്പ് കഴിയും വരെ പ്രതികൾ ജയിലിൽ കിടക്കണം. കഴിഞ്ഞ വർഷം പിലാത്തറയിലും, ചീമേനിയിലും സിപിഎം കള്ളവോട്ട് ചെയ്തതു നാം കണ്ടതാണ്. ഇപ്പോഴത്തെ കള്ളവോട്ട് കൃത്യമായി സിസിടിവി ക്യാമറയിൽ പതിഞ്ഞു. സിപിഎം ശ്രമം ജനാധിപത്യ വിശ്വാസികൾ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കൂട്ടുന്ന നിന്ന ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യണം’
കണ്ണൂർ∙ കല്യാശ്ശേരിയിൽ കള്ളവോട്ടിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി എന്നിവർ ആവശ്യപ്പെട്ടു. ‘സിസിടിവി ദൃശ്യങ്ങളില്ലായിരുന്നുവെങ്കിൽ കള്ളവോട്ട് പുറത്തറിയില്ലായിരുന്നു. കള്ളവോട്ടു നടക്കുമെന്ന ആരോപണം ഞങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നതാണ്.
സിപിഎമ്മുകാരെ മാത്രം അറിയിച്ചാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നത്. കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും തക്കതായ ശിക്ഷ ഉറപ്പാക്കണം. കണ്ണൂരിലും വടകരയിലും അക്രമം അഴിച്ചുവിടാനും കള്ളവോട്ടു ചെയ്യാനുമാണു സിപിഎമ്മിന്റെ നീക്കമെന്നതിന് ഇതിൽപരം തെളിവില്ല. കള്ളവോട്ട് വ്യാപകമായി ചെയ്യുകയും അത് യുഡിഎഫിന്റെ പേരിൽ ആരോപിക്കുകയും ചെയ്യുകയാണ് സിപിഎമ്മിന്റെ പതിവു രീതി.
കല്യാശേരി മാതൃകയിൽ ജില്ലയിൽ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ട്. പൂർണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിൽ, സമാധാനപരമായ അന്തരീക്ഷത്തിൽ പോളിങ് ഉറപ്പു വരുത്താൻ മുൻകരുതൽ നടപടി സ്വീകരിക്കണം.’ യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളുടെ വരണാധികാരികൾ എന്നിവർക്കു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പരാതി നൽകിയിട്ടുണ്ട്.