‘തെളിനീരൊഴുകും’ വടക്കൻനദികൾ; മാലിന്യം കുറഞ്ഞ നദികൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ
Mail This Article
കണ്ണൂർ∙ കേരളത്തിൽ മാലിന്യം കുറഞ്ഞ നദികൾ എവിടെയാണെന്നു ചോദിക്കുമ്പോൾ ധൈര്യമായിട്ടു പറയാം കണ്ണൂർ, കാസർകോട് ജില്ലകളിലാണെന്ന്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിലാണ് ഇവിടത്തെ പുഴകളിൽ മലിനീകരണ തോത് കുറവാണെന്നുള്ളത്. അതേസമയം, കേരളത്തിലെ ഏറ്റവും മലിനമായ നദി കോഴിക്കോട്ടെ കല്ലായിപ്പുഴയാണെന്നാണ് റിപ്പോർട്ടിലുള്ളത്. വെള്ളത്തിൽ കലരുന്ന വിസർജ്യത്തിന്റെ തോത് അനുസരിച്ചുള്ള ഫീക്കൽ കോളിഫോം കൗണ്ട് (എഫ്സി കൗണ്ട്) വളപട്ടണം പുഴയിൽ 100 മില്ലി ലീറ്ററിൽ 79 മുതൽ 400 വരെയാണ്. അനുവദനീയ പരിധി 2500.
കാസർകോട് ചന്ദ്രഗിരിപ്പുഴയിൽ അത് 32 മുതൽ 400 വരെ. കോഴിക്കോട് കല്ലായിപ്പുഴയിൽ ഇത് 4,10,000 മുതൽ 4,80,000 വരെ. ഇപ്പോൾ മനസ്സിലാകും കല്ലായിപ്പുഴയും വളപട്ടണം പുഴയും തമ്മിലുള്ള മലിനീകരണതോതിന്റെ വ്യത്യാസം.വെള്ളത്തിലെ ഓക്സിജന്റെ അളവു പരിശോധിച്ച് മലിനീകരണത്തോത് കണക്കാക്കുന്ന ബിഒഡി (ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്) നിരക്കും ഇവിടെ കുറവാണ്. വളപട്ടണം പുഴയിൽ ലീറ്ററിൽ 2.6 മില്ലിഗ്രാം വരെ. പഴശ്ശി റിസർവവോയറിനു സമീപത്തുനിന്നെടുത്ത സാംപിളിലാണ് ഈ അളവ്.
അനുവദനീയ തോത് 3 മില്ലിഗ്രാം ആണ്. കാസർകോട് ചന്ദ്രഗിരിപ്പുഴയിൽ 2 മില്ലിഗ്രാം മാത്രമാണ് ബിഒഡിയുള്ളത്. അതേസമയം കല്ലായിപ്പുഴയിൽ ലീറ്ററിൽ 12.8 മില്ലി ഗ്രാം വരെയാണ്.കണ്ണൂർ ജില്ലയിലെ തലശ്ശേരി, കക്കാട്, അഞ്ചരക്കണ്ടി, കവ്വായി, കുപ്പം, വളപട്ടണം, കാസർകോട്ടെ ചന്ദ്രഗിരി, നീലേശ്വരം, ഉപ്പള, മൊഗ്രാൽ പുഴകളിലെ സാംപിളുകളാണ് പരിശോധനയ്ക്കെടുത്തത്. സംസ്ഥാനത്തെ 130 ഇടങ്ങളിലാണു പരിശോധന നടന്നത്. അതിൽ 103 ഇടങ്ങളിലെ വെള്ളവും മലിനമാണെന്നാണു റിപ്പോർട്ടിലുള്ളത്. അതിലൊന്നും ഇവിടത്തെ പുഴകളില്ല.
ബിഒഡി നിരക്ക് അഞ്ചരക്കണ്ടി പുഴയിൽ അനുവദനീയ തോതിലും ചെറിയൊരളവേ കൂടുതലുള്ളൂ. മെരുവമ്പായി, കാനാംപുഴ, അഞ്ചരക്കണ്ടി എന്നിവിടങ്ങളിൽ നിന്നെടുത്ത വെള്ളം പരിശോധിച്ചപ്പോൾ 3, 3.5, 4.2 മില്ലിഗ്രാം എന്നിങ്ങനെയാണ് കണക്ക്. കക്കാട് പുഴ 4.4, കവ്വായി 3.5, കുപ്പം പുഴ 3.8, തലശ്ശേരിപ്പുഴ 4.1, ചന്ദ്രഗിരി 2, നീലേശ്വരം പുഴ 2.7, മഞ്ചേശ്വരം 2.4, മൊഗ്രാൽ 2.2 എന്നിങ്ങനെയാണു കണക്ക്.
എഫ്സി കൗണ്ട്
അഞ്ചരക്കണ്ടി പുഴ 170 മുതൽ 540. കക്കാട് 100–400, കവ്വായി 150–300, കുപ്പം 170– 450, തലശ്ശേരി 290–400, വളപട്ടണം 25–400 ചന്ദ്രഗിരി 32–400,നീലേശ്വരം 240, മഞ്ചേശ്വരം 94–390, ഉപ്പള 79–420