ADVERTISEMENT

കണ്ണൂർ∙ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ ബിജിലേഷിന്റെ വീട്ടിൽ വിരിഞ്ഞത് ഒന്നും രണ്ടുമല്ല,  35 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണു ബിജിലേഷ് കോടിയേരിയുടെ തയ്യുള്ളതിൽ വീട്ടിൽ 35 പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞത്. 

പാനൂർ മനേക്കരയിൽ ഏപ്രിൽ മാസത്തിലാണു പെരുമ്പാമ്പിന്റെ മുട്ടകൾ കണ്ടെത്തിയത്. കണ്ണവം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്നു മുട്ടകൾ ബിജിലേഷ് തന്റെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

മുട്ടകൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം കൂടുകളും തയാറാക്കി. രണ്ടു ദിവസം മുൻപാണു മുട്ടകൾ വിരിഞ്ഞു തുടങ്ങിയത്. ഇന്നലെ 35 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളും പുറത്തുവന്നു. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നാരോത്തിന്റെയും കണ്ണവം സെക്​ഷൻ ഫോറസ്റ്റർ സുനിൽ കുമാറിന്റെയും നിർദേശത്തെത്തുടർന്നു പാമ്പിൻ കുഞ്ഞുങ്ങളെ അതിന്റെ ആവാസസ്ഥലത്തേക്കു മാറ്റി.

സഹായിയായി യാഗേഷ് കൃഷ്ണനും ബിജിലേഷിനൊപ്പം ഉണ്ടായിരുന്നു. 40 മുതൽ 60 ദിവസങ്ങളെടുത്താണു പെരുപാമ്പിന്റെ മുട്ടകൾ വിരിയുന്നതെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു. 

1972 വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്നതാണു പെരുമ്പാമ്പുകൾ. ഇവയെ കൊല്ലുകയോ അപകടപ്പെടുത്തുകയോ ചെയ്താൽ ഏഴു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. 

പാമ്പുകളിൽ നിന്നു മനുഷ്യരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് ആരംഭിച്ച സർപ്പ ആപ്പിന്റെ സഹായത്തോടെ പാമ്പുപിടിത്ത ലൈസൻസുള്ള വ്യക്തികളുമായി ബന്ധപ്പെടാം. അവരുടെ ഫോൺ നമ്പറടക്കം ആപ്പിൽ നിന്നു ലഭിക്കും. ആന്റിവെനം ലഭ്യമാകുന്ന ആശുപത്രികളെക്കുറിച്ചും പാമ്പുകളെ തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com