കനത്ത മഴയിലും രാജഗിരിയിൽ തിരക്കിട്ട കുന്നിടിക്കൽ; ജില്ലാതല പരിശോധനാ സംഘത്തിന്റെ സന്ദർശനം കാത്ത് നാട്ടുകാർ
Mail This Article
ചെറുപുഴ∙ രാജഗിരി പൈതൃക സംരക്ഷണ സമിതി ജില്ലാ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നു രൂപീകരിച്ച ജില്ലാതല പരിശോധന സംഘം സ്ഥലം സന്ദർശിക്കാനിരിക്കെ പ്രദേശത്ത് കുന്നിടിക്കൽ തകൃതിയായി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ മലയോരത്ത് കനത്ത മഴയാണ് പെയ്യുന്നത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ രാജഗിരിയിലെ ക്വാറികളിൽ സ്ഫോടനങ്ങളും കുന്നിടിക്കലും നടന്നുവരികയാണെന്നു രാജഗിരി പൈതൃക സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ഉഗ്രസ്ഫോടനവും കുന്നിടിക്കലും മൂലം പ്രദേശത്തെ ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്. ഇതിനുപുറമെ പ്രദേശത്തെ ജലസ്രോതസ്സുകളും റോഡുകളും നശിക്കുകയും ചെയ്തു.
ഇതോടെ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുകയും വാഹനഗതാഗതം ദുരിതമാകുകയും ചെയ്തു. ക്വാറികളിൽ നിന്നു നിർമാണ സാമഗ്രികളുമായി വലിയ വാഹനങ്ങൾ കടന്നുപോകുന്നതാണു ഗ്രാമീണ റോഡുകളുടെ തകർച്ചയ്ക്ക് ഇടയാക്കിയത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ക്വാറിയുടമകളെ സഹായിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നു പൈതൃക സംരക്ഷണസമിതി ഭാരവാഹികൾ ആരോപിച്ചു. ജില്ലാതല പരിശോധന സംഘം സ്ഥലത്തെത്തുമ്പോൾ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സംഘത്തിനു മുന്നിൽ അവതരിപ്പിക്കും.
ഇതിനുപുറമെ ശക്തമായി മഴ പെയ്യുന്ന സമയത്ത് നടക്കുന്ന കുന്നിടിക്കലും സ്ഫോടനങ്ങളും നിർത്തി വയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാതല പരിശോധന സംഘത്തോട് ആവശ്യപ്പെടാനും സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ചെയർമാൻ സ്കറിയ നടുവിലെക്കൂറ്റ് അധ്യക്ഷത വഹിച്ചു. കൺവീനർ ബിനോയി മുതുക്കാട്ടിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു.