ജയിലിലും ചെണ്ടുമല്ലി വസന്തം
Mail This Article
കണ്ണൂർ∙ ഓണത്തിന് ജയിലിൽ നിന്നും പൂവിളി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി വകുപ്പിന്റെ എസ്എച്ച്എം പദ്ധതി ഭാഗമായി കണ്ണൂർ സ്പെഷൽ സബ് ജയിലിൽ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. ഉത്തരമേഖല ജയിൽ ഡിഐജി ബി.സുനിൽകുമാർ ആദ്യ വിൽപന തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് കൺസോർഷ്യം വൈസ് ചെയർമാൻ എൽ.വി.മുഹമ്മദിന് നൽകി നിർവഹിച്ചു. പുഴാതി കൃഷി ഓഫിസർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ ജയിൽ അന്തേവാസികളാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. സെൻട്രൽ ജയിലിലെ ഒന്നര ഏക്കർ സ്ഥലത്ത് കഴിഞ്ഞ ജൂലൈ മാസത്തിലാണ് 1500 ഓളം ചെണ്ടുമല്ലി തൈകൾ നട്ടു പിടിപ്പിച്ചത്.
ചടങ്ങിൽ സെൻട്രൽ ജയിൽ ആൻഡ് കറക‍്ഷനൽ ഹോം സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടർ പി.രേണു പദ്ധതി വിശദീകരിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.കെ.റിനിൽ, വനിതാ ജയിൽ സൂപ്രണ്ട് എ.റംല ബീവി, പുഴാതി കൃഷി ഓഫിസർ ശ്രീകുമാർ, പി.ടി. സന്തോഷ്, കെ.കെ. ബൈജു, സ്‌പെഷൽ സബ് ജയിൽ സൂപ്രണ്ട് ഇ.വി.ജിജേഷ്, കെ.സി.വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പ്രിസൺ മെഡലിനർഹരായ ടി.എ.പ്രഭാകരൻ, എസ്.ഷാജി എന്നിവരെ ആദരിച്ചു. സെൻട്രൽ ജയിലിനു മുന്നിലെ ഒന്നാം കൗണ്ടറിലൂടെ ആവശ്യക്കാർക്ക് വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ പൂക്കൾ വിതരണം നടത്തും.