ധോണിയിലെ ചികിത്സ ഫലിച്ചു; ആ പുലി വീണ്ടും ‘പുലിയായി’: പറമ്പിക്കുളം കടുവ സങ്കേതം പുതിയ താവളം
Mail This Article
പാലക്കാട് ∙ അട്ടപ്പാടി വനമേഖലയിൽ നിന്ന് കടുവയുടെ കടിയേറ്റ് അവശനിലയിൽ ധോണിയിലെത്തിച്ച പുലിയെ ചികിത്സയ്ക്കു ശേഷം പൂർണ ആരോഗ്യത്തോടെ പറമ്പിക്കുളം കടുവ സങ്കേതത്തിലേക്കു തുറന്നുവിട്ടു. പ്രത്യേക വാഹനത്തിൽ പുലിയെ പറമ്പിക്കുളത്തെത്തിച്ച് ഇന്നലെ രാവിലെയാണു വനത്തിലേക്കു വിട്ടത്. കഴുത്തിനു കടിയേറ്റു തല ഉയർത്താൻ പോലുമാകാത്ത ദയനീയ സ്ഥിതിയിൽ ഒരു മാസം മുൻപാണു വിദഗ്ധ ചികിത്സയ്ക്കായി വനംവകുപ്പ് ധോണിയിലെത്തിച്ചത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിസ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ഗുരുതരാവസ്ഥയിലുള്ള പുലിയുടെ ആരോഗ്യം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷപോലും ആദ്യ ഘട്ടത്തിൽ ഇല്ലായിരുന്നു. പിന്നീട് നേരിയ തോതിൽ ആരോഗ്യം വീണ്ടെടുത്തെങ്കിലും കാട്ടിൽ വിടാനാകില്ലെന്ന ആശങ്ക ഉയർന്നു. അപ്പോഴും പ്രതീക്ഷ കൈവിടാതെ വനംവകുപ്പ് ചികിത്സ തുടർന്നു. ഇതാണു പുലിക്കു പുനർജന്മമേകിയത്. ഓരോ ഘട്ടത്തിലും വനംവകുപ്പ് ഉന്നതരടക്കം പുലിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചിരുന്നു. പാലക്കാട് ഇത്തരത്തിൽ പുലിയെ ചികിത്സിച്ചു ഭേദമാക്കിയതും കാട്ടിലേക്കു തിരിച്ചയച്ചതും ആദ്യമായിട്ടാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയും ചീഫ് കൺസർവേറ്ററുടെയും നിർദേശപ്രകാരം നടപടിക്രമങ്ങൾ പാലിച്ചാണു പുലിയെ പറമ്പിക്കുളം ഉൾവനത്തിലേക്കു തുറന്നുവിട്ടതെന്നും വനംവകുപ്പ് അറിയിച്ചു.