പൊലീസ് നടപടിയെടുത്തിട്ടും തോന്നുംപടി പാർക്കിങ്; വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റും
Mail This Article
ഇരിട്ടി ∙കർശന നടപടിയുമായി പൊലീസ് രംഗത്തിറങ്ങുകയും നഗരസഭയുടെ നേതൃത്വത്തിൽ ട്രാഫിക് കമ്മിറ്റി ചേർന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും നഗരത്തിൽ പാർക്കിങ് തോന്നുംപടി. ഈ മാസം ഒന്നു മുതൽ ട്രാഫിക് നിയമ ലംഘനങ്ങൾ കർശനമായി നേരിടുമെന്ന് നഗരസഭാ, പൊലീസ്, മോട്ടർ വാഹനവകുപ്പ് പ്രതിനിധികൾ ഉൾപ്പെടുന്ന ട്രാഫിക് കമ്മിറ്റി ബന്ധപ്പെട്ട ട്രേഡ് യൂണിയൻ സംഘടനകളുടെയും വ്യാപാരികളുടെയും പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് യോഗം ചേർന്നു തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെ അനധികൃതമായും അനുവദിച്ചതിലും അധികം സമയവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു നടപടി കർശനമാക്കി. ഇതുവരെ 300 വണ്ടികളിൽ സ്റ്റിക്കർ ഒട്ടിക്കുകയും 90 വണ്ടികളിൽ നിന്നു പിഴ ഈടാക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും പേ പാർക്കിങ് ഉപയോഗിക്കാതെ പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും വണ്ടി കൊണ്ടുവന്നിട്ടു പോകുന്ന രീതിക്ക് മാറ്റം ഇല്ല. ബസ് സ്റ്റാൻഡ് വൺവേ റോഡിൽ തീരുമാന പ്രകാരം ഇരുവശത്തും വാഹന പാർക്കിങ്ങിന് അനുമതിയില്ല. എന്നാൽ ഇരുവശത്തുമുള്ള അനധികൃത പാർക്കിങ് മൂലം ഗതാഗത തടസ്സമുണ്ടാകുന്നു.
പാർക്കിങ് നിയമ ലംഘനങ്ങൾ 250 രൂപയാണ് പിഴ അടപ്പിക്കുന്നത്. അനധികൃത പാർക്കിങ് നടത്തുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. ഉടമ പിഴക്ക് പുറമേ ക്രെയിൻ ചാർജ് കൂടി നൽകേണ്ടി വരും.