കിണറുകളിൽ നിന്നു ജലം അപ്രത്യക്ഷമാകുകയും തിരിച്ചു വരികയും ചെയ്യുന്ന പ്രതിഭാസം!
Mail This Article
ചെറുപുഴ∙ മലയോര മേഖലയിലെ കിണറുകളിൽ നിന്നു ജലം അപ്രത്യക്ഷമാകുകയും തിരിച്ചു വരികയും ചെയ്യുന്ന പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ കലക്ടർ നിയോഗിച്ച വിദഗ്ധസംഘം പ്രദേശം സന്ദർശിച്ചു. ചെറുപുഴ പഞ്ചായത്തിലെ വയലായി, മേലുത്താന്നി പ്രദേശങ്ങളിലെ കിണറുകളാണു സംഘം സന്ദർശിച്ചത്. ഭൂജലവകുപ്പ് ജില്ലാ ഓഫിസിലെ ഹൈഡ്രോ ജിയോളജിസ്റ്റ് കെ.ഒ.പ്രവീൺകുമാർ, ജില്ലാ ജിയോളജി ഓഫിസ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.റഷീദ്, കണ്ണൂർ സോയിൽ കൺസർവേഷൻ ഓഫിസർ വി.വി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണു പരിശോധന നടത്തിയത്. തയാറാക്കിയ റിപ്പോർട്ട് ഉടൻ തന്നെ കലക്ടർക്ക് കൈമാറും.
വയലായിലെ പുറവക്കാട്ട് സണ്ണി, മേലുത്താന്നിയിലെ കരിമ്പൻവീട്ടിൽ അമ്മിണി എന്നിവരുടെ കിണറുകളാണു സംഘം പരിശോധിച്ചത്. സെപ്റ്റംബറിലാണു വയലായിലെ പുറവക്കാട്ട് സണ്ണിയുടെ വീട്ടുപരിസരത്തെ 40 അടി ആഴമുള്ള കിണറും അതിനുള്ളിലെ 150 അടി ആഴത്തിലുള്ള കുഴൽകിണറും ഒരേസമയം വറ്റിപ്പോയത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം കിണറിൽ വെള്ളം തിരികെ വന്നു. ഇതിനു ശേഷമാണു മേലുത്താന്നിയിലെ കരിമ്പൻവീട്ടിൽ അമ്മിണിയുടെ വീട്ടുപരിസരത്തെ കുഴൽകിണറിൽ നിന്നു വെള്ളം അപ്രത്യക്ഷമായത്. ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും പഠിച്ച് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്‌സാണ്ടർ ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണു വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചത്.