കണ്ണൂർ∙വിഷമകരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെങ്കിലും വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെ ആരും കണ്ടിട്ടുണ്ടാവില്ല. വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പിരിമുറുക്കങ്ങളെ അലിയിച്ചു കളയാൻ നർമമായിരുന്നു നായനാർക്കു കൂട്ട്. ജനങ്ങൾ സ്നേഹിക്കുകയും ജനങ്ങളെ സ്നേഹിക്കുകയും ചെയ്ത നായനാരുടെ വേർപാടിന്റെ ഇരുപതാം വാർഷിക ദിനമാണിന്ന്. 2004 മേയ് 19ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നായനാർ കേരളത്തെ ചിരിപ്പിച്ച ഏറെ തമാശകളുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ കൊതുകുശല്യം ഇല്ലാതാക്കാനായി പദ്ധതികൊണ്ടുവന്നു. ഇപ്പോഴത്തെ മന്ത്രി വി.ശിവൻകുട്ടിയായിരുന്നു അതിനു പിന്നിൽ. ‘ഗുഡ്ബൈ മൊസ്കിറ്റോ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരായിരുന്നു.
പ്രസംഗത്തിനിടെ നായനാർ ശിവൻകുട്ടിയോടു ചോദിച്ചു. ‘കൊതുകിന് ഇംഗ്ലിഷ് മനസ്സിലാവോടോ, ഗുഡ്ബൈ എന്നു പറഞ്ഞാൽ കൊതുകു പോകുമോ?’– നായനാരുടെ നർമത്തിൽ ജനക്കൂട്ടം ചിരിച്ചു കുഴഞ്ഞുമറിഞ്ഞു. നർമത്തെ ആയുധമാക്കുമ്പോൾ അത് ആർക്കു നേരെയാണെന്നൊന്നും നായനാർ നോക്കാറുണ്ടായിരുന്നില്ല.
പ്രമേഹരോഗിയാണെന്ന കാര്യം നായനാർ മറച്ചു വച്ചിരുന്നില്ല. ഒരു ചടങ്ങിൽ നായനാർക്ക് ചായ കൊടുത്തു. നായനാരുടെ ഷുഗർ പ്രശ്നം അറിയാവുന്ന സംഘാടകർ മധുരമില്ലാത്ത ചായയാണു നൽകിയത്. ഏതു ചായയാണ് നായനാർക്ക് നൽകിയതെന്നു മനസ്സിലാക്കാതെ, വേദിയിൽ അടുത്തുണ്ടായിരുന്നയാൾ നായനാരോടു ചോദിച്ചു ‘ഷുഗർ എങ്ങനെയുണ്ട്’ എടുത്തടിച്ചപോലെ നായനാരുടെ മറുപടി വന്നു. ‘എനിക്കുണ്ട്, ചായയിലില്ല’.
കെ.എം.മാണിയെ കുഞ്ഞുമാണിയെന്നും എ.കെ.ആന്റണിയെ അന്തോണിയെന്നും എം.എം.ഹസ്സനെ വകുപ്പില്ലാമന്ത്രിയെന്നും വിളിക്കാൻ ഇ.കെ.നായനാർക്കേ കഴിയൂ.ആ വിളിയിൽ അവരാരും വേദനിക്കുകയോ മുഖം കറുപ്പിക്കുകയോ ചെയ്തിരുന്നില്ല. ‘ഭഗവാനെന്തിനാ പാറാവ്’ എന്നു ചോദിക്കാൻ ഒരു മുഖ്യമന്ത്രിയും ഇന്നു മുതിരുമെന്നു തോന്നുന്നില്ല. നായനാർക്ക് അതിനു കഴിയുമായിരുന്നു. കണ്ണൂർ ശൈലിയിൽ തനിനാടൻ മട്ടിൽ അദ്ദേഹം പറഞ്ഞ തമാശകളെ അങ്ങനെത്തന്നെ ഉൾക്കൊള്ളാൻ മലയാളികൾക്കു കഴിഞ്ഞു.
