തളിപ്പറമ്പ് പുളിമ്പറമ്പിൽ കണ്ടത് പുലിയെ തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്
Mail This Article
തളിപ്പറമ്പ്∙ നഗരസഭയിലെ പുളിമ്പറമ്പിൽ കണ്ടെത്തിയത് പുലിയുടെ കാൽപ്പാടുകൾ തന്നെയെന്ന് സ്ഥിരീകരിച്ചു. രാവിലെ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം പുളിമ്പറമ്പ് കണികുന്നിൽ കണ്ടെത്തിയ കാൽപ്പാട് പുലിയുടേത് ആണെന്ന് സ്ഥിരീകരിച്ചത്. ദേശീയപാത ബൈപ്പാസ് റോഡിലാണ് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷം കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഏതെങ്കിലും ജീവികളെ പുലി കൊന്ന് ഭക്ഷണമാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കും. പുലി മറ്റേതെങ്കിലും ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ പുലിയെ കണ്ടതായുള്ള വിവരം പുറത്തുവന്നത്.
കണികുന്നിൽ കുളത്തിലേക്ക് പോകുകയായിരുന്ന രണ്ട് സ്ത്രീകളാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് ഇതിനു സമീപത്തുള്ള വീട്ടുകാരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. അന്നു തന്നെ വനംവകുപ്പും പൊലീസും പരിസരത്ത് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ വീണ്ടും കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വനംവകുപ്പ് ആർആർടി വിഭാഗം എത്തി പരിശോധന നടത്തിയത്. നഗരപ്രദേശമായ ഇവിടെ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.