പൊളിക്കാൻ കൊണ്ടുവന്ന അന്തർവാഹിനി നാട്ടുകാർക്ക് കൗതുകം; നാവികസേനയുടെ തുറുപ്പുചീട്ട്
Mail This Article
കണ്ണൂർ∙ 52 നാവികസേന ഉദ്യോഗസ്ഥരെയും കൊണ്ട് കടലിന്റെ 980 അടി ആഴത്തിൽ 45 ദിവസം കഴിഞ്ഞ അന്തർവാഹിനിയായിരുന്നു ഇപ്പോൾ അഴീക്കൽ സിൽക്കിൽ പൊളിക്കാനായി കൊണ്ടുവന്നിരിക്കുന്നതെന്ന് അറിയുമ്പോൾ മനസ്സിൽ അദ്ഭുതത്തിന്റെ കപ്പലോടും. കടലാഴങ്ങളിലെ പോരാട്ടത്തിന് ഇന്ത്യൻ നാവികസേനയുടെ തുറുപ്പുചീട്ടായിരുന്ന ഐഎൻഎസ് സിന്ധുധ്വജിനുള്ളിൽ നിറയെ വിസ്മയക്കാഴ്ചകളാണ്. റഷ്യയിൽ നിന്നു 1986ൽ വാങ്ങിയ കിലോ ക്ലാസ് വിഭാഗത്തിൽപ്പെട്ട 10 ഡീസൽ ഇലക്ട്രിക് അന്തർവാഹിനികളിലൊന്നായിരുന്നു സിന്ധുധ്വജ്.
അഴീക്കലിലെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) കപ്പൽപൊളിശാലയിൽ നിന്നു ചെറുവള്ളത്തിലേറി വേണം സിന്ധുധ്വജിൽ കയറാൻ. സിങ്ക് എന്ന ചട്ടക്കൂടിലെ ഇടുങ്ങിയ കുഴലിലൂടെ അകത്തേക്കിറങ്ങാം. ചെറുവാതിലിലൂടെ കടന്നുചെല്ലുന്നത് ഒരു കംപാർട്മെന്റിലേക്കാണ്. ഇത്തരത്തിൽ 6 കംപാർട്മെന്റുകളുണ്ട്. ശത്രുക്കപ്പലിലേക്ക് തൊടുത്തുവിടാനുള്ള ടോർപിഡോകളാണ് ആദ്യ കംപാർട്മെന്റിൽ. 18 ടോർപിഡോകൾ വരെ വിന്യസിക്കാം. രണ്ടാമത്തെ കംപാർട്മെന്റ് കൺട്രോൾ റൂം. മൂന്നാമത്തേതിൽ ഭക്ഷണസ്ഥലവും അടുക്കളയും. ഇവിടത്തെ ഡൈനിങ് ടേബിൾ അത്യാവശ്യഘട്ടത്തിൽ ഓപ്പറേഷൻ ടേബിളാകും. നാലിൽ എൻജിൻ, മോട്ടർ റൂമുകൾ. അഞ്ചിൽ ആയുധപ്പുര.
ഇരുമ്പുകൂടുപോലെ കാണുന്ന അന്തർവാഹിനി എങ്ങനെയാണു കടലിൽ മുങ്ങുന്നതും താഴുന്നതുമെന്നൊരു സംശയമുണ്ടാകും. രണ്ടുവലിയ ക്യാപ്സൂളുകളാണ് അന്തർവാഹിനിയിൽ ഉള്ളത്. രണ്ടിനെയും 11 ബെല്ലാസ് ടാങ്ക് വഴി വേർതിരിക്കും. ഈ ടാങ്കിലേക്കു വെള്ളം നിറയുമ്പോൾ ക്യാപ്സൂളുകളുടെ ഭാരം കൂടി അന്തർവാഹിനികൾ കടലിന്റെ അടിത്തട്ടിലേക്കു കുതിക്കും. ഉയർന്ന മർദത്തിൽ ഇതിലേക്കു വായു കടത്തിവിടുമ്പോൾ വെള്ളം പുറത്തേക്കുപോകും.
അങ്ങനെ പൊങ്ങിവരും. കടലിലേക്കു മുങ്ങിക്കഴിഞ്ഞാൽ ബൈനോക്കുലർ പോലെയുള്ള പെരിസ്കോപ്പിലൂടെ പുറംലോകം കാണാം. കടലിനു മുകളിലൂടെ 10 നോട്ടിക്കൽ മൈലും അടിയിലൂടെ 17 നോട്ടിക്കൽ മൈലും വേഗം. നീളം 72.6 മീറ്റർ, ഭാരം 2500 ടൺ. കൊച്ചിയിലെ സിതാര ട്രേഡേഴ്സാണ് 12 കോടി രൂപ ചെലവിൽ പൊളിക്കാൻ കരാറെടുത്തത്. പൊളിക്കുന്ന ഭാഗങ്ങൾ ന്യൂഡൽഹി, മുംബൈ കമ്പനികൾക്കു വിൽക്കുമെന്ന് സിതാരയുടെ ഉടമകളിലൊരാളായ അബീബ് പറഞ്ഞു. 6 മാസം കൊണ്ടാണ് പൊളിക്കുക.