കൊലവിളിയും വിദ്വേഷവും അപവാദ പ്രചാരണവുമായി ഇന്ന് രാഷ്ട്രീയ രംഗം മാറിക്കൊണ്ടിരിക്കുമ്പോൾ ഇ.കെ.നായനാരുടെ അസാന്നിധ്യം ഉണ്ടാക്കുന്ന ശൂന്യത വലുതാണ്. രാഷ്ട്രീയ നേതാക്കൾക്ക് ഇത്ര ബലംപിടിത്തം വേണോ എന്നു തോന്നിപ്പോകുമ്പോഴെല്ലാം അറിയാതെ നായനാരുടെ ചിരി മലയാളിയുടെ മനസ്സിലേക്കെത്തും. നായനാരുടെ 20ാം ചരമവാർഷിക ദിനത്തിൽ, അദ്ദേഹത്തെ ഓർക്കുകയാണു നേതാക്കൾ.
സിപിഎമ്മിന്റെ നേതൃത്വത്തിൽ അനുസ്മരണം ഇന്ന് കണ്ണൂർ∙മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ 20-ാം ചരമ വാർഷിക ദിനം സിപിഎം നേതൃത്വത്തിൽ ഇന്ന്ആചരിക്കും. രാവിലെ 8ന് പയ്യാമ്പലത്തെ നായനാർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ എന്നിവരും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. തുടർന്ന് ബർണശ്ശേരി നായനാർ അക്കാദമിയിൽ അനുസ്മരണ പരിപാടി നടക്കും. വൈകിട്ട് 5ന് കല്യാശ്ശേരിയിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. നായനാർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവും നടത്തുന്നുണ്ട്.
പച്ചയായ മനുഷ്യൻ
ഇ.കെ.നായനാർക്ക് ആരോടും എന്തും സംസാരിക്കാമായിരുന്നു. അങ്ങനെയൊരു അംഗീകാരം ജനങ്ങൾ അദ്ദേഹത്തിനു നൽകിയിരുന്നു. തിരുവനന്തപുരത്ത് ഒരിക്കൽ തിരഞ്ഞെടുപ്പ് റാലി നടക്കുകയാണ്. ഞാൻ അതിൽ പ്രസംഗിച്ചിരികൊണ്ടിരിക്കുമ്പോൾ നായനാർ എത്തി. അപ്പോൾ വലിയ ആരവമായി. നായനാർ എത്തിയെന്നും അതിനാൽ പ്രസംഗം അവസാനിപ്പിക്കുകയാണെന്നും ഞാൻ പറഞ്ഞു. ‘നീ നിർത്തല്ലെടോ, തട്ടിക്കോ തട്ടിക്കോ’ എന്നു പറഞ്ഞു കൊണ്ട് നായനാർ സ്റ്റേജിലേക്കു കയറി വന്നു. സഖാവിന്റെ പ്രസംഗം കേൾക്കാനാണ് ആളുകൾ നിൽക്കുന്നതെന്നു പറഞ്ഞപ്പോൾ നിന്റെ പ്രസംഗം ഞാനൊന്നു കേൾക്കട്ടെയെന്നായി നായനാർ. സഖാവിന്റെ പ്രസംഗം കേൾക്കാനാണ് ഞാനും നിൽക്കുന്നതെന്ന് ഞാൻ പറഞ്ഞു. എന്നാൽ പിന്നെ ഞാൻ പ്രസംഗിക്കാമെന്നു പറഞ്ഞ് നായനാർ മൈക്കിനടുത്തേക്കു വന്നു. ‘എടോ നിന്റെ പ്രസംഗത്തിന് ആളുകളെല്ലാം കയ്യടിച്ചിട്ടുണ്ട്. നിനക്ക് സന്തോഷമായിക്കാണുമല്ലേ. ആ കയ്യടിച്ചവരെ നിനക്കറിയാമോ, അവരെല്ലാം കള്ളന്മാരാണ്. പ്രസംഗത്തിന് കയ്യടിക്കും വോട്ട് അപ്പുറത്തു ചെയ്യും. അതാണ് ഈ കള്ളന്മാർ.’ നായനാർ അതുപറഞ്ഞപ്പോഴും നിറഞ്ഞ കയ്യടിയായിരുന്നു. ഇക്കാലത്ത് ഏതെങ്കിലുമൊരു നേതാവ് അങ്ങനെ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അദ്ദേഹം നർമത്തിൽ പൊതിഞ്ഞു പറഞ്ഞതിന്റെ ഉള്ളടക്കം ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നു. ഏതു വിഷമം പിടിച്ച കാര്യവും നായനാർ നർമത്തിൽ പൊതിഞ്ഞ്, തീർക്കുമായിരുന്നു. ജനങ്ങളോടു കാണിച്ച സ്നേഹവും കാരുണ്യവും എടുത്തു പറയേണ്ടതാണ്.
