എവി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്കൂൾ മൈതാനം വെള്ളത്തിൽതന്നെ
Mail This Article
കരിവെള്ളൂർ ∙ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന എവി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. മഴക്കാലത്ത് കുട്ടികൾ ചെളിവെള്ളം ചവിട്ടി വേണം സ്കൂളിലെത്താൻ. ഓട ഇല്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. ദേശീയപാതയ്ക്കുവേണ്ടി സ്കൂൾ മൈതാനത്തിന്റെ ഒരു ഭാഗം വിട്ടുകൊടുത്തിരുന്നു. സർവീസ് റോഡ് നിർമാണം ആരംഭിച്ചതോടെ വെള്ളത്തിന്റെ ഒഴുക്കുനിന്നു. ശക്തമായ മഴ പെയ്താൽ മൈതാനത്തിലെ വെള്ളം സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കയറും.
സർവീസ് റോഡിന് അരികിലൂടെ ഓട നിർമിച്ചാൽ മാത്രമേ മൈതാനത്തിലെ വെള്ളം ഒഴുകിപ്പോകൂ. മറ്റു ഭാഗങ്ങളിലെല്ലാം ഓട ആരംഭിച്ചപ്പോൾ സ്കൂൾ മൈതാനത്തിന്റെ ഭാഗം ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കുന്നു. മൈതാനത്തിന്റെ കിഴക്കുഭാഗത്ത് കൂടി ഓട നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കലക്ടർക്കും ദേശീയപാത അധികൃതർക്കും നിവേദനം നൽകിയിരുന്നു. എന്നാൽ മഴ ആരംഭിച്ചിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.