ADVERTISEMENT

തളിപ്പറമ്പ്∙ നഗരസഭയിൽ വീണ്ടും മഞ്ഞപ്പിത്ത ബാധ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പുഷ്പഗിരിക്ക് സമീപം ഹിദായത്ത് നഗർ സ്വദേശികളായ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. നഗരസഭയിൽ രോഗം വ്യാപകമായതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ഡപ്യൂട്ടി ഡിഎംഒ ഡോ.കെ.സി.സച്ചിന്റെ നേതൃത്വത്തിൽ രോഗബാധയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.

നഗരസഭയിൽ മാർക്കറ്റിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്സിലാണ് മുൻപ് മഞ്ഞപ്പിത്ത ബാധ വ്യാപകമായി കണ്ടെത്തിയത്. ഇത് പിന്നീട് നിയന്ത്രണവിധേയമായിരുന്നു. ഇവിടെയുള്ള കിണറിലെ വെള്ളത്തിൽ മനുഷ്യ വിസർജ്യത്തിന്റെ സാന്നിധ്യം ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കിണർ പിന്നീട് ശുചീകരിക്കുകയും ചെയ്തു. ഹിദായത്ത് നഗറിൽ 2 മാസത്തോളമായി 15 ഓളം പേർക്ക് മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തിരുന്നതായും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തുടർന്ന് നഗരസഭ അധികൃതരും രംഗത്തിറങ്ങി ഈ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിക്കുകയും ജനങ്ങൾക്ക് ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം 2 യുവാക്കൾ മരിച്ചതോടെ ഇതിന് സമീപത്തുള്ള 10 കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മരിച്ച 2 യുവാക്കളുടെ ബന്ധുക്കളായ 4 പേർക്കും രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ വീടുകൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഡോ.അനീറ്റ കെ.ജോസി, ഡോ.ലത, ഡോ.അഷ്റഫ്, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ, എപ്പിഡോമോളജിസ്റ്റ് അഭിലാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗവും വീടുകളിൽ സന്ദർശനം നടത്തി. വ്യക്തി ശുചിത്വം പാലിച്ചും കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്തും കുടിവെള്ളം തിളപ്പിച്ചും ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

English Summary:

Taliparamba, Kerala is facing a concerning jaundice outbreak with two reported fatalities. Health officials are investigating the cause, suspected to be water contamination, and are implementing preventive measures including well water testing and public health awareness campaigns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com