ഇന്നത്തെ രാഷ്ട്രീയ രംഗത്തെ സംഘർഷവും വിദ്വേഷവുമെല്ലാം കാണുമ്പോൾ ഇ.കെ.നായനാർ ഉണ്ടായിരുന്നുവെങ്കിലെന്ന് എല്ലാവർക്കും തോന്നിപ്പോകും. സമാധാനവും സ്നേഹവും ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും അങ്ങനെ കൊതിച്ചു പോകും. നായനാർ കേരളത്തിലെ ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്തു. എത്രയോ വലിയ കലുഷിതമായ സാഹചര്യത്തിലൂടെ രാഷ്ട്രീയം കടന്നു പോകുമ്പോഴും തന്റെ സ്വതസിദ്ധമായ നർമം കൊണ്ട് അതിനെയെല്ലാം ലഘൂകരിച്ച് നേരിടാനുള്ള കഴിവ് നായനാർക്കുണ്ടായിരുന്നു. നായനാരുടെ അസാന്നിധ്യം വാസ്തവത്തിൽ വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അതു നികത്താൻ ഇപ്പോൾ കേരളത്തിൽ ആരുമില്ലെന്നതാണ് ദുഃഖകരമായ സത്യം.
ഇ.കെ.നായനാർ ജീവിതകാലം മുഴുവനും പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയായിരുന്നു. ഭരണരംഗത്തും സംഘടനാ രംഗത്തും അദ്ദേഹത്തിന് സ്വതസിദ്ധമായ ശൈലിയുണ്ടായിരുന്നു. ജനങ്ങളെ ആകർഷിക്കാനും അവരുടെ സ്വീകാര്യത നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. നായനാരുടെ ആ ശൈലി എല്ലാവർക്കും അനുകരിക്കാൻ കഴിയുന്നതാണെന്നു തോന്നുന്നില്ല. ഭരണരംഗത്തും സംഘടനാ രംഗത്തും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ മാതൃകാപരമായിരുന്നു. അതു പിന്തുടരുക അത്ര എളുപ്പമുള്ള കാര്യമല്ല. വിയോഗം കഴിഞ്ഞ് രണ്ടു ദശകത്തിനു ശേഷവും നായനാരുടെ സ്മരണകൾ ജനങ്ങളിൽ തുടിച്ചുനിൽക്കുകയാണ്. ലോകത്തിലെ എല്ലാ മലയാളികൾക്കും എക്കാലവും ഓർക്കാൻ കഴിയുന്ന തരത്തിലുള്ള ഏറെ കാര്യങ്ങൾ അദ്ദേഹം ചെയ്തു. എന്റെ അമ്മയുടെ അമ്മാവന്റെ മകളാണ് നായനാരുടെ ഭാര്യ ശാരദ ടീച്ചർ. നായനാർ നാടിന്റെയാകെ നേതാവായിരുന്നു; കേരളത്തിലെ എല്ലാ പാർട്ടി നേതാക്കളുടെയും നേതാവായിരുന്നു.
പ്രസാദാത്മകതയായിരുന്നു നായനാരുടെ മുഖമുദ്ര. ഏതു സങ്കീർണമായ സാഹചര്യങ്ങളെയും നർമത്തിൽ ചാലിച്ച വാക്കുകൾ കൊണ്ട് അലിയിച്ചു കളയുന്ന ഉത്തമനായ മനുഷ്യൻ. എതിർ ചേരിയിലുള്ളവരോടു പോലും സ്നേഹ ബഹുമാനങ്ങൾ കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മാതൃക പുതുതലമുറയിലെ രാഷ്ട്രീയ പ്രവർത്തകർ ഉൾക്കൊള്ളേണ്ടതാണ്.
ഞാൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന സമയത്തൊരിക്കൽ കല്യാശ്ശേരി ബൂത്തിൽ യുഡിഎഫ് ഏജന്റിനെ അടിച്ചോടിച്ചതായി വിവരം കിട്ടി. ഞാൻ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഉടനെ നായനാർ ബൂത്തിൽ എത്തുമെന്ന്. ഞാൻ നായനാരെ കാത്തിരുന്നു. കണ്ട പാടേ ‘എന്താടോ സ്ഥാനാർഥിയായിട്ട് ഇവിടെ നിൽക്കുന്നു. അങ്ങുമിങ്ങുമൊന്നും പോണ്ടെ’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള ചോദ്യം. ബൂത്തിൽ എന്റെ ഏജന്റിനെ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന് അറിയിച്ചപ്പോൾ ‘എടോ തിരഞ്ഞെടുപ്പ് കാലമല്ലേ എന്താ ചെയ്ക.’ എന്നായിരുന്നു മറുപടി. എന്നാൽ ഇന്നത്തെ പോലെ തെറ്റിനെ ന്യായീകരിക്കാൻ നായനാർ തയാറായില്ല. അതു കഴിഞ്ഞു ഞാൻ ജയിച്ചു തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകുമ്പോൾ നായനാരും അതേ കോച്ചിൽ. കണ്ട ഉടനെ നിറഞ്ഞ ചിരിയുമായി അദ്ദേഹം പറഞ്ഞു. ‘എന്താടോ നീ ജയിച്ചു അല്ലേ. അനക്കറിയായിരുന്നു നീ ജയിക്കുമെന്ന്.’ ഇത്രമാത്രം സത്യസന്ധത വച്ചു പുലർത്തിയ നേതാവിനെ കമ്യുണിസ്റ്റ് പാർട്ടിയിൽ ഞാൻ കണ്ടിട്ടില്ല.
സൗഹൃദവും സ്നേഹവും നർമവും ചേർത്തു പിടിച്ച് അങ്ങനെയും കമ്യൂണിസ്റ്റ് ആവാമെന്നു തെളിയിച്ച നേതാവാണ് ഇ.കെ.നായനാർ. കമ്യൂണിസ്റ്റ് എന്നാൽ ഇത്രയും സൗമ്യനാണെന്ന് ജനങ്ങൾക്കു കാണിച്ചുകൊടുത്ത സൗഹൃദ മുഖമാണ് അദ്ദേഹത്തിന്റേത്. കേരള രാഷ്ട്രീയത്തിലെ ശക്തനായ രാഷ്ട്രീയ നേതാവു കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നർമം ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ചെറുപ്പകാലത്ത് ഞാനൊക്കെ ആസ്വദിച്ചിരുന്നത്. രാഷ്ട്രീയത്തിലും ഭരണത്തിലുമെല്ലാം കോംപ്രമൈസിന് തയാറുള്ള നേതാവായിരുന്നു. 20 വർഷത്തിനു ശേഷവും അദ്ദേഹത്തിനു പകരം വയ്ക്കാൻ ആളുണ്ടായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.