മിടിപ്പില്ലാതെ സമഗ്ര വികസന പദ്ധതി: തറക്കല്ലിട്ട് മടക്കം; നടപ്പാക്കാൻ ആളില്ല
Mail This Article
പരിയാരം∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ പ്രഖ്യാപിച്ച സമഗ്ര വികസന പദ്ധതി ഏറെ ചർച്ചയായിരുന്നു. ആദ്യ ഘട്ടത്തിൽ 500 കോടി രൂപയുടെ പദ്ധതികളാണു പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് തുക 12 മടങ്ങ് വെട്ടിക്കുറച്ച് 40 കോടി രൂപയാക്കി താഴ്ത്തി.
നവീകരണം പേരിനുമാത്രം
3 വർഷം മുൻപാണ് ആശുപത്രിയിൽ നവീകരണം ആരംഭിച്ചത്. അതും 40 കോടി രൂപയുടേതു മാത്രം. 2018 ഏപ്രിൽ 27ന് പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത ഉദ്ഘാടന ചടങ്ങിൽ അന്നത്തെ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പരിയാരം മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിനുള്ള 300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ ഇപ്പോഴും ഫയലിൽത്തന്നെയാണ്. പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കു പുതിയ തസ്തിക അനുവദിച്ചെങ്കിലും ഇപ്പോഴും ആൾക്ഷാമം തീർന്നിട്ടില്ല. അത്യാധുനിക ചികിത്സാ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടില്ല. അതിനുപുറമേയാണ് സ്ഥലസൗകര്യത്തിന്റെ പരിമിതിയും.
തറക്കല്ലിട്ട് മടക്കം; നടപ്പാക്കാൻ ആളില്ല
തറക്കല്ലിടൽ ആഘോഷമാക്കുന്ന അധികൃതരും സർക്കാരും പിന്നീട് ആ വഴി തിരിഞ്ഞുനോക്കില്ലെന്നു രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. 2008ലാണു രാജ്യാന്തര നിലവാരമുള്ള നെഫ്രോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി അന്നത്തെ സഹകരണ മന്ത്രിയായിരുന്ന ജി.സുധാകരൻ തറക്കല്ലിട്ടത്.
ഇതിനായി 2 കോടി രൂപയും അനുവദിച്ചു. എന്നാൽ, 16 വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 150 കോടി രൂപയുടെ വികസന പദ്ധതിയുടെ ശിലാസ്ഥാപനം അധികൃതർ നടത്തി. അത്യാധുനിക രീതിയിൽ ട്രോമ കെയർ കെട്ടിടം, സൂപ്പർ സ്പെഷൽറ്റി കെട്ടിട സമുച്ചയം, കൂട്ടിരിപ്പുകാർക്കു വിശ്രമ കേന്ദ്രം എന്നിവയെല്ലാം പ്രഖ്യാപിക്കുകയും ചെയ്തു. അതെല്ലാം വെറും പ്രഖ്യാപനം മാത്രമായി.
നാളെ:പരാതികളൊഴിയാതെ പ്രഖ്യാപനത്തിലൊതുങ്ങിയ മറ്റു പ്രധാന പദ്ധതികൾ
∙ സംസ്ഥാനത്തെ മികച്ച ഹൃദയ ചികിത്സാ കേന്ദ്രമായ പരിയാരത്തെ കാർഡിയോളജിക്ക് പ്രത്യേക കെട്ടിടം നിർമിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി സെന്ററാക്കും.
∙ 1,07,089 സ്ക്വയർ വിസ്തീർണമുള്ള 5 നിലകളോടു കൂടിയ അത്യാധുനിക ട്രോമ കെയർ കെട്ടിടം.
∙ സൂപ്പർ സ്പെഷൽറ്റി ചികിത്സാ വിഭാഗം ഒരു കൂടക്കീഴിലാക്കുന്നതിനായി പ്രത്യേക ബ്ലോക്ക്.
∙ ഡയാലിസിസ് യൂണിറ്റ് വിപുലീകരണം.
∙ മെഡിക്കൽ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട ഹോസ്റ്റൽ സൗകര്യം.
∙ റോഡ് നവീകരണം, ചുറ്റുമതിൽ നിർമാണം എന്നിവയ്ക്കൊപ്പം മാലിന്യ നിർമാർജനത്തിനായി പുതിയ സംസ്കരണ പ്ലാന്റ്.
∙ ജലക്ഷാമം പരിഹരിക്കുന്നതിനായി ശുദ്ധജല പദ്ധതി.
∙ വിവിധ വകുപ്പുകളിൽ കൂടുതൽ ഡോക്ടർമാരുടെ നിയമനം.
∙ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം.
∙ ഓപ്പറേഷൻ, ഐസിയു സമുച്ചയം വാർഡ് നവീകരണം.