നേർച്ചപ്പെട്ടി കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ; പിടികൂടിയത് കോളജ് വിദ്യാർഥികൾ
Mail This Article
പയ്യന്നൂർ∙ ടൗണിലെ ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി കുത്തിത്തുറക്കുന്നതിനിടയിൽ കുപ്രസിദ്ധ മോഷ്ടാവ് വിദ്യാർഥികളുടെ പിടിയിലായി. ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയായ കാസർകോട് ബളാൽ അത്തിക്കടവിലെ സി.ഹരീഷ്കുമാറിനെ (50)ആണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്.മസ്ജിദിന് കീഴിലെ അറബിക് കോളജ് വിദ്യാർഥികൾ ഹോസ്റ്റലിൽ ഉറങ്ങുമ്പോൾ രാത്രി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പിക്കാസ് ഉപയോഗിച്ച് ഒരാൾ നേർച്ചപ്പെട്ടി കുത്തിത്തുറക്കുന്നത് കണ്ടത്.
വിദ്യാർഥികൾ സംഘടിച്ച് കള്ളനെ പിടികൂടി. മസ്ജിദ് പറമ്പിലേക്ക് കോണി വച്ച് മതിൽ കയറി വന്നതിനാൽ കള്ളന് എളുപ്പത്തിൽ പുറത്തേക്ക് ചാടാൻ കഴിഞ്ഞില്ല.തുടർന്ന് വിദ്യാർഥികൾ കള്ളനെ പൊലീസിന് കൈമാറി. ജുമാ മസ്ജിദ് സെക്രട്ടറി നാദിറ മൻസിലിൽ മുഹമ്മദ് ആഷിഖിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.പ്രതിയെ റിമാൻഡ് ചെയ്തു. കാപ്പ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്.