പയ്യാമ്പലത്ത് രണ്ടാംദിനവും കള്ളക്കടൽ
Mail This Article
കണ്ണൂർ ∙ പയ്യാമ്പലം തീരത്ത് കള്ളക്കടൽ പ്രതിഭാസം രണ്ടാം ദിവസവും തുടർന്നു. ബീച്ചിൽ തിരമാല ഇരച്ചു കയറി ഇന്നലെയും വെള്ളക്കെട്ടുണ്ടായി. രാവിലെ 8 മുതൽ ആരംഭിച്ച പ്രതിഭാസം മണിക്കൂറുകളോളം തുടർന്നു. ബീച്ചിലെ മണൽ തിട്ട കടന്ന് ഏറെ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി വീശിയടിച്ചു. സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം വെള്ളം ഇരച്ചു കയറി കുടുംബങ്ങളെ മാറ്റി പാർപ്പിച്ച ചൂട്ടാട് തീരത്തും സമീപ പറമ്പുകളിലും റോഡുകളിലും വെള്ളം കയറിയ അഴീക്കോട് നീർക്കടവ് തീരവും ഇന്നലെ ശാന്തമായിരുന്നു. മാറ്റി പാർപ്പിച്ച കുടുംബങ്ങളെ ഇന്നലെ രാവിലെ തന്നെ വീടുകളിൽ തിരിച്ചെത്തിച്ചു. തലശ്ശേരി പെട്ടിപ്പാലം തീരവും ശാന്തമായിരുന്നു.
കള്ളക്കടൽ: പെട്ടിപ്പാലത്തെത്തി സ്പീക്കർ
തലശ്ശേരി∙ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കഴിഞ്ഞദിവസം കടലാക്രമണമുണ്ടായ പെട്ടിപ്പാലം സ്പീക്കർ എ.എൻ.ഷംസീർ സന്ദർശിച്ചു. കടലാക്രമണ ഭീഷണി തടയാനുള്ള നടപടികളെക്കുറിച്ചു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ സ്പീക്കർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, തഹസിൽദാർ എം.വിജേഷ്, നഗരസഭ വൈസ് ചെയർമാൻ എം.വി.ജയരാജൻ, അംഗം കെ.ടി.മൈഥിലി, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു ജോർജ്, ഡപ്യൂട്ടി തഹസിൽദാർമാരായ വി.രാജേഷ്, കെ.രമേഷ് എന്നിവരും കുടെയുണ്ടായിരുന്നു. പെട്ടിപ്പാലത്ത് കടൽ ഇന്നലെ അൽപം ശാന്തമായതായി പ്രദേശവാസികൾ പറഞ്ഞു.