ADVERTISEMENT

കാസർകോട് ∙ വോട്ടിൽ പിന്നിലായെങ്കിലും ചെലവഴിച്ച ‘നോട്ടിൽ’ മുന്നിലെത്തി കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. 70 ലക്ഷത്തിലേറെ രൂപയാണ് മഹിളാമോർച്ച ദേശീയ നേതാവ് കൂടിയായ എം.എൽ.അശ്വിനി തിരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. മണ്ഡലത്തിൽ നിന്നു ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും ജയിച്ച യുഡിഎഫിലെ രാജ്മോഹൻ ഉണ്ണിത്താൻ ആകെ ചെലവഴിച്ചത് 47.81 ലക്ഷം രൂപ. അശ്വിനിയെക്കാൾ 22 ലക്ഷത്തിന്റെ കുറവ്.

ചെലവഴിച്ച പണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം ജില്ലാ സെക്രട്ടറിയായ എം.വി.ബാലകൃഷ്ണനാണ്, 68 ലക്ഷത്തിലേറെ രൂപയാണ് അദ്ദേഹം ചെലവാക്കിയത്. മൂവരും റിട്ടേണിങ് ഓഫിസർക്ക് നൽകിയ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ചുള്ള രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.

ചുമരെഴുതിയത് 8.90 ലക്ഷത്തിന്
എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ചുമരെഴുതി തീർത്തത് 8.90 ലക്ഷം രൂപ. ഇതിനായി സ്ഥാനാർഥിയും ഏജന്റും ചേർന്നു നൽകിയത് 2.22 ലക്ഷവും ബാക്കി അതത് ബൂത്തു കമ്മിറ്റികളും മറ്റുമായി ചെലവഴിച്ചതാണ്. 19,76 ലക്ഷത്തിന്റെ ബാനറുകളും ബോർഡുകളും  1.78 ലക്ഷത്തിന്റെ  പോസ്റ്ററുകളും നോട്ടിസുകളും 23600 രൂപയുടെ  കൊടികളും സൗണ്ട് സിസ്റ്റത്തിനായി  6.34 ലക്ഷവും പത്ര–ദൃശ്യമാധ്യമങ്ങളിൽ പരസ്യങ്ങൾക്കായി 1.60 ലക്ഷം രൂപയുമാണ് എൽഡിഎഫ് വിനിയോഗിച്ചത്.

പൊതുയോഗത്തിനായി 9.81 ലക്ഷവും ദേശീയ–സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള സ്റ്റാർ ക്യാംപെയ്നിനായി 8.30 ലക്ഷവും ക്യാംപെയ്ൻ പ്രവർത്തനങ്ങൾക്കായി 37.79 ലക്ഷവും പ്രചാരണത്തിന്റെയും നേതാക്കളുടെയും സ്ഥാനാർഥികളുടെയും സഞ്ചാരത്തിനായി വാഹനം ഉപയോഗിച്ചതിനു 9.25 ലക്ഷവും പ്രചാരണ പ്രവർത്തനങ്ങൾക്കായി പങ്കെടുത്ത പ്രവർത്തകരുടെ ഭക്ഷണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി 21,000 രൂപയുമാണ് എൽഡിഎഫ് സ്ഥാനാർഥി ചെലവഴിച്ചത്. 

യുഡിഎഫ് പൊതുയോഗങ്ങൾ; ചെലവ് 7.52 ലക്ഷം
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്കായി ചെലവഴിച്ചത് 7.52 ലക്ഷം രൂപ.ദേശീയ–സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള പങ്കെടുപ്പിച്ച് നടത്തിയ സ്റ്റാർ ക്യാംപെയ്നിനു 4.34 ലക്ഷവും പ്രചാരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ ബാനർ, നോട്ടിസ്, ബോർഡുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്കായി 16 ലക്ഷവും വാഹനത്തിനായി 5.68 ലക്ഷവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രവർത്തകർക്കായി ഭക്ഷണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി 2.30 ലക്ഷവുമാണ് ചെലവഴിച്ചത്.ലഘുഭക്ഷണത്തിനായി രണ്ടായിരം രൂപയും പോസ്റ്ററിനു 1.80 ലക്ഷവും മൈക്ക് സൗണ്ട് സിസ്റ്റത്തിന്റെ വാടകയിനത്തിൽ 2 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

പ്രചാരണ പ്രവർത്തന സാമഗ്രികൾ; ചെലവ് 30 ലക്ഷം
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി  ബാനർ, ബോർഡ്, കട്ടൗട്ട് എന്നിവയ്ക്കായി 14 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചുമരെഴുത്തിനായി 3.34 ലക്ഷവും പോസ്റ്റർ, നോട്ടിസ് തുടങ്ങിയവയ്ക്കായി 8.82 ലക്ഷവും കൊടികൾക്കായി 22,500 രൂപയും മൈക്ക് സെറ്റിനായി 2.84 ലക്ഷവും വിനിയോഗിച്ചു.ഇതടക്കമുള്ള പ്രചാരണ പ്രവർത്തന സാമഗ്രികൾക്കായി മാത്രം ആകെ 30 ലക്ഷം രൂപയാണ് അശ്വിനി ചെലവഴിച്ചത്. പൊതുയോഗത്തിനായി 4.74 ലക്ഷവും റാലി, സ്റ്റാർ ക്യാംപെയ്ൻ എന്നിവയ്ക്കായി 6 ലക്ഷത്തോളം രൂപയും പത്ര–ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയതിനു 13 ലക്ഷവും വാഹന വാടകയായി 8.67 ലക്ഷവും പ്രവർത്തകർക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി 5.23 ലക്ഷവും എൻഡിഎ മണ്ഡലത്തിൽ ചെലവാക്കി

English Summary:

Kasaragod Election Expenditure: NDA Candidate Leads Despite Vote Deficit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com