ക്വാറികളിൽ വീണ്ടും മണ്ണിടിഞ്ഞു; അപകടം ഒരാഴ്ച മുൻപ് വൻ ദുരന്തം സംഭവിച്ച വട്ടിപ്രത്തിനടുത്ത്
Mail This Article
കൂത്തുപറമ്പ് ∙ കരിങ്കൽ ക്വാറികളിൽ വീണ്ടും മണ്ണിടിച്ചിൽ. ഒരാഴ്ച മുൻപ് വൻ ദുരന്തം സംഭവിച്ച വട്ടിപ്രത്തിനടുത്താണ് വീണ്ടും 2 ക്വാറികളിൽ ഇന്നലെ മണ്ണിടിഞ്ഞത്. വേങ്ങാട് കൂർമ്പക്കാവിനടുത്ത് വെള്ളാനപ്പൊയിൽ കനാൽക്കരയിലെ ക്വാറിയിലാണ് ഇന്നലെ പുലർച്ചെ മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ രാവിലെ 6.30ന് സമീപത്ത് വെള്ളക്കാഞ്ഞിരത്തിലെ ക്വാറിയിലും മണ്ണിടിഞ്ഞു. പ്രദേശത്ത് മത്സ്യക്കൃഷി ആരംഭിച്ച വേങ്ങാട് പഞ്ചായത്തിലെ കൂർമ ഫിഷ് ഫാം പ്രവർത്തിക്കുന്ന ക്വാറിയിലാണ് ആദ്യം മണ്ണിടിഞ്ഞത്.
വെള്ളക്കാഞ്ഞിരത്തെ ക്വാറിയിൽ 20 മീറ്ററോളം നീളത്തിലും 25 മീറ്ററോളം ഉയരത്തിലുമാണു മണ്ണിടിഞ്ഞ് ക്വാറിയിലേക്കു പതിച്ചത്. തെങ്ങ് അടക്കമുള്ള വൃക്ഷങ്ങളും ക്വറിയിലേക്ക് പതിച്ചു. ക്വാറിയിൽ 40 അടിയോളം വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വർഷങ്ങളായി പ്രവർത്തനം നിർത്തിയ ക്വറിയാണിത്. ഒരാഴ്ച മുൻപ് മണ്ണിടിച്ചിലുണ്ടായ ക്വാറിയിൽ നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണ് ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ ക്വാറി.