പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ പാർക്കിങ് സൗകര്യമില്ല
Mail This Article
പയ്യന്നൂർ∙ കെഎസ്ആർടിസി ഡിപ്പോയിൽ ദീർഘദൂര യാത്രക്കാർക്ക് വാഹന പാർക്കിങ് സൗകര്യമില്ല. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ പെരുമ്പയിലെ ഡിപ്പോ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. ബസ് കയറാൻ വാഹനവുമായി വരുന്നവർക്ക് മുന്നിൽ പേ പാർക്കിങ് കേന്ദ്രം അടച്ചു പൂട്ടിയിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പാർക്ക് ചെയ്യാൻ പോയാൽ വ്യാപാരികൾ ഏർപ്പെടുത്തിയ സെക്യൂരിറ്റി അതിന് അനുവദിക്കില്ല. ഡിപ്പോയുടെ അകത്തേക്ക് കയറ്റിയാൽ കെഎസ്ആർടിസിയുടെ സെക്യൂരിറ്റിയും അതിന് അനുവദിക്കുന്നില്ല. ദൂരെ എവിടെയെങ്കിലും സുരക്ഷിത കേന്ദ്രത്തിൽ വാഹനം പാർക്ക് ചെയ്ത് വരുമ്പോഴേക്കും ബുക്ക് ചെയ്ത ബസ് പോയിട്ടുണ്ടാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിൽ ഒട്ടേറെ പേരുടെ യാത്ര മുടങ്ങി.
കോടികൾ ചെലവഴിച്ച് കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചപ്പോൾ കെട്ടിടത്തിന് അടിയിൽ വിശാലമായ അണ്ടർ ഗ്രൗണ്ട് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിർമാണത്തിലെ അപാകത മൂലം വർഷത്തിൽ 10 മാസവും ഇതിൽ വെള്ളക്കെട്ടാണ്. പേ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാർക്കിങ് കേന്ദ്രം ഷട്ടർ ഇട്ട് പൂട്ടിയിരിക്കുന്നു. പൂട്ട് പൊളിച്ച് ആരെങ്കിലും വാഹനം അകത്ത് കയറ്റുന്നത് തടയാൻ വലിയ തോതിൽ സിമന്റ് കട്ടകളും ഷട്ടറിന് മുന്നിൽ കൂട്ടിയിട്ടുണ്ട്. ഗത്യന്തരമില്ലാതെ ചില യാത്രക്കാർ പൂട്ടിയിട്ട പാർക്കിങ് കേന്ദ്രത്തിന് മുന്നിൽ ഇരു ചക്ര വാഹനങ്ങൾ നിർത്തിയിട്ടുണ്ട്. അതേ സമയം പാർക്കിങ്ങിന് ഡിപ്പോയിൽ സ്ഥല സൗകര്യമില്ലെന്നും സൗകര്യമുണ്ടാക്കാനുള്ള ശ്രമം നടത്തുമെന്നും ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.