ചന്ദനക്കാംപാറ – വഞ്ചിയം – പൈതൽമല റോഡ് തകർന്നു; ദുരിതയാത്ര
Mail This Article
ശ്രീകണ്ഠപുരം∙ ചന്ദനക്കാംപാറ –വഞ്ചിയം പൈതൽമല റോഡ് തകർന്ന് യാത്രാദുരിതം രൂക്ഷമായി. 9 കിലോമീറ്റർ നീളമുള്ള റോഡാണിത്. ആയിരത്തിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്നു. ചന്ദനക്കാംപാറ മുതൽ വഞ്ചിയം വരെ 5 കിലോമീറ്ററുണ്ട്. ടാറിങ് നടത്തിയ റോഡാണ്. എല്ലാ സ്ഥലത്തും റോഡ് പൊട്ടിത്തകർന്ന് കിടക്കുകയാണ്.
റോഡരികിൽ നിന്ന് കല്ലുകൾ ഉരുണ്ട് വീണ് റോഡിൽ കടക്കുകയാണ്. മിക്ക സ്ഥലത്തും ചാലുകളെല്ലാം മണ്ണിടിഞ്ഞ് നിരപ്പായി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. അടുത്ത ദിവസം ഉണ്ടായ കനത്ത മഴയിൽ മണ്ണ് കുത്തി ഒലിച്ചുവന്ന് റോഡിൽ നിറഞ്ഞു കിടക്കുകയാണ്. ഇപ്പോൾ ഇടയ്ക്കിടെ മഴ പെയ്യുന്നത് കൊണ്ട് ഇവിടെ മുഴുവൻ വഴുക്കാണ്. ഇതിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളെ അയച്ച് മഴയിൽ റോഡിൽ ഒഴുകി എത്തിയ മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് പയ്യാവൂർ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. 2 ബസുകളാണ് രാവിലെ മാത്രം വഞ്ചിയത്ത് എത്തുന്നത്.
നേരത്തെ കൂടുതൽ ബസുകൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളും, നാട്ടുകാരും ചന്ദനക്കാംപാറ ടൗണുമായി ബന്ധപ്പെടാൻ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.ചന്ദനക്കാംപാറ മുതൽ പൈതൽമല വരെ റോഡ് മെക്കാഡം ടാറിങ് നടത്തി വികസിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണെന്ന് പ്രദേശവാസി അനിൽ ജോൺ തോക്കടം പറയുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടാകുന്നില്ല. മലയോര മേഖല ആയത് കൊണ്ട് മഴയിൽ റോഡിലേക്ക് ഇടിഞ്ഞ മണ്ണും, പാറകളും വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും ഇവ നീക്കം ചെയ്യാൻ നടപടി വേണമെന്നും അനിൽ പറയുന്നു.