കൂത്തുപറമ്പ് ജനവാസ മേഖലയിൽ കാട്ടുപോത്ത്; സമീപത്ത് സ്കൂളുകൾ: ജനം ഭീതിയിൽ
Mail This Article
കൂത്തുപറമ്പ് ∙ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ എത്തിയത് ജനങ്ങളിൽ ഭീതി പരത്തി. തൊക്കിലങ്ങാടിക്കും അടിയറപ്പാറക്കും മധ്യേ പാലാപറമ്പിൽ നഗരസഭയുടെ ട്രെഞ്ചിങ് ഗ്രൗണ്ട് പരിസരത്താണ് രണ്ട് കാട്ടുപോത്തുകളെ കണ്ടത്. കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പകൽ സമയം മുഴുവൻ പ്രദേശത്ത് കാവൽ നിന്നു. തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളും സമീപത്ത് നോർത്ത് നരവൂർ എൽപി സ്കൂളും താഴെ ഭാഗത്ത് അടിയറപ്പാറയിൽ നരവൂർ എൽപി സ്കൂളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിനാൽ ആശങ്ക ഒഴിവാക്കാനാണ് വനപാലകർ വൈകിട്ട് വരെയും ഈ സ്ഥലത്ത് ക്യാപ് ചെയ്തത്.
ഇരുൾ മൂടുന്നതോടെ കാട്ടുപോത്തുകൾ തിരികെ വനത്തിലേക്ക് നീങ്ങുമെന്നാണ് വനപാലകർ പറയുന്നത്. ഇന്നലെ രാവിലെ 7.50ഓടെ അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസ് നൽകിയ വിവരത്തെ തുടർന്ന് കണ്ണവം ഫോറസ്റ്റ് സെക്ഷൻ ഇൻ ചാർജ് ഓഫിസർ കെ.വി.ശ്വേതയുടെ നേതൃത്വത്തിലാണ് വനപാലകർ സ്ഥലത്ത് എത്തിയത്. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കാട്ടുപോത്തുകളെ കണ്ടെത്തിയത്. സമീപത്ത് സ്കൂളുകളും വീടുകളും ഉള്ളതിനാലാണ് പോത്തിനെ ഓടിക്കാൻ സാധിക്കാതെ പോയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ കുറ്റിക്കാടിന് ചുറ്റും ഫോറസ്റ്റ് അധികൃതർ കാവൽ ഏർപ്പെടുത്തുകയായിരുന്നു.
അലോസരപ്പെടുത്താതിരുന്നാൽ നേരം ഇരുട്ടിയാൽ വന മേഖലയിലേക്ക് മടങ്ങുന്നതാണ് ഇവയുടെ രീതിയെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. കണ്ണവം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.ജോബിൻ, എം.ജിഷ്ണു, വി.സുരേഷ്, സി.കെ.രതീഷ്, പ്രൊട്ടക്ഷൻ വാച്ചർമാരായ പി.സുകുമാരൻ, ഭാസ്കരൻ, ജിതിൻ, നിടുംപൊയിൽ സെക്ഷൻ ഓഫിസിലെഫോറസ്റ്റ് ഓഫിസർ കെ.സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജയേഷ്, ശ്യാംപ്രകാശ്, രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.