അജിൻ സുരേഷിന് പണിക്കർ ബഹുമതി
Mail This Article
പയ്യന്നൂർ ∙ അഗ്നികുണ്ഠത്തിൽ കനലാട്ടം നടത്തി നാടിന് വിസ്മയം സൃഷ്ടിച്ച കനലാടിക്ക് പണിക്കർ ബഹുമതി നൽകി. കോറോം മുക്കോത്തടം വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് 13 വർഷത്തിന് ശേഷം നടന്ന ഒറ്റക്കോല ഉത്സവത്തിൽ ഒറ്റക്കോലം കെട്ടിയ കോറോത്തെ അജിൻ സുരേഷ് (23) നാണ് പട്ടും വളയും സമ്മാനിച്ച് പണിക്കർ ആചാരപ്പേര് വിളിച്ചത്. തെയ്യം അരങ്ങൊഴിയും മുൻപ് തന്നെ മാറ്റ് വള സമ്മാനിച്ച് ബഹുമതി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കോയ്മമാർക്കും കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം സ്ഥാനികൻ മേലേടത്ത് കരുണാകരൻ അന്തിത്തിരിയനും കൂർമ്പ ഭഗവതി ക്ഷേത്രത്തിലെയും കോറോം മുച്ചിലോട്ട് കാവിലെയും ഭാരവാഹികൾക്കും വാല്യക്കാർക്കും നാട്ടുകാർക്കുമൊപ്പം എത്തിയ അജിൻ സുരേഷിന് നാട്ടുമന്നൻ കുഞ്ഞിമംഗലത്ത് മനയിൽ കാരണവർ ശ്രീകാന്ത് തിരുമുമ്പ് പട്ടും വളയും സമ്മാനിച്ച് പണിക്കർ ആചരപ്പേര് വിളിച്ചു.തുടർന്ന് അന്തിത്തിരിയനും കോയ്മമാരും ഇരു ക്ഷേത്രങ്ങളിലെയും ഭാരവാഹികളും പേര് വിളിച്ചു. തുടർന്ന് ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ വൻ ജനാവലി അജിൻ സുരേഷ് പണിക്കരെ കോറോം മുക്കോത്തടം വിഷ്ണുമൂർത്തി സ്ഥാനത്തേക്ക് ആനയിച്ചു.