ADVERTISEMENT

കണ്ണൂർ ∙ വാഴ മുതൽ കെട്ടിടം വരെ നശിപ്പിക്കുന്ന അധിനിവേശ ജീവിയായ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ജില്ലയിൽ വീണ്ടും വർധിച്ചു. മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന വിര, ആഫ്രിക്കൻ ഒച്ചിന്റെ ശരീരത്തിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ ആശങ്ക കൂട്ടുന്നു. ജില്ലയിൽ കണ്ണൂർ ടൗൺ, ചിറക്കൽ, വളപട്ടണം, പയ്യാമ്പലം, മയ്യിൽ, കണ്ണപുരം, ചെറുകുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതൽ. പൂർണമായ ഉന്മൂലനം സാധ്യമല്ലെങ്കിലും കൃത്യമായ മാർഗങ്ങൾ പിന്തുടരുന്നതുവഴി ഒരു പരിധി വരെ ഇവയെ നിയന്ത്രണത്തിലാക്കാൻ കഴിയും. അതിനുള്ള ചില മാർഗങ്ങൾ:

ഉപ്പ് ഫലിക്കും
ഒച്ചുകളുടെ ശരീരത്തിൽ ഉപ്പ് വീഴുമ്പോൾ ഓസ്മോസിസ് വഴിയായി ശരീരത്തിലെ ജലാംശം പുറത്തേക്ക് നഷ്ടപ്പെടുകയും നിർജലീകരണത്താൽ അവ ചാകുകയും ചെയ്യുന്നു. കൂട്ടമായി പിടിക്കുന്ന ഒച്ചുകളെ 10 മുതൽ 20 ശതമാനം വരെ ഉപ്പുവെള്ളത്തിലിട്ടു (200 ഗ്രാം ഉപ്പ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്) നശിപ്പിക്കാം. ഒച്ചുകളുടെ മേൽ ഉപ്പ് വിതറുന്നതും ഫലപ്രദമാണ്. എന്നാൽ ഉയരത്തിലുള്ള സ്ഥലങ്ങളിലും ജലസ്രോതസ്സിന്റെ അടുത്തുമെല്ലാം കാണപ്പെടുന്ന ഒച്ചുകളെ തുരത്താൻ ഉപ്പ് ഉപയോഗിച്ച് പ്രയാസമാണ്. ഉപ്പിട്ട് കൊല്ലുമ്പോൾ ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ട്.

കഷായം  കുടിപ്പിച്ചാലോ?
അഞ്ച് ലീറ്റർ വെള്ളത്തിൽ ഒരു ലീറ്റർ പുകയിലക്കഷായം 300 ഗ്രാം തുരിശ് എന്നിവ യോജിപ്പിച്ച് തളിക്കുന്നത് ഒച്ചുകളെ നശിപ്പിക്കാൻ സഹായിക്കും. ഇവ ഉയരത്തിൽ സ്പ്രേ ചെയ്യുന്നത് കാർഷിക വിളകളിൽ ഒളിച്ചിരിക്കുന്ന ഒച്ചുകളെ പുറത്തുചാടിക്കും. കുമ്മായം, തുരിശ് എന്നിവ പറമ്പുകളുടെ ചുറ്റുമുള്ള വരമ്പുകളിൽ ഇട്ടു കൊടുക്കുന്നത് ഇവ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കാതിരിക്കാൻ സഹായിക്കും.

കൂട്ടമായി  നശിപ്പിക്കാം
ഒച്ചുകളെ കെണിയൊരുക്കി ഒരു സ്ഥലത്തേക്ക് ആകർഷിച്ച് കൂട്ടമായി കൊല്ലുന്നതാണ് എളുപ്പം. അതിനായി ഒരു കുഴിയിൽ കാബേജ്, പപ്പായ എന്നിവ ഇട്ടുവയ്ക്കുക. ഒരുദിവസം കഴിയുമ്പോഴേക്കും ഇവയുടെ മണം മൂലം ഒച്ചുകൾ കൂട്ടമായി എത്തും. തുടർന്ന് ഉപ്പിട്ടോ, തുരിശ് ലായനി തളിച്ചോ ഇവയെ നശിപ്പിക്കാം.

ശ്രദ്ധവേണം  എപ്പോഴും
ഒച്ചുകൾ മണ്ണിനടിയിൽ പോകാനും മുട്ടയിട്ട് ഒരുവർഷം മണ്ണിൽ ഒളിച്ചിരിക്കാനും അനുവദിക്കാതിരിക്കുക. ഒച്ച് പെരുകിയ സ്ഥലത്തുനിന്നു മഴക്കാലത്ത് മരങ്ങൾ, മരപ്പൊടി എന്നിവ മറ്റിടങ്ങളിലേക്കു കയറ്റിക്കൊണ്ടുപോകുന്നതും നിയന്ത്രിക്കുക. ഇവയെ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് ഉറപ്പാക്കുക.  ഒറ്റത്തവണ നിയന്ത്രണം കൊണ്ട് മാത്രം ഒച്ചുകളുടെ ആക്രമണം മാറുകയില്ല. വർഷം തോറും പുതുമഴ തുടങ്ങുന്നതിനു മുൻപു വീണ്ടും തുടർച്ചയായി പ്രതിരോധ നടപടി സ്വീകരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com