ആളിക്കത്തി പ്രതിഷേധം; യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് മാർച്ചുകളിൽ പൊലീസുമായി സംഘർഷം
Mail This Article
കണ്ണൂർ∙ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്ക് ഡിസിസി ഓഫിസിൽ നിന്നും പ്രതിഷേധ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചു പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പലവട്ടം പ്രവർത്തകർ നടത്തിയ നീക്കം പൊലീസ് ചെറുത്തു. ബാരിക്കേഡ് വീഴുമെന്നായപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗം നടത്തി. ജല പീരങ്കിയെ പ്രവർത്തകരും ചെറുത്തു. ഇതിനിടെ റോഡിലെ മറ്റൊരു ഭാഗത്തെ ബാരിക്കേഡ് ലക്ഷ്യമിട്ട് പ്രവർത്തകർ കൂട്ടമായെത്തിയതോടെ വീണ്ടും പൊലീസിന്റെ ജലപീരങ്കി പ്രയോഗം. ജില്ലാ പഞ്ചായത്ത് ഗേറ്റു തള്ളിത്തുറക്കാനുള്ള നീക്കം പൊലീസ് ഏറെ ശ്രമകരമായി ചെറുത്തു. ഗേറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം തുടർന്നു.
നേരത്തെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നു അദ്ദേഹം പറഞ്ഞു. വിജിൽ മോഹനൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.രാഹുൽ, റോബർട്ട് വെള്ളാംവെള്ളി, ജില്ലാ വൈസ് പ്രസിഡന്റ് മഹിതമോഹൻ, റിൻസ് മാനുവൽ, ടി.സുമി, അശ്വിൻ സുധാകർ, റിയ നാരായണൻ, പ്രിനിൽ മധുക്കോത്ത് എന്നിവർ പ്രസംഗിച്ചു.
∙ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലും പൊലീസുമായി സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കം ജലപീരങ്കി പ്രയോഗിച്ച് പൊലീസ് പിന്തിരിപ്പിച്ചു. ഏറെനേരം പൊലീസിനു നേരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതിനിടെ ജില്ലാ പഞ്ചായത്ത് ഓഫിസിന്റെ ഗേറ്റ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകൻ ഷബീർ എടയന്നൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രവർത്തകനെ വിട്ടുകിട്ടാൻ സമരക്കാർ റോഡ് ഉപരോധിച്ചു. ഏറെ നേരം റോഡ് ഉപരോധിച്ചതോടെ പൊലീസ് പ്രവർത്തകനെ വിട്ടയച്ചു. ഇതോടെ പ്രവർത്തകർ പിൻവാങ്ങി. നേരത്തെ, ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ ഉദ്ഘാടനം ചെയ്തു. കെ.കെ.ഷിനാജ് അധ്യക്ഷത വഹിച്ചു. അഷ്ക്കർ കണ്ണാടിപ്പറമ്പ്, പി.എം.ഇസ്സുദ്ദീൻ, തസ്‌ലിം ചേറ്റംകുന്ന് എന്നിവർ പ്രസംഗിച്ചു.