ഉയരപ്പാത: ഗതാഗതക്കുരുക്കില്ലാതെ മുഖ്യമന്ത്രി വന്നു; ദേശീയപാത നിർമാണത്തിന് അവധി നൽകി
Mail This Article
തുറവൂർ ∙ ഉയരപ്പാത നിർമാണസ്ഥലത്തെ ദേശീയപാതയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയപ്പോൾ നിർമാണ പ്രവർത്തനങ്ങൾക്ക് അവധി. എറണാകുളത്ത് നിന്നു ആലപ്പുഴയിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വയലാറിൽ രക്ത സാക്ഷി അനുസ്മരണ ചടങ്ങിലും പങ്കെടുത്ത ശേഷം അരൂർ തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാതയിലൂടെ ഗതാഗതക്കുരുക്കില്ലാതെ മുഖ്യമന്ത്രി വീണ്ടും കൊച്ചിയിലേക്ക് തന്നെ മടങ്ങി.
ഉയരപ്പാത നിർമാണം തുടങ്ങിയതിനു ശേഷം ഗതാഗത കുരുക്കും പാതയിലെ കുഴികളും നിറഞ്ഞതു പാതയിലൂടെ പോകുന്ന യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഒട്ടേറെ പരാതികൾ ഉയരുമ്പോൾ മുഖ്യമന്ത്രിയുടെ ഇതുവഴിയുള്ള യാത്രയിലൂടെ യാത്രാ ദുരിതം മുഖ്യമന്ത്രി നേരിൽ ബോധ്യപ്പെടുമെന്നായിരുന്നു യാത്രക്കാർ കരുതിയത്. എന്നാൽ മുഖ്യമന്ത്രിയുടെ യാത്ര ദിവസമായ ഇന്നലെ അരൂർ തുറവൂർ ഉയരപ്പാത നിർമാണ ജോലികൾ നിർത്തിവയ്ക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത വിധം കരാർ കമ്പനി അധികൃതർ ട്രാഫിക് നിയന്ത്രണത്തിന് ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
ഇതുകൂടാതെ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു. പ്രധാന ജംക്‌ഷനുകളിലും മീഡിയൻ ഗ്യാപ്പിലും പൊലീസിനെ വിന്യസിപ്പിച്ചിരുന്നു. പൊടിശല്യം ഒഴിവാക്കാൻ ഉയരപ്പാത നിർമാണ കമ്പനി റോഡിന്റെ ഇരുവശങ്ങളിലും മണിക്കൂറുകൾ ഇടവിട്ട് വെള്ളം തളിച്ചിരുന്നു. അലങ്കോലമായി കിടന്നിരുന്ന നിർമാണ സാമഗ്രികളും നീക്കം ചെയ്തു. ഉയരപ്പാത നിർമാണം തുടങ്ങി രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായ ശേഷം മുഖ്യമന്ത്രി ആദ്യമായാണ് ഇതുവഴി കടന്നു പോയത്.