ADVERTISEMENT

പയ്യന്നൂർ ∙ മീങ്കുഴി അണക്കെട്ട് കവിഞ്ഞൊഴുകി 80 വീടുകളിൽ വെള്ളം കയറി. നഗരസഭ പരിധിയിലെ മണിയറ, തോട്ടം കടവ്, മുക്കൂട്, പരവന്തട്ട, കാപ്പാട് പ്രദേശങ്ങളിലെ 70 വീടുകളിലും  മറുകരയിൽ കടന്നപ്പള്ളി വില്ലേജിലെ 10 വീടുകളിലുമാണ് വെള്ളം കയറിയത്. നഗരസഭ പ്രദേശത്തെ വീടുകളിലെ കന്നുകാലികളടക്കമുള്ള വളർത്തുമൃഗങ്ങളെയും മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റി. വീടുകൾക്ക് ചുറ്റും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. അണക്കെട്ടിന് മറുഭാഗം കടന്നപ്പള്ളി വില്ലേജിലെ 10 വീടുകളിലും വെള്ളം കയറിയതിനാൽ വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി. മഴ കുറഞ്ഞില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും. 

വണ്ണാത്തിപ്പുഴയുടെ ഭാഗമായുള്ള മീങ്കുഴി അണക്കെട്ടിൽനിന്ന് കഴിഞ്ഞ വർഷം വലിയ തോതിൽ മണ്ണ് നീക്കം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ പുഴയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. മലയോര മേഖലയിൽ മഴ ശക്തമായതോടെയാണ് വ്യാഴം സന്ധ്യയോടെ അണക്കെട്ട് കര കവിഞ്ഞൊഴുകാൻ തുടങ്ങിയത്. പുഴയ്ക്ക് സമാന്തരമായി വീട്ടുപറമ്പിലെ വെള്ളം വലിയ തോതിൽ പടിഞ്ഞാറോട്ട് ഒഴുകുകയാണ്. വർഷങ്ങളായി മഴക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതമാണിത്.

നഗരസഭാ അധ്യക്ഷ കെ.വി.ലളിതയുടെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും ഈ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പ്രശ്നം വിലയിരുത്തി. മഴക്കെടുതിയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിന് നഗരസഭ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ സന്നദ്ധസേന വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കുമെന്നും നഗരസഭാ അധ്യക്ഷ അറിയിച്ചു.

കൂർക്കരയിലെ  കെ.പി.ഉദയകുമാറിന്റെ വീടിന് മുകളിൽ മരങ്ങൾ കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. രാവിലെ 9 മണിക്കായിരുന്നു അപകടം. ലോട്ടറി തൊഴിലാളിയായ ഉദയകുമാർ ജോലിക്കു പോയ സമയത്താണ് അപകടം നടന്നത്. ഭാര്യയും രണ്ട് കുട്ടികളും വീടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് അവർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കോറോം അങ്കണവാടിയുടെ ചുറ്റുമതിലും തകർന്നു. കാനായി വള്ളിക്കെട്ടിലെ സി.വി.രാജേന്ദ്രന്റെ വീടിന്റെ അടുക്കളഭാഗം മരം വീണ് തകർന്നു. രാമന്തളി വടക്കുമ്പാട് പള്ളിക്കത്തോട് കലശക്കാരത്തി സരസ്വതിയുടെ വീട് പൂർണമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com