പറശ്ശിനിക്കടവിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി സുരേഷ് ഗോപി; കാത്തുനിന്നത് വൻ ജനാവലി
![kannur-suresh-gopi കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2024/6/13/kannur-suresh-gopi.jpg?w=1120&h=583)
Mail This Article
തളിപ്പറമ്പ്∙പറശ്ശിനിക്കടവ് മുത്തപ്പസന്നിധിയിലും രാജരാജേശ്വരന്റെ മുന്നിലും ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വൻ ജനാവലിയാണ് രാജരാജേശ്വര ക്ഷേത്രത്തിൽ രാത്രി വൈകിയും സുരേഷ് ഗോപിയെ കാത്തുനിന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സുരേഷ് ഗോപി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ മുത്തപ്പൻ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു.
![kannur-temple പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സുരേഷ് ഗോപി മുത്തപ്പന്റെ പ്രസാദം കഴിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
തുടർന്ന് മടപ്പുരയിൽ എത്തിയ അദ്ദേഹം മുത്തപ്പന്റെ ഇഷ്ടനിവേദ്യം അർപ്പിച്ച് വണങ്ങി. കഴകപ്പുരയിൽ മടപ്പുര കുടുംബാംഗങ്ങളുമായി സംവദിച്ച ശേഷം ക്ഷേത്രഓഫിസിൽ എത്തിയ സുരേഷ് ഗോപിക്കും കൂടെയുള്ള ബിജെപി നേതാവ് കെ.രഞ്ജിത്ത്, കണ്ണൂരിൽ സ്ഥാനാർഥിയായിരുന്ന സി.രഘുനാഥിനും മുത്തപ്പന്റെ പ്രസാദമായ പുഴുങ്ങിയ പയറും തേങ്ങയും നൽകി.
രാത്രി 8.10 ഓടെയാണ് സുരേഷ് ഗോപി രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി വൻ ജനാവലിയാണ് അദ്ദേഹത്തെ കാത്ത് നിന്നത്. കാറിൽ നിന്ന് ഇറങ്ങിയ സുരേഷ് ഗോപിയെ ബിജെപി മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങുനിയുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര കവാടത്തിന് സമീപം ടിടികെ ദേവസ്വം പാരമ്പര്യ ട്രസ്റ്റ് കെ.ഇ.രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഭാരവാഹികളും ജീവനക്കാരും സുരേഷ് ഗോപിയെ സ്വീകരിച്ചു. ക്ഷേത്ര കവാടത്തിന് അകത്ത് കാത്ത് നിന്ന വൻ ജനക്കൂട്ടം കരഘോഷത്തോടെയാണ് സുരേഷ് ഗോപിയെ വരവേറ്റത്.
മതിൽകെട്ടിനുള്ളിൽ ബലിക്കല്ല് വരെയുള്ള സ്ഥലത്തും വൻജനാവലി കാത്തുനിന്നിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം വച്ച് നമസ്കരിച്ച ശേഷം കൊട്ടുംപുറത്ത് മറ്റു ചടങ്ങുകളും പൂർത്തിയാക്കിയാണ് സുരേഷ് ഗോപി മടങ്ങിയത്. ബിജെപി നേതാവ് കെ.രഞ്ജിത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.