ADVERTISEMENT

ഇരിട്ടി ∙ കിണർ വൃത്തിയാക്കാനും ആഴം കൂട്ടാനും മറ്റും നടത്തുന്ന പ്രവൃത്തിക്കിടെ അപകടങ്ങൾ വർധിക്കുന്നു. ഇന്നലെ ആറളം ഫാമിൽ കിണർ ശുചിയാക്കാൻ ഇറങ്ങിയ യുവാവിനു കിണറ്റിൽവീണു ഗുരുതര പരുക്കേറ്റു. പുനരധിവാസ മേഖലയായ ബ്ലോക്ക് 10ൽ ഇഞ്ചിമുക്കിൽ കിണർ വൃത്തിയാക്കാനിറങ്ങിയ സൗമിഷാണ് (32) 25 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. ഇയാളെ വനം വകുപ്പിന്റെ ആർആർടി സംഘവും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം സൗമിഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഒരാഴ്ചക്കിടെ ഇരിട്ടി മേഖലയിൽ നടക്കുന്ന മൂന്നാമത് കിണർ അപകടമാണ് ഇത്. കഴിഞ്ഞ 25 ന് പേരട്ട ആനക്കുഴിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി സന്തോഷ് (40) കയറുപൊട്ടി കിണറിൽവീണു സാരമായി പരുക്കേറ്റിരുന്നു. ആറ് മീറ്റർ താഴ്ചയുള്ള കിണറിൽവീണു കൈകാലുകളുടെ എല്ലുകൾ പൊട്ടിയ നിലയിൽ കിടന്ന സന്തോഷിനെ ഇരിട്ടിയിൽനിന്നും എത്തിയ അഗ്നി രക്ഷാ സേനയാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

തിരഞ്ഞെടുപ്പ് ദിവസം എടൂരിലാണു മറ്റൊരു അപകടമുണ്ടായത്. എടൂർ കോറ റോഡിൽ സ്വകാര്യ വ്യക്തിയുടെ 18 കോൽ താഴ്ചയുള്ള കിണറിന്റെ അടിവശം ചെങ്കൽ കൊണ്ട് കെട്ടുന്നതിനിടെ ആയിരുന്നു അപകടം. മേലെ കിണറിന് മുകൾഭാഗത്തുനിന്നു ചെങ്കൽ ഇറക്കുന്നതിനായി മരത്തടികൾകൊണ്ട് കെട്ടിയ തൂക്കു തകർന്ന് വീഴുകയായിരുന്നു. നാലുപേർക്കു പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണു നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ തൊഴിലാളി വിജയൻ ഇപ്പോഴും ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com