ഒരുകൊട്ട പൂവെങ്കിലും ഓണത്തിന് കിട്ടുമോ?: ഓണത്തിനായി കൃഷിചെയ്ത പൂക്കൾ മഴയിൽ നശിക്കുന്നു
Mail This Article
മയ്യിൽ∙ കനത്ത മഴയിൽ ഓണത്തിനു ഒരുകൊട്ട പൂ പദ്ധതി പ്രകാരം കൃഷി ചെയ്ത പൂക്കൃഷി നശിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. വ്യക്തിപരമായും കൂട്ടായ്മയായും ജില്ലയിൽ നൂറു കണക്കിനു ഇടങ്ങളിലാണ് പൂക്കൃഷി ചെയ്തത്. 5 വർഷം മുൻപാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണത്തിനു നാട്ടിൽനിന്നു തന്നെ പൂക്കൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓണത്തിനു ഒരുകൊട്ട പൂ പദ്ധതി ആരംഭിച്ചത്. എന്നാൽ, മുൻവർഷങ്ങളിൽ തൈകളുടെ ഗുണനിലവാര കുറവു കൊണ്ടും മറ്റും പദ്ധതി ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിയാതെ നശിക്കുന്ന അവസ്ഥ ആയിരുന്നുവെന്ന് കർഷകർ പറയുന്നു.
ഇത്തവണ ലഭിച്ച തൈകൾ ഗുണനിലവാരം ഉള്ളവ ആയിരുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് കർഷകർ പൂക്കൃഷി ചെയ്യാൻ തയാറായി മുന്നോട്ടു വന്നത്. ആദ്യ ഘട്ടങ്ങളിൽ തൈകൾക്ക് നല്ല വളർച്ച ഉണ്ടായത് കർഷകർക്ക് ആശ്വാസമായി. നട്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ പലയിടങ്ങളിലും പൂക്കൾ വിരിയുകയും ചെയ്തു. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ മഴ കർഷകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി.
ഓണത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ വിരിഞ്ഞ പൂക്കളുടെ ഇതളുകൾ കൊഴിഞ്ഞ് വീഴുകയാണ്. നനഞ്ഞ പൂക്കളുടെ ഭാരം താങ്ങാൻ കഴിയാതെ ചെടികൾ ഒടിഞ്ഞു വീണ് നശിക്കുകയാണ് പലയിടങ്ങളിലും. ഓണ വിപണിയിൽ പൂക്കൾ എത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നു കർഷകർ പറഞ്ഞു. ജില്ലയിൽ മിക്ക ഇടങ്ങളിലെയും അവസ്ഥ ഇതുതന്നെയാണെന്ന് കൃഷി ഓഫിസർമാരും പറയുന്നു.