കണ്ണൂർ സർവകലാശാല വിസി നിയമനം: വിസി വിളിച്ച യോഗത്തിന്റെ അജണ്ടയിൽ നിന്നും പ്രതിനിധി തിരഞ്ഞെടുപ്പ് പിൻവലിച്ചു
Mail This Article
കണ്ണൂർ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ (വിസി) നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി ഡോ. സാജു വിളിച്ചുചേർത്ത യോഗത്തിന്റെ അജണ്ടയിൽ നിന്നും പ്രതിനിധി തിരഞ്ഞെടുപ്പ് പിൻവലിച്ചു. സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സിപിഎം അംഗങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അജണ്ടയിൽ നിന്നും പ്രതിനിധി തിരഞ്ഞെടുപ്പ് പിൻവലിച്ചത്.
വിസി തന്നെ നിശ്ചയിച്ച അജണ്ട പിൻവലിക്കരുതെന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചില്ല. സേർച്ച് കമ്മിറ്റി തിരഞ്ഞെടുപ്പ് അജണ്ടയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച ഇടതു സെനറ്റ് അംഗം, യുഡിഎഫ് അംഗങ്ങൾ ആക്ടും സ്റ്റാറ്റ്യൂട്ടും ചൂണ്ടിക്കാണിച്ച് നിയമപ്രശ്നം ഉന്നയിച്ചപ്പോൾ പിൻവലിച്ചു.
ഗവർണർ സ്വന്തം താൽപര്യപ്രകാരം നിയമിച്ച വിസി തന്നെ, ഗവർണർ ആവശ്യപ്പെട്ട പ്രകാരം സേർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കേണ്ട അജണ്ട, സിപിഎം അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പിൻവലിച്ചത് ദൗർഭാഗ്യകരമാണെന്ന് സെനറ്റേഴ്‌സ് ഫോറം കൺവീനർ ഡോ. ഷിനോ പി. ജോസ് പറഞ്ഞു.
‘ആക്ടും സ്റ്റാറ്റ്യൂട്ടും കൃത്യമായി പഠിക്കാതെ റൂളിങ് നടത്തിയ വിസിയുടെ ഭാഗത്ത് വലിയ വീഴ്ചയാണുണ്ടായത്. സെനറ്റ് അംഗം സ്റ്റാറ്റ്യൂട്ട് പഠിക്കാതെ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയപ്പോൾ യുഡിഎഫ് അംഗങ്ങൾ നിയമപ്രശ്നം ചൂണ്ടിക്കാണിച്ചതിനാലാണ് പിൻവലിക്കേണ്ടി വന്നത്. കേരള സർവകലാശാലയിൽ സേർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിളിച്ച യോഗം മന്ത്രി ബിന്ദു തന്നെ അധ്യക്ഷത വഹിച്ച് സമാന പ്രമേയം അംഗീകരിച്ചത് വിവാദമായിരുന്നു’– അദ്ദേഹം കൂട്ടിച്ചേർത്തു.