ഓർമകളിൽ ജ്വലിക്കും; പുഷ്പൻ ഇനി ഓർമകളിലെ രക്തനക്ഷത്രം
Mail This Article
പാനൂർ ∙ കൂത്തുപറമ്പ് വെടിവയ്പിലെ ‘ജീവിക്കുന്ന രക്തസാക്ഷി’ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ ഇനി ഓർമകളിലെ രക്തനക്ഷത്രം. ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി പുഷ്പന്റെ മൃതദേഹം മേനപ്രത്തെ വീടിനു സമീപം മാമൻ വാസു സ്മാരകത്തിനു മുന്നിലെ പറമ്പിൽ സംസ്കരിച്ചു. സഹോദരങ്ങളുടെ മക്കളായ രസിൻ രാജ്, നവൽ പ്രകാശ്, ജിനീഷ് എന്നിവർ ചേർന്നു വൈകിട്ട് അഞ്ചരയോടെ ചിതയ്ക്കു തീകൊളുത്തി.
കോഴിക്കോട്ടെ ആശുപത്രിയിൽ അന്തരിച്ച പുഷ്പന്റെ മൃതദേഹം രാവിലെ പതിനൊന്നോടെ വിലാപയാത്രയായി തലശ്ശേരിയിലെത്തിച്ചു. കോഴിക്കോടുമുതൽ തലശ്ശേരി വരെ വിവിധ കേന്ദ്രങ്ങളിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ഒട്ടേറെപ്പേരെത്തി. കണ്ണൂരിൽ നിന്നുള്ള നേതാക്കൾ ജില്ലാ അതിർത്തിയിൽ മൃതദേഹം ഏറ്റുവാങ്ങി. അതിവൈകാരികമായി, മുദ്രാവാക്യം വിളികളോടെയാണ് ഓരോ കേന്ദ്രത്തിൽനിന്നും പുഷ്പനെ യാത്രയാക്കിയത്. തലശ്ശേരി, പുഷ്പൻ വെടിയേറ്റുവീണ കൂത്തുപറമ്പ്, ജന്മനാടായ ചൊക്ലി എന്നിവിടങ്ങളിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ ജനങ്ങളുടെ വലിയ നിരയെത്തി.
സഹനസൂര്യൻ അസ്തമിച്ചിട്ടില്ലെന്നും തങ്ങളിലൂടെ ജ്വലിക്കുമെന്നും പാർട്ടി പ്രവർത്തകർ തൊണ്ടയിടറി മുദ്രാവാക്യം മുഴക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം എംപി, സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ മൃതദേഹം വഹിച്ചുള്ള വാഹനത്തിൽ അനുഗമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജൻ, പി.ശശി, ടി.വി.രാജേഷ്, സ്പീക്കർ എ.എൻ.ഷംസീർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
1994 നവംബർ 25ന്, യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനുനേരെ കൂത്തുപറമ്പിലുണ്ടായ വെടിവയ്പിൽ പരുക്കേറ്റ് കഴുത്തിനു താഴെ തളർന്ന് 30 വർഷം കിടപ്പിലായിരുന്നു പുഷ്പൻ. പാർട്ടി പ്രവർത്തകരുടെ പരിചരണത്തിലായിരുന്നു ഇത്രയും കാലം. വെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ടു. പുഷ്പനുംകൂടി വിടപറഞ്ഞതോടെ കൂത്തുപറമ്പ് രക്തസാക്ഷികൾ ആറായി. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ ഹർത്താൽ ആചരിച്ചു.