പരിയാരം മെഡിക്കൽ കോളജ് ആശുപത്രി; നവജാത ശിശുക്കളുടെ ഐസിയുവിന് സമീപം പാമ്പ്
Mail This Article
പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന്റെ വാതിലിനു സമീപം പാമ്പിനെ കണ്ടത് ഏറെ നേരം ആശങ്കയിലാക്കി. ഇന്നലെ രാത്രി 9ന് 502 വാർഡിന്റെ പുറത്ത് ഇരിക്കുകയായിരുന്ന കുട്ടികളുടെ കൂട്ടിരിപ്പുകാരാണു പാമ്പ് ഐസിയുവിന്റെ വാതിലിന് അരികിൽനിന്നു പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടത്.
ഇവർ പരിഭ്രാന്തരായി ബഹളം വച്ചു. തുടർന്ന് വരാന്തയിലുള്ളവരും സുരക്ഷാ ജീവനക്കാരുമെത്തി പാമ്പിനെ നീക്കം ചെയ്തു. കാട്ടുപാമ്പ് വർഗത്തിൽപെട്ടതാണെന്നാണ് പ്രാഥമിക വിവരം. 15 കുട്ടികളും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും ഐസിയുവിൽ ഉണ്ടായിരുന്നു. ഐസിയുവിന് പുറത്തെ വരാന്തയിൽ കൂട്ടിരിപ്പുകാരുമുണ്ടായിരുന്നു. കഴിഞ്ഞദിവസം താഴത്തെ നിലയിലെ കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നു പാമ്പിനെ പിടികൂടിയിരുന്നു.