കെ.സുധാകരന് 23,481 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷം നൽകി പേരാവൂർ
Mail This Article
ഇരിട്ടി∙ കണ്ണൂരിൽ കെ.സുധാകരന്റെ തകർപ്പൻ വിജയത്തിൽ 23481 വോട്ടിന്റെ ഭൂരിപക്ഷം നൽകി പേരാവൂർ നിയോജക മണ്ഡലം. പോളിങ് ശതമാനത്തിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ 8 ശതമാനത്തിന്റെ കുറവ് ഉണ്ടായപ്പോഴും കാൽ ലക്ഷത്തിനടുത്തു ഭൂരിപക്ഷം നൽകി പേരാവൂർ യുഡിഎഫിന്റെ ഉരുക്കുകോട്ടയാണെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചു. മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 8 ലും യുഡിഎഫ് മേധാവിത്വം പുലർത്തി.
സിപിഎമ്മിന്റെ ചുവപ്പൻ കോട്ടയായി അറിയപ്പെടുന്ന മുടക്കോഴി ഉൾപ്പെടുന്ന മുഴക്കുന്ന് പഞ്ചായത്തിൽ അടക്കം യുഡിഎഫിന് ലഭിച്ച ലീഡ് സിപിഎം നേതൃത്വത്തെ അമ്പരപ്പിലാക്കി. മുഴക്കുന്നിൽ 1108 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനു ലഭിച്ചു.
യുഡിഎഫിന് ഏറ്റവും കൂടുതൽ ലീഡ് ലഭിച്ചത് ഇരിട്ടി നഗരസഭയിലാണ്. 5338 വോട്ട്.
അയ്യൻകുന്നിൽ 4829, ആറളത്ത് 4501, കണിച്ചാറിൽ 2297, കേളകത്ത് 1911, കൊട്ടിയൂരിൽ 2649, പേരാവൂരിൽ 953 എന്നിങ്ങനെയാണു മറ്റു പഞ്ചായത്തുകളിലെ ലീഡ് നില. പായം പഞ്ചായത്തിൽ 105 വോട്ടിന്റെ ഭൂരിപക്ഷം നേടാനായതു മാത്രമാണു എൽഡിഎഫിനുണ്ടായ ഏക ആശ്വാസം. അയ്യൻകുന്നും കൊട്ടിയൂരും ഒഴികെയുള്ള മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് എൽഡിഎഫാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 23666 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇക്കുറി 185 വോട്ടിന്റെ കുറവ് ഉണ്ടായെങ്കിലും പോളിങ് ശതമാനത്തിലെ കുറവ് അനുസരിച്ചു വൻ മുന്നേറ്റം ആണു ലഭിച്ചതെന്നു യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി.
പോളിങ് ശതമാനം കുറഞ്ഞതു പേരാവൂർ മണ്ഡലത്തിൽ തങ്ങൾക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ് കേന്ദ്രങ്ങൾ. നിയോജക മണ്ഡലത്തിൽ ബിജെപിക്കും വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. പായത്ത് 2179, ഇരിട്ടി നഗരസഭയിൽ 4334, പേരാവൂരിൽ 2117 എന്നിങ്ങനെ നിയോജക മണ്ഡലത്തിൽ ആകെ 15407 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ സണ്ണി ജോസഫ് എംഎൽഎ 3172 വോട്ടിന്റെ ഭൂരിപക്ഷവുമായി ആണു വിജയിച്ചത്. 7 മടങ്ങിൽ അധികം നേടാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ സാധിച്ചു. അയ്യൻകുന്ന്, ആറളം, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ യുഡിഎഫിന് നൽകിയ മേൽക്കൈയിൽ ആയിരുന്നു സണ്ണി ജോസഫിന്റെ വിജയം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മേൽക്കൈ നേടിയ പായം ഒഴികെ മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ഇക്കുറി യുഡിഎഫിനു ലീഡ് നൽകി.പായത്ത് 2578 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനു ലഭിച്ചിടത്താണു ഇക്കുറി 105 ലേക്ക് താഴ്ന്നത്.