നെടുംപൊയിൽ പേര്യ മാനന്തവാടി ബാവലി സംസ്ഥാനാന്തര പാത: ചുരത്തിലെ പണി മുടക്കി മഴയും മണ്ണിടിച്ചിലും
Mail This Article
ചന്ദനത്തോട് ∙ മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തലശ്ശേരി നെടുംപൊയിൽ പേര്യ മാനന്തവാടി ബാവലി സംസ്ഥാനാന്തര പാതയിലെ ചുരത്തിൽ നടക്കുന്ന നിർമാണ പ്രവത്തികൾ തടസ്സപ്പെടുന്നു. വയനാട് ദുരന്തമുണ്ടായ അതേരാത്രിയാണ് ഈ പാതയിൽ വിള്ളൽ രൂപപ്പെടുകയും ഗതാഗതം നിർത്തി വയ്ക്കുകയും ചെയ്തത്. വിശദമായ പഠനത്തിനുശേഷം വിള്ളലിന്റെ ആഴം കണക്കാക്കി റോഡിലെ മണ്ണ് എടുത്തു മാറ്റി സുരക്ഷിതമായ അടിത്തറയിൽ കോൺക്രീറ്റ് പണികൾ നടത്തി റോഡ് നിർമിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. 70 മീറ്ററോളം നീളത്തിൽ 10 മീറ്റർ വരെ ആഴത്തിൽ മണ്ണ് എടുത്തു നീക്കുന്ന പണികൾ ഇപ്പോഴും തുടരുകയാണ്. മണ്ണ് എടുത്തു നീക്കിയ ഭാഗത്ത് കോൺക്രീറ്റ് പണികളും ആരംഭിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ 40 മീറ്റർ വരെ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. എന്നാൽ 100 മീറ്ററോളം നീളത്തിൽ മണ്ണു നീക്കി പണികൾ നടത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പലയിടത്തായി മണ്ണിടിച്ചിൽ ഉണ്ടായതും പണികൾ മെല്ലെയാകാൻ കാരണമായി. കോൺക്രീറ്റ് ചെയ്തതിനു മുകളിലേക്കും മണ്ണിടിഞ്ഞു വീണതോടെ കോൺക്രീറ്റ് പണികൾ നിർത്തി വച്ചിരിക്കുകയാണ്. മഴ പെയ്യുമ്പോൾ മണ്ണെടുക്കുന്ന ഭാഗത്ത് ചെറിയ മണ്ണിടിച്ചിലും ഉണ്ടാകുന്നു. കൂടാതെ വിള്ളൽ വീണ ഭാഗത്തിന് സമീപമുള്ള മൺതിട്ടയിലും വിള്ളലുകൾ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ വിള്ളൽ അപകടകരമാണോയെന്ന് വിദഗ്ധ പരിശോധന ആവശ്യമായിരിക്കുകയാണ്.