ADVERTISEMENT

തലശ്ശേരി ∙ ഒരു വ്യാഴവട്ടത്തിനുള്ളിൽ 120 കുടുംബങ്ങൾക്ക് ജീവിതവഴി തുറന്നു തലശ്ശേരി ജനമൈത്രി പൊലീസ്. എഎസ്പി ഓഫിസിനു സമീപത്തെ ജനമൈത്രി ഹാളിൽ പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന പിഎസ്‍സി സൗജന്യ പരിശീലന ക്ലാസ് 11 വർഷം പിന്നിടുമ്പോൾ ഇവിടെ പരിശീലനം നേടി സർക്കാർ സർവീസിലേക്കും അതുവഴി ജീവിതത്തിലേക്കും കരകയറിയവർ 120 പേർ. പഠിതാക്കളിൽ ആദ്യം ജോലി ലഭിച്ച ഉദ്യോഗാർഥി ജ്യോൽസ്ന എത്തിപ്പെട്ടത് പൊലീസ് വകുപ്പിൽ എന്നത് യാദൃച്ഛികത. ഇന്ന് ജില്ലയിലെ മിക്ക സർക്കാർ ഓഫിസുകളിലും തലശ്ശേരി ജനമൈത്രിയിൽ പരിശീലനം നേടിയവരുണ്ടാവും.

ഇന്നു നടക്കുന്ന എൽഡിസി പരീക്ഷയ്ക്ക് തയാറെടുത്ത കുട്ടികൾക്ക് തലശ്ശേരി ജനമൈത്രി പൊലീസിന്റെ പിഎസ്‍സി സൗജന്യ പരിശീലന ക്ലാസിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ എഎസ്പി കെ.എസ്. ഷഹൻഷ പ്രസംഗിക്കുന്നു. ഇൻസ്പെക്ടർ ബിനു തോമസ്, എസ്ഐ: വി.വി.ദീപ്തി എന്നിവർ സമീപം.
ഇന്നു നടക്കുന്ന എൽഡിസി പരീക്ഷയ്ക്ക് തയാറെടുത്ത കുട്ടികൾക്ക് തലശ്ശേരി ജനമൈത്രി പൊലീസിന്റെ പിഎസ്‍സി സൗജന്യ പരിശീലന ക്ലാസിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ എഎസ്പി കെ.എസ്. ഷഹൻഷ പ്രസംഗിക്കുന്നു. ഇൻസ്പെക്ടർ ബിനു തോമസ്, എസ്ഐ: വി.വി.ദീപ്തി എന്നിവർ സമീപം.

2013 ജനുവരി ഒന്നിനാണ് പൊലീസ് ഓഫിസർമാരായിരുന്ന ബിജു ജോൺ ലൂക്കോസിന്റെയും വ്രജനാഥിന്റെയും ആശയത്തിൽ പിഎസ്‍സി കോച്ചിങ് ആരംഭിക്കുന്നത്. പൊലീസ് സർവീസിലുള്ളവർ തന്നെ ക്ലാസ് എടുത്തു. ജോലി ഭാരം തടസ്സമായപ്പോൾ സേനയ്ക്ക് പുറത്തു നിന്നുള്ളവർ രഞ്ജിത്ത്, കെ.വി.പ്രദീപൻ, വി.പി.ബാബു, വിനയൻ, രഖിലേഷ്, ബൈജു, രഞ്ജിത്ത് കുമാർ, അഷ്‌റഫ്‌, സുമിത്ത്, റൈജു, കെ.എൻ.അജിത്ത് കുമാർ എന്നിവർ സ്വന്തം കയ്യിൽ നിന്ന് ബസ് കൂലി മുടക്കി കൃത്യമായി എത്തി ക്ലാസ് എടുക്കുന്നു. തൊഴിൽവീഥി ഉൾപ്പെടെ എല്ലാ പഠന സഹായികളും ലഭ്യമാക്കി. 

1200 പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. നിലവിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത്കുമാറിന്റെയും എഎസ്പി: കെ.എസ്.ഷഹൻഷയുടെയും മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. എഎസ്പിയായിരുന്ന പ്രതീഷ്കുമാർ ആദിവാസി ഫ്രണ്ട്‍ലി എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിൽ എല്ലാ ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും കണ്ണൂർ എആർ ക്യാംപിലെ പൊലീസ് ബസ് കണ്ണവത്ത് പോയി ആദിവാസി യുവാക്കളെ തലശ്ശേരി ജനമൈത്രി ഹാളിൽ എത്തിച്ചു പിഎസ്‍സി പരീക്ഷ പരിശീലനം നൽകി. ഇതിലൂടെ ആദിവാസി വിഭാഗത്തിലെ 15 പേർക്ക് സർക്കാർ ജോലി ലഭിച്ചു. ഇവർക്ക് വേണ്ട പഠന സാമഗ്രികൾ മുഴുവൻ അന്നത്തെ ഓഫിസർമാർ സംഘടിപ്പിച്ചു നൽകി.

തലശ്ശേരി എഎസ്പി ഓഫിസ് അങ്കണത്തിൽ ജനമൈത്രി പൊലീസിന്റെ ലൈബ്രറിയും പിഎസ്‍സി സൗജന്യ പരിശീലന കേന്ദ്രവും.
തലശ്ശേരി എഎസ്പി ഓഫിസ് അങ്കണത്തിൽ ജനമൈത്രി പൊലീസിന്റെ ലൈബ്രറിയും പിഎസ്‍സി സൗജന്യ പരിശീലന കേന്ദ്രവും.

ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പൊതുവിജ്ഞാന ക്ലാസും സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസും ഒരുക്കാനുള്ള ശ്രമത്തിലാണ് ജനമൈത്രി പൊലീസ്. കൂടാതെ ക്ലാസിനെത്തുന്നവർക്ക് പുറമേ ഇവിടെയുള്ള റഫറൻസ് ലൈബ്രറി ബിബിഎ, എംബിഎ, ബികോം, എംകോം കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ റഫറൻസിനും ഉപയോഗപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. 

സർക്കാർ ജോലി സ്വപ്നം കാണുന്ന യുവാക്കൾക്ക് ആവശ്യമായ മാർഗനിർദേശം നൽകി മുന്നേറുകയാണ് ജനമൈത്രി പൊലീസിന്റെ സൗജന്യ പിഎസ്‍സി പരിശീലന കേന്ദ്രം. ഇന്ന് നടക്കുന്ന കണ്ണൂർ ജില്ലാ എൽഡിസി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് കഴിഞ്ഞ ദിവസം മോട്ടിവേഷൻ ക്ലാസ് നൽകി. പൊലീസ് ഇൻസ്പെക്ടർ വിനു തോമസ് അധ്യക്ഷത വഹിച്ചു. എഎസ്പി: കെ.എസ്.ഷഹൻഷ ഉദ്ഘാടനം ചെയ്തു. എസ്ഐ വി.വി.ദീപ്തി, എഎസ് ജയകൃഷ്ണൻ, ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. പിഎസ്‍സി പരീക്ഷ പരിശീലനം ആഗ്രഹിക്കുന്ന ആർക്കും ഇവിടെ ചേരാം.

English Summary:

120 people got jobs through PSC free training class by Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com