ADVERTISEMENT

ചെറുപുഴ∙ മലയോര മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വർധിച്ചുവരുന്നു. ചെറുപുഴ പഞ്ചായത്ത് ഓഫിസ് പരിസരത്തും കാക്കയംചാലിലുമാണു ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയത്.തുടർന്നു പഞ്ചായത്ത് ഓഫിസ് പരിസരത്തു നടത്തിയ പരിശോധനയിൽ ഒട്ടേറെ  ഒച്ചുകളെ കണ്ടെത്തി നശിപ്പിച്ചു. വളരെ വേഗത്തിലാണു ഇവയുടെ എണ്ണം പെരുകുന്നത്. പപ്പായ, കാബേജ്, കോളിഫ്ലവർ ഉൾപ്പെടെയുള്ള പച്ചക്കറികൾ ഇവ ദിവസങ്ങൾക്കുള്ളിൽ തിന്നുതീർക്കും. ഇതോടെ ആഫ്രിക്കൻ ഒച്ച് മലയോര കർഷകർക്ക് കടുത്ത ഭീഷണിയായി മാറി.

ചെറുപുഴ പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നു കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകൾ.
ചെറുപുഴ പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നു കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകൾ.

2 വർഷം മുൻപ് ചെറുപുഴ ടൗണിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയിരുന്നു. അന്ന് കൃഷിവകുപ്പ് നടത്തിയ ഫലപ്രദമായി  ഇടപെലിനെ തുടർന്ന് ഒച്ചുകളെ വേഗത്തിൽ നശിപ്പിക്കാനായി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണു  ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം മലയോരത്ത് വീണ്ടും കണ്ടെത്തിയത്. ഇതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. 2005 മുതലാണു സംസ്ഥാനത്ത് ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. ഈ വർഷം കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തുകയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇവയെ നശിപ്പിക്കുകയും ചെയ്തിരുന്നു. 

പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സുരേഷ് കുറ്റൂർ നടത്തിയ പരിശോധനയിലാണു കൂടുതൽ ഒച്ചുകളെ പ്രദേശത്ത് നിന്നു കണ്ടെത്തിയത്. കർഷകർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം കൃത്യസമയത്തു തടഞ്ഞില്ലെങ്കിൽ കാർഷിക മേഖലയ്ക്ക് വൻനാശം ഉണ്ടാക്കും. 

പ്രതിരോധം പ്രധാനം
ഇവയെ നശിപ്പിക്കാൻ 25 ഗ്രാം പുകയില ഒന്നര ലീറ്റർ തിളച്ച വെള്ളത്തിലിട്ടുണ്ടാക്കുന്ന ലായനിയും, 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെളളത്തിൽ കലർത്തി തയാറാക്കുന്ന ലായനിയും തമ്മിൽ യോജിപ്പിച്ചുണ്ടാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഒച്ചിനെ പൂർണമായും നശിപ്പിക്കാൻ സാധിക്കും. ഇതിനുപുറമെ ഉപ്പ് ലായനി തളിച്ചും ഒച്ചിന്റെ വ്യാപനം തടയാൻ സാധിക്കുമെന്നു ചെറുപുഴ അസി. കൃഷി ഓഫിസർ സുരേഷ് കുറ്റൂർ പറഞ്ഞു.

English Summary:

The idyllic hilly region of Cherupuzha in Kerala, India, is facing a growing threat: an infestation of African snails. These invasive creatures are rapidly multiplying and posing a severe risk to local farms, devouring crops like papaya, cabbage, and cauliflower. This article highlights the urgency of the situation and the need for effective control measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com