ADVERTISEMENT

പയ്യന്നൂർ ∙ 2 ദിവസം മുൻപ് കാണാതായ യുവതിയെ, വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈ വീടിന്റെ പരിപാലന ചുമതലയുണ്ടായിരുന്ന യുവാവിനെ 22 കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇവർ സുഹ‍ൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹിതരാണ്. കോയിപ്രയിലെ എം.അനിലയെയാണ് (36) അന്നൂർ കൊരവയലിലെ റിട്ട. ജവാൻ ജിറ്റി ജോസഫിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിറ്റി വീട് നോക്കാൻ ഏൽപിച്ച മാതമംഗലത്തിനടുത്തുള്ള വെള്ളരിയാനത്തെ ടാപ്പിങ് തൊഴിലാളി കരിയംപ്ലാക്കൽ സുദർശൻ പ്രസാദിനെ (34) ആണ് ഇരൂളിലെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് സുദർശൻ.

സുദർശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടിൽ ചെന്നു നോക്കാൻ പറയുകയായിരുന്നു. സുഹൃത്തെത്തി ജനൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം നിലത്തു കിടക്കുന്നതു കണ്ടത്. മുഖത്ത് രക്തംപുരണ്ട് വികൃതമായ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിൽ ജോലിക്കു പോയ അനിലയെ കാണാനില്ലെന്ന് ബന്ധുക്കൾ പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. മരണം കൊലപാതകമാണെന്ന് അനിലയുടെ സഹോദരൻ അനീഷ് ആരോപിച്ചു. 

ജോലിക്കെന്നു പറഞ്ഞ് ശനി രാവിലെ വീട്ടിൽ നിന്നിറങ്ങിയ അനില ഉച്ചയ്ക്ക് മക്കളെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. താമസിക്കാൻ കണക്കാക്കി വീട്ടിൽ നിന്ന് വസ്ത്രങ്ങളുമായാണു പോയതെന്ന സംശയത്തിലാണു പൊലീസ്. അനിലയുടെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളജിൽ പൂർത്തിയായി. കഴുത്തു ഞെരിച്ചതിന്റെ പാടുകൾ മൃതദേഹത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. വായിലൂടെയും മൂക്കിലൂടെയും രക്തം വന്നു. അടിയേറ്റതായും സംശയിക്കുന്നു. വിശദമായ റിപ്പോർട്ട് ലഭിക്കുന്നതോടെയെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സുദർശന്റെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. അനിലയുടെ സംസ്കാരം ഇന്നു രാവിലെ 9.30ന് കോയിപ്ര പൊതുശ്മശാനത്തിൽ. മുരിക്കാൽ അശോകന്റെയും മീനാക്ഷിയുടെയും മകളാണ് അനില. ഭർത്താവ്: ബിജു ഇരിങ്ങൽ. മക്കൾ: അനാമിക, ആദിദേവ്. ഗോപാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ് മരിച്ച സുദർശൻ പ്രസാദ്. ഭാര്യ: നിഷ, മക്കൾ: വൈഗ, അർജുൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com