തേക്കുമരത്തിന്റെ ചുവട്ടിൽ പോയി നിൽക്കരുത്; പണി കിട്ടുന്നത് അറിയില്ല: ദുരിതത്തിലായി ജനം
Mail This Article
ഇരിക്കൂർ∙ മലയോര മേഖലയിലെ തേക്കുമരങ്ങളിൽ വ്യാപകമായിട്ടുള്ള പുഴുശല്യം ജനങ്ങളെ വലയ്ക്കുന്നു. വീടുകളിലും കിണറുകളിലും വരെ പുഴുക്കൾ എത്താൻ തുടങ്ങിയതാണ് പല കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നത്. ഇവ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞു തടിക്കും. പുഴു ശല്യമേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയവരുമുണ്ട്.
കൂട്ടമായെത്തുന്ന കറുത്തനിറത്തിലുള്ള പുഴുക്കൾ, കൂറ്റൻ തേക്ക് മരത്തിന്റെ ഇലകൾ പോലും ഒരു പകൽ കൊണ്ട് തിന്നു തീർക്കും. ഇലകളുടെ ഭാഗമായുള്ള ചെറിയ തണ്ടുകൾ ഉൾപ്പെടെയാണ് ഭക്ഷണം. ഇല തീരുന്നതോടെ ഇവ പുറപ്പെടുവിക്കുന്ന പ്രത്യേകതരം നൂലിൽ മണ്ണിലേക്കിറങ്ങുകയും വീടുകളിലും പറമ്പുകളിലും വിഹരിക്കുകയുമാണ്. വീടുകൾക്കുള്ളിൽ ഭക്ഷണ സാധനങ്ങളിൽ വരെ പുഴുക്കൾ എത്തുന്നുണ്ട്.
കാറ്റിൽ കിണറുകളിൽ പാറിയെത്തുന്നത് മൂലം ശുദ്ധജലം മലിനമാകുന്ന സ്ഥിതിയുമുണ്ട്. ശല്യം വർധിച്ചതോടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കിണർ മറച്ചിരിക്കുകയാണ് പല വീട്ടുകാരും. റോഡരികിലെ തേക്ക് മരങ്ങളുടെ ശിഖരങ്ങളിൽ ഇവ നൂലിൽ തൂങ്ങിക്കിടക്കുന്നത് കാരണം ദേഹത്ത് തട്ടി കാൽനട യാത്രക്കാരും ദുരിതത്തിലാണ്.