ബോംബ് നിർമാണത്തിനിടെ മരിച്ചവരും സിപിഎമ്മിന് രക്തസാക്ഷികൾ
Mail This Article
കണ്ണൂർ ∙ നിർമാണത്തിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ടതിനെത്തുടർന്നു നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ 2 പ്രവർത്തകരുടെ പേരിൽ സിപിഎം രക്തസാക്ഷി സ്മാരകമൊരുക്കി. പാനൂർ ചെറ്റക്കണ്ടി തെക്കുംമുറി എകെജി നഗറിൽ പണിത ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം 22ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ടെ കുന്നിൻമുകളിൽ ആളൊഴിഞ്ഞ പറമ്പിലാണ് 2015 ജൂൺ 6ന് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകരായ ഷൈജു (32), സുബീഷ് (29) എന്നിവർ കൊല്ലപ്പെട്ടു.
സ്‌ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നുമാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജനാണ്. സംസ്കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി ഭൂമിയിലും.
2016 ഫെബ്രുവരിയിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ സിപിഎം ധനസമാഹരണം നടത്തി. സ്മാരക സ്തൂപമുണ്ടാക്കി ആ വർഷം ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷി ദിനാചരണത്തിനും തുടക്കമിട്ടു.