ADVERTISEMENT

കണ്ണൂർ ∙ ചുട്ടുപൊള്ളുന്ന ചൂട് പകൽ മാത്രമല്ല രാത്രിയിലും തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നലെ ജില്ലയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ചെറുതാഴത്താണ്. 40.6 ഡിഗ്രി സെൽഷ്യസാണ് ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെ: ചെമ്പേരി: 39.8, ആറളം 39.7, അയ്യങ്കുന്ന് 39.5, പെരിങ്ങോം: 38.5, ഇരിക്കൂർ 38.7,  പിണറായി 37.9, കണ്ണൂർ 38.4. അന്തരീക്ഷ ആർദ്രത ഉയരുന്നതാണ് രാത്രിയിൽ താപനില ഉയരാൻ 
കാരണം.

സൂര്യാഘാതം (സൺ സ്ട്രോക്ക്)  
അന്തരീക്ഷതാപം പരിധിവിട്ട് ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരതാപം പുറന്തള്ളാൻ കഴിയാതെ വരികയും ചെയ്യും. ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാക്കുന്ന ഈ രോഗാവസ്ഥയാണ് സൂര്യാഘാതം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

ലക്ഷണങ്ങൾ 
∙ ഉയർന്ന ശരീരതാപം
∙ വറ്റിവരണ്ടു ചുവന്നു ചൂടായ ശരീരം  
∙ വേഗത്തിലുള്ള നാഡിമിടിപ്പ്  
∙ ശക്തിയായ തലവേദന, തലകറക്കം, മാനസിക മാറ്റങ്ങൾ  ശരീര തിണർപ്പ് 

സൂര്യാതപം (ഹീറ്റ് എക്സോഷൻ)  
സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ രോഗാവസ്ഥ. കനത്ത ചൂടുമൂലം ശരീരത്തിൽനിനനിന്നു ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നു. വെയിലത്തു ജോലി ചെയ്യുന്നവരിലും വയോധികരിലും കൂടുതൽ കാണപ്പെടും. രക്തസമ്മർദം ഉള്ളവരും പേടിക്കണം. കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കിൽ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്കു മാറാം.  

ലക്ഷണങ്ങൾ  
∙ ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശിവലിവ് 
∙ ശക്തമായ ക്ഷീണവും തലകറക്കവും 
‌∙ തലവേദന, ഓക്കാനം, ഛർദി.  
∙ ശരീരം തണുത്താലും നാഡിമിടിപ്പിനു വേഗം കൂടും. 
∙ ശ്വസന നിരക്ക് അതിവേഗത്തിലാകും.

ഹീറ്റ് റാഷ്
ചൂടേറുമ്പോൾ ശരീരം വിയർക്കുന്ന ഭാഗങ്ങളിൽ ചൊറിഞ്ഞു തിണർത്തു പൊന്തുന്ന അവസ്ഥ. കുട്ടികളിൽ കൂടുതലായി കാണുന്നു. കഴുത്തിലും നെഞ്ചിന്റെ മുകൾഭാഗത്തും കക്ഷത്തിലും കാണപ്പെടാം. അധികം വെയിൽ ഏൽക്കാതിരിക്കലാണു പരിഹാര മാർഗം. ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ ഒഴിവാക്കുക.

സൂര്യാതപത്തിൽ നിന്ന് എങ്ങനെ 
രക്ഷപ്പെടാം?  
∙ വെയിലത്തു ജോലി ചെയ്യുന്നവർ ജോലിസമയം പുനഃക്രമീകരിക്കണം. ഉച്ചയ്ക്കു 12 മുതൽ 3 വരെ വെയിലത്തു ജോലി വേണ്ട.  
∙ വെള്ളം ധാരാളം കുടിക്കുക. ദാഹമില്ലെങ്കിൽ പോലും ഓരോ മണിക്കൂറിലും 2 മുതൽ 4 വരെ ഗ്ലാസ് വെള്ളം കുടിക്കുക. നന്നായി വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാ വെള്ളമോ കുടിക്കണം.  
∙ ചൂടുകൂടിയ സമയങ്ങളിൽ വെയിലേൽക്കാതിരിക്കുക.  
∙ കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.  
∙ വെയിലത്തു പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ കുട്ടികളെയും മറ്റും ഇരുത്തി പോകാതിരിക്കുക.  
∙ വയോധികരും കുട്ടികളും ഉച്ചവെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം.  
∙ വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com