കാത്തിരിപ്പിനൊടുവിൽ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി മുത്തപ്പനെക്കണ്ട് യുഎഇ പൗരൻ നഖ്വി
Mail This Article
തളിപ്പറമ്പ് ∙ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തി മുത്തപ്പനെക്കണ്ട് യുഎഇ പൗരൻ സയിദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി. റാസൽഖൈമ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ ആയില്ലാലാഹി അൽ നഖ്‍വി, ഇന്നലെ രാവിലെയാണ് യുഎഇയിൽ തന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ കീച്ചേരി കോലോത്തുവയൽ പി.രവീന്ദ്രനൊപ്പം മുത്തപ്പസന്നിധിയിൽ എത്തിയത്.
തിരുവപ്പന മുത്തപ്പൻ കെട്ടിയാടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു നഖ്‍വിയുടെ സന്ദർശനം. മുത്തപ്പൻ വെള്ളാട്ടം നഖ്‍വിയെ കൈപിടിച്ച് അരികത്തു നിർത്തി വിശേഷങ്ങൾ തിരക്കി. തുടർന്ന് ക്ഷേത്രത്തിലെ ചായയും പ്രസാദവും കഴിച്ചാണു നഖ്‍വി മടങ്ങിയത്. 44 വർഷമായി യുഎഇയിലുള്ള രവീന്ദ്രന്റെ സ്പോൺസറാണ് നഖ്‍വി. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നഖ്‌വി പിന്നീട് സൈന്യത്തിലും സേവനമനുഷ്ഠിച്ചിരുന്നു.
അവിടെനിന്നു വിരമിച്ച ശേഷമാണ് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥനായത്. യുഎഇയിൽ മലയാളികളുടെ നേതൃത്വത്തിൽ മുത്തപ്പൻ കെട്ടിയാടുന്നതിനെക്കുറിച്ചറിഞ്ഞ അദ്ദേഹം, ഇതിനു മുൻപ് കേരളത്തിൽ വന്നപ്പോൾ മുത്തപ്പനെ കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. അതിനാലാണ് ഇത്തവണ വന്നപ്പോൾ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രഭാരവാഹികളായ പി.എം.സുജിത്, പി.എം.സ്യമന്ത്, പി.എം.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നഖ്‍വിയെ സ്വീകരിച്ചു.