മംഗളമാകട്ടെ, 9 രാവുകൾ...; നവരാത്രി ആഘോഷത്തിന് തുടക്കം
Mail This Article
കണ്ണൂർ∙ ദേവീ ഉപാസനയോടൊപ്പം കലയെയും വിദ്യയെയും ദൈവികഭാവത്തിൽ ഉപാസിക്കുന്ന നവരാത്രി ആഘോഷത്തിന് ഇന്നുതുടക്കം. ഇതിനായി കോവിലുകളും ക്ഷേത്രങ്ങളും ഒരുങ്ങി. ഭക്തർ വ്രതമെടുത്ത് ഇന്നുരാവിലെ മുതൽ ദേവീക്ഷേത്ര ദർശനം നടത്തി നവരാത്രി ആഘോഷത്തിന്റെ ഭാഗമാകും. ക്ഷേത്രങ്ങളിൽ നാമജപം, ഭജന, നവരാത്രി വിളക്ക് എന്നിവ നടക്കും. ദുർഗാഷ്ടമി ദിവസമായ 11ന് ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും ഗ്രന്ഥം വച്ച് മഹാനവമി ദിവസം ഗ്രന്ഥപൂജയും സരസ്വതീ പൂജയും നടത്തും. വിജയദശമി ദിവസമായ 13ന് പുസ്തകമെടുക്കും. എഴുത്തിനിരുത്തു ചടങ്ങോടെ നവരാത്രി ആഘോഷത്തിനു സമാപനമാകും.
പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം തുടങ്ങിയ പ്രധാന ദേവീ ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷം വിപുലമായി നടക്കും. ദേവീ ക്ഷേത്രങ്ങൾക്ക് പുറമേ മറ്റ് ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം നടത്തുന്നുണ്ട്. സംഗീതം, നൃത്തം അടക്കമുള്ള കലാവിദ്യാർഥികളുടെ അരങ്ങേറ്റമാണ് നവരാത്രി നാളുകളിലെ പ്രധാനപ്പെട്ട മറ്റൊരിനം. ഇതിനുള്ള സൗകര്യങ്ങൾ നവരാത്രി ആഘോഷം നടക്കുന്ന ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂർ നഗരത്തിലെ നവരാത്രി ആഘോഷങ്ങളും ഇന്നുമുതൽ വിപുലമായി നടക്കും. നഗരത്തിലെ മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ, താളിക്കാവ് ഭഗവതി ക്ഷേത്രം, കൃഷ്ണൻ കോവിൽ, ദ്രൗപദി അമ്മൻകോവിൽ, ഹനുമാൻ കോവിൽ, കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ, കിഴുത്തള്ളി കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ എന്നീ ദേവസ്ഥാനങ്ങളാണ് കണ്ണൂർ ദസറയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടവ. ഇവിടങ്ങളിൽ 13 വരെ വിശേഷാൽ പൂജകളും കലാപരിപാടികളും നടക്കും. കണ്ണൂർ ദസറയുടെ ഭാഗമായി നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും 13 വരെ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന കലാപരിപാടികൾ കലക്ടറേറ്റ് മൈതാനിയിലാണ് നടക്കുക. കണ്ണൂർ ദസറയുടെ ഉദ്ഘാടന സമ്മേളനം നാളെ വൈകിട്ട് 5ന് നടക്കും.
കൊല്ലൂരിൽ നവരാത്രി മഹോത്സവം ഇന്നുമുതൽ
കൊല്ലൂർ ∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 11 വരെയാണ് മഹോത്സവം. പതിവ് പൂജകൾക്കു പുറമേ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പ്രത്യേക പൂജകളും നടക്കും. ഒൻപത് ദേവീഭാവങ്ങളിൽ വ്യത്യസ്തങ്ങളായ പൂജകളാണ് നടക്കുക. മഹാനവമി ദിനമായ 11ന് ചണ്ഡികായാഗം നടക്കും. രാത്രി 9.30ന് പുഷ്പരഥോത്സവം. റിഷഭലഖ്‌നത്തിൽ പുഷ്പത്താൽ അലങ്കരിച്ച രഥത്തിൽ കൊല്ലൂരമ്മയെ കയറ്റി മൂന്നുതവണ ശ്രീകോവിൽ ചുറ്റുന്ന ചടങ്ങ് കാണാനായി ആയിരങ്ങളെത്തും. വിജയദശമി ദിനമായ 12ന് പുലർച്ചെ 4മുതൽ വിദ്യാരംഭ ചടങ്ങുകൾ. കേരളത്തിൽ 12ന് മഹാനവമിയും 13ന് വിദ്യാരംഭവുമാണ